കൊച്ചിയിലെ ആർ.എസ്.എസ്. സംസ്ഥാനകാര്യാലയത്തിലേക്ക് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനെ വിളിച്ചുവരുത്തി... ബി.ജെ.പി.യുടെ വളർച്ചയ്ക്ക് തടസ്സമാകുന്ന തരത്തിൽ ആരുടെ ഭാഗത്തുനിന്നും നീക്കമുണ്ടാകരുതെന്ന് മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരൻ

സംസ്ഥാന ബിജെപിയില്‍ ഭിന്നത പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പിന്നാലെ പി.എം.വേലായുധനും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടിയ്ക്കുള്ളിൽ ഉണ്ടായ പുകിലൊന്നും ചെറുതല്ലായിരുന്നു. എന്നാലിപ്പോഴിതാ ബി.ജെ.പി.യിലെ ആഭ്യന്തരപ്രശ്നങ്ങൾ ഉടനെ പരിഹരിക്കാൻ പാർട്ടിനേതൃത്വത്തോട് ആർ.എസ്.എസ്. ആവശ്യപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൊച്ചിയിലെ ആർ.എസ്.എസ്. സംസ്ഥാനകാര്യാലയത്തിലേക്ക് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനെ വിളിച്ചുവരുത്തിയാണ് നിർദേശം നൽകിയത്. തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ ഉണ്ടായിരിക്കുന്ന പൊട്ടിത്തെറി അവസാനിപ്പിക്കാൻ വേഗം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വിഷയം ഇത്രയുംവലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും സംഘം അറിയിച്ചു.
ബി.ജെ.പി.യുടെ വളർച്ചയ്ക്ക് തടസ്സമാകുന്ന തരത്തിൽ ആരുടെ ഭാഗത്തുനിന്നും നീക്കമുണ്ടാകരുതെന്ന് മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. പരാതികൾക്ക് പരിഹാരമുണ്ടാകണമെന്നും കഴിവിനൊത്ത സ്ഥാനത്തു പ്രവർത്തിക്കാൻ അവസരമുണ്ടാകണമെന്നും മുതിർന്നനേതാവ് കെ. രാമൻപിള്ളയും പറഞ്ഞു. ഇതിനിടെ ശോഭാസുരേന്ദ്രൻ സി.പി.എമ്മിലേക്കും കോൺഗ്രസിലേക്കും പോകുന്നതായി സാമൂഹികമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. ഇത് നിഷേധിക്കാതെ ശോഭ മൗനം പാലിച്ചത് ആർ.എസ്.എസ്. നേതൃത്വം ശ്രദ്ധിച്ചിരുന്നു.
ശോഭയ്ക്ക് പിന്തുണയുമായി കൂടുതൽ ആളുകൾ വരുന്നതും ജില്ലാടിസ്ഥാനത്തിൽ അസംതൃപ്തർ ഒന്നിക്കുന്നതും സംഘം ഗൗരവത്തോടെയാണ് കണ്ടത്. അതുവരെ വിഷയത്തിൽ ഇടപെടാനില്ലെന്നുപറഞ്ഞ് മാറിനിന്ന സംഘം അതോടെ ഇടപെടുകയായിരുന്നു. ശോഭാ സുരേന്ദ്രനേയും പി.എം. വേലായുധനെയും കെ.പി. ശ്രീശനെയും നേരിൽക്കണ്ട് അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ സംഘം മുതിർന്നനേതാക്കളെ ചുമതലപ്പെടത്തിയിട്ടുണ്ട്. പുനഃസംഘടനയെക്കുറിച്ചാണ് വ്യാപകമായ പരാതി വന്നിരിക്കുന്നത്.
വ്യാജരസീത് അടിച്ചതിന് യുവമോർച്ചയിൽനിന്ന് മാറ്റിനിർത്തിയ ആളെയും മെഡിക്കൽക്കോഴ വിവാദത്തെത്തുടർന്ന് പാർട്ടി നടപടിയെടുത്ത ആളെയുമെല്ലാം നേതൃസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിച്ചു. മഹിളാമോർച്ച ഭാരവാഹിയായി പ്രസ്ഥാനവുമായി ബന്ധമില്ലാതിരുന്ന സ്മിതാ മേനോനെ കൊണ്ടുവന്നപ്പോൾ മഹിളാമോർച്ച നേതാവായിരുന്ന ആർ.എസ്.എസ്. നേതാവിന്റെ സഹോദരിയെപ്പോലും മാറ്റിനിർത്തി. മോർച്ചകൾക്കുള്ളിൽ ഉള്ള അതൃപ്തിയും ഇപ്പോൾ ശക്തിപ്രാപിക്കുകയാണ്. എന്നാൽ, മുതിർന്നനേതാക്കളുമായി ആലോചിച്ചാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്നും ഭാരവാഹികളുടെ എണ്ണം മറ്റുപാർട്ടികളിലേതുപോലെ കൂട്ടാനാവില്ലെന്നും കെ. സുരേന്ദ്രനെ അനുകൂലിക്കുന്നവർ വ്യക്തമാക്കി. ഭാരവാഹിപ്പട്ടികയിൽ മാറ്റംവരുത്തണമെങ്കിൽ ദേശീയഘടകത്തിന്റെ അനുമതിയോടെയേ പറ്റൂ.
https://www.facebook.com/Malayalivartha