കണ്ണ്തള്ളി സഖാക്കള്‍... പ്രതിപക്ഷം ആരോപിച്ചതുപോലെ രവീന്ദ്രന് ഐസിയുവില്‍ കിടക്കേണ്ട പ്രശ്‌നമില്ലെന്ന് ഇന്നലത്തോടെ ബോധ്യമായി; വടകരയില്‍ റെയ്ഡ് നടത്തി ഇഡി അന്വേഷണം മെഡിക്കല്‍ കോളേജിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിച്ചതോടെ കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയിലേക്കായി; ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറരുതെന്ന് നിര്‍ദേശം നല്‍കി സിപിഎം

പാവപ്പെട്ട രോഗികള്‍ക്ക് ഐസിയു കിട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ളപ്പോഴാണ് ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനായി ഒരാളെ ഐസിയുവില്‍ പാര്‍പ്പിക്കുന്ന ഏര്‍പ്പാട്. എല്ലാവരും മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതിയത്. എന്നാല്‍ ഇഡി റെയ്ഡ് കടുപ്പിച്ചതോടെയും പാര്‍ട്ടി പറഞ്ഞതോടെയും പെട്ടന്ന് രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയു വിട്ടതില്‍ ആ സംശയം ഇരട്ടിക്കുന്നു. മുമ്പ് ശിവശങ്കറും അന്വേഷണത്തില്‍ നിന്നും രക്ഷനേടാന്‍ ഇതേ പാതയാണ് പിന്തുടര്‍ന്നത്.
രവീന്ദ്രന്റെ ആരോഗ്യനിലയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെടാന്‍ ഇ.ഡി നീക്കം തുടങ്ങിയിരുന്നതാണ്. ഗുരുതരരോഗമില്ലാതെ ഐ.സി.യുവിലാക്കി അന്വേഷണം തടഞ്ഞാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, അന്വേഷണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാവും. സിവില്‍ കോടതിയുടെ അധികാരമുള്ള ഇ.ഡിയുടെ നോട്ടീസ് സമന്‍സാണ്. തടയാന്‍ കൂട്ടുനിന്നാല്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാവും. ഇത് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് വളരെ ദോഷം ചെയ്യും. ഇതോടെ സി.എം. രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഫിസിയോതെറപ്പിയും വിശ്രമവും ആവശ്യമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേററ്റിന്റെ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറരുതെന്ന് രവീന്ദ്രനോട് സിപിഎം നിര്‍ദേശിച്ചു. വ്യക്തമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ ചോദ്യംചെയ്യലിനു ഹാജരാകാതിരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും. പാര്‍ട്ടി നിര്‍ദേശത്തിനു പിന്നാലെയാണ് രവീന്ദ്രന്‍ ആശുപത്രിവിട്ടതെന്നാണ് സൂചന. എത്ര വൈകിയാലും രവീന്ദ്രനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുമെന്ന് സിപിഎം വിലയിരുത്തി.
സി.എം. രവീന്ദ്രന് ബെനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്നുവ്യാപാര സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടിസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡാനന്തര പരിശോധനകള്‍ക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
വടകരയിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ പരിശോധന നടത്തിയത്. സി.എം. രവീന്ദ്രന് ബെനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വടകരയിലെ ബന്ധുവിനെ ബിനാമിയാക്കി നിരവധി സ്വത്തുക്കള്‍, മറ്റുചിലരെ ബിനാമിയാക്കി ഭൂമിയിടപാടുകള്‍ വടകരയിലെ സ്വര്‍ണക്കടയിലും ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലും ഷോപ്പിംഗ് മാളുകളിലും പങ്കാളിത്തം എന്നിവയാണ് ഇഡി സംശയിക്കുന്നത്. മൊബൈല്‍ഫോണ്‍ വിപണന ഏജന്‍സിയിലും ബിനാമിയിടപാട് സംശയിക്കുന്നുണ്ട്. ഉറ്റബന്ധുവിന്റെ പേരില്‍ ഷോപ്പിംഗ്‌കോംപ്ലക്‌സ്, വടകരയില്‍ വസ്ത്രശാല, ഹോട്ടല്‍, തലശേരിയില്‍ ബഹുനിലകെട്ടിടം അങ്ങനെ നീളുന്നു. ഇവിടേയ്ക്ക് ഇഡി റെയ്ഡ് വ്യാപിപ്പിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെയും സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മറ്റു രണ്ടു പേരുടെയും മൊഴികളില്‍നിന്നു രവീന്ദ്രന്റെ ചില ഇടപാടുകളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഇഡി നോട്ടിസ് നല്‍കിയത്. എന്നാല്‍ രണ്ട് പ്രാവശ്യവും ഐസിയുവില്‍ അഭയം പ്രാപിച്ചു. ഇതോടൊപ്പം പ്രതീപക്ഷവും ആരോപണം ശക്തമാക്കി. ഇതിന് പിന്നാലെ റെയ്ഡും പാര്‍ട്ടി നിര്‍ദേശവും കൂടി വന്നതോടെ രവീന്ദ്രനെ ഐസിയുവില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. രവീന്ദ്രനെ എവിടെ വേണോ ഹാജരാക്കും. ഇനി രവീന്ദ്രന്‍ സ്വമേധയാ ഹാജരായില്ലെങ്കില്‍ പൊക്കിയെടുത്ത് ഹാജരാക്കും, പോരെ!
"
https://www.facebook.com/Malayalivartha