രഹസ്യം പരസ്യമാകുന്നു... കേരളത്തിലെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ പഴയ വി.എസ്. അച്യുതാനന്ദന്‍ ആരോഗ്യത്തോടെ ഇപ്പോള്‍ കളത്തിലുണ്ടെങ്കിലെന്ന് അണികള്‍ ആശിച്ച് പോകുന്നു; വിമര്‍ശകര്‍ ആരും ഇല്ലാതിരുന്ന പിണറായി വിജയന് പാര്‍ട്ടിയില്‍ എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി; രഹസ്യമായ എതിര്‍പ്പുകള്‍ നേതാക്കള്‍ തന്നെ പുറത്താക്കുന്നു

മലയാളികള്‍ രാഷ്ട്രീയത്തിന് അതീതമായി സ്‌നേഹിക്കുന്ന നേതാവാണ് വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിന് അനാരോഗ്യം കാരണം ഒരു പ്രസ്താവന പോലും ഇറക്കാനാകുന്നില്ല. അല്ലെങ്കില്‍ ഇപ്പോള്‍ കാണാമായിരുന്നു. എതിരാളികള്‍ ആരും ഇല്ലാത്തതിനാല്‍ തന്റെ തീരുമാനം നടപ്പിലാക്കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി പാര്‍ട്ടിയില്‍ നിന്നും എതിര്‍ സ്വരങ്ങള്‍ വന്നു തുടങ്ങി. സീതാറാം യെച്ചൂരിക്കും എംഎ ബേബിക്കും പുറമേ പുതിയ പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവനും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.
പണ്ട് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അവസ്ഥ നമ്മള്‍ കണ്ടതാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയുടെ നേതൃത്വത്തില്‍ വിഎസിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് നേരെ ഭരിക്കാന്‍ സമ്മതിച്ചില്ല. മാത്രമല്ല പിന്നീട് സീറ്റ് പോലും നല്‍കാന്‍ മടിച്ചു. അന്ന് ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. പക്ഷെ അതിന് ശ്രമിക്കാത്തത് വിഎസ് വരാതിരിക്കാനാണ്. മാത്രമല്ല സോളാര്‍ വിഷയത്തില്‍ ഒരു ലക്ഷം പേരെ അണി നിരത്തി സര്‍ക്കാരിനെ മറിച്ചിടാത്തതും വിഎസിനെ പേടിച്ചാണ്. ആ വിഎസിന്റെ കണ്ണീരാണ് ഇപ്പോള്‍ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത്.
പോലീസ് ഭേദഗതി ബില്ലാണ് പിണറായി വിജയനെതിരെയുള്ള ആദ്യ എതിര്‍സ്വരം ഉയര്‍ന്നത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇതിനെതിരെ രംഗത്തെത്തി. പിന്നീട് എം.എ. ബേബിയും ആ തീരുമാനം തെറ്റാണെന്നാണ് പരസ്യമായി പറഞ്ഞത്. അതിന് പിന്നാലെ പുതി പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവനും അത് തുറന്ന് പറയുന്നത്.
പോലീസ് നിയമഭേദഗതി തയാറാക്കുന്നതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് സിപിഎം. ഇക്കാര്യത്തില്‍ നോട്ടപ്പിശകു സംഭവിച്ചു എന്നു മുഖ്യമന്ത്രി വിശദീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് വീഴ്ച പരസ്യമായി സമ്മതിച്ചത്. എന്നാല്‍ ആരുടെ ജാഗ്രതക്കുറവാണ് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാതെ വിജയരാഘവന്‍ ഒഴിഞ്ഞുമാറി.
കേന്ദ്ര നേതൃത്വം ഇടപെട്ട് അല്ലേ തിരുത്തിയത് എന്ന ചോദ്യത്തിന് പാര്‍ട്ടി എന്നു പറഞ്ഞാല്‍ കേന്ദ്ര നേതൃത്വം കൂടി ഉള്‍ക്കൊള്ളുന്നതാണ്. പാര്‍ട്ടി ഒരു വ്യക്തി അല്ലല്ലോ എന്നാണ് വിജയ രാഘവന്‍ പറഞ്ഞത്.
ഉപദേശകരുടെ ഭാഗത്തു വീഴ്ച ഉണ്ടായോ എന്ന ചോദ്യത്തിന് ജാഗ്രതക്കുറവാണ് എന്നാണ് മറുപടി പറഞ്ഞത്. അല്ലെങ്കില്‍ തിരുത്തേണ്ട കാര്യമില്ലല്ലോ. ഏതെങ്കിലും വ്യക്തിയുടെയോ ഉപദേശകന്റെയോ വീഴ്ച എന്നു പറഞ്ഞിട്ടില്ല. ശരിയായ ഉദ്ദേശ്യത്തോടെ ഒരു കാര്യം ചെയ്യുമ്പോള്‍ അത് ആ അളവില്‍ എത്തുന്നില്ല എങ്കില്‍ തിരുത്തലുകള്‍ വേണ്ടി വരും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമഭേദഗതി തിരക്കിട്ടു പിന്‍വലിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചു മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ഭേദഗതിയെ ന്യായീകരിച്ച നിയമമന്ത്രി എ.കെ.ബാലന്റെ പ്രതികരണത്തോടു വിയോജിപ്പും യോഗത്തിലുണ്ടായി.
ഇങ്ങനെയൊരു വീഴ്ച പാര്‍ട്ടി സെക്രട്ടറി തുറന്ന് പറയുന്നത് അപൂര്‍വമാണ്. കോടിയേരി ബാലകൃഷ്ണനായിരുന്നെങ്കില്‍ ഇതിനെ ന്യായീകരിച്ചേനെ. എന്നാല്‍ സിപിഎമ്മില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. ഒരാളും എതിര്‍ക്കാനില്ലാതിരുന്ന പിണറായി വിജയനുമേല്‍ എതിര്‍സ്വരങ്ങള്‍ വരുന്നതില്‍ ഒരു കൂട്ടര്‍ അസ്വസ്ഥരുമാണ്. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഈ യോഗം തീരുമാനിച്ചതും ഇതും കൂടി കൂട്ടി വായിക്കേണ്ടതാണ്. എന്തായാലും ഇനി എന്തുണ്ടാകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha