മംഗളാദേവി ക്ഷേത്രപരിസരത്തുനിന്ന് ഏകദേശം 60 ദിവസം പ്രായമായ കടുവക്കുഞ്ഞിനെ കണ്ടെത്തി

ഏകദേശം 60 ദിവസം പ്രായമായ കടുവക്കുട്ടിയെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ അതിര്‍ത്തി മേഖലയായ മംഗളാദേവി ക്ഷേത്രപരിസരത്തുനിന്ന് കണ്ടെത്തി. തള്ളയുടെ സാന്നിധ്യം ഇല്ലാത്തതിനാല്‍ കടുവക്കുഞ്ഞ് അവശനിലയിലാണ്. തള്ളക്കടുവയെ കണ്ടെത്താന്‍ തെരച്ചിലാരംഭിച്ചു.
അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ശ്യാംചന്ദ്രന്റ നിര്‍ദേശപ്രകാരമുള്ള പ്രത്യേക പരിചരണത്തിലാണ് കടുവക്കുട്ടി.
കടുവക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് തള്ളയെ കണ്ടത്താനും കുട്ടിയെ ഒപ്പംവിടാനുമാണിപ്പോള്‍ നടപടി ആരംഭിച്ചിട്ടുള്ളത്. ഇപ്പോള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം പാലിച്ച് കടുവാക്കുട്ടിയെ പരിപാലിക്കുകയാണ്.
വനംവകുപ്പിലെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നാണ് മംഗളാദേവി വനമേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ തള്ളയെ കണ്ടത്താന്‍ തെരച്ചില്‍ നടത്തുന്നത്. ഇതിനു പുറമെ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് സംയുക്തമായ തെരച്ചിലുകളും ക്യാമറ ട്രാപ്പ് പോലുള്ള നൂതന സാങ്കേതിക വിദ്യകളും ഗവേഷകരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.
ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രസീജിയര്‍ പ്രകാരമുള്ള തുടര്‍നടപടികളാണ് കൈക്കൊണ്ടുവരുന്നതെന്ന് പി.ടി.ആര്‍. അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha