കണ്ടെയ്‌നര്‍ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞുകയറി പത്ര സബ് ഏജന്റ് മരിച്ചതിന്റെ നടുക്കുന്ന ഓര്‍മകളില്‍ ശിവകുമാര്‍

കരുനാഗപ്പള്ളി ടൗണില്‍ വെള്ളിയാഴ്ച രാവിലെ 5 മണിയോടെ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി കടത്തിണ്ണയിലേക്കു പാഞ്ഞുകയറി ഉണ്ടായ അപകടം കരുനാഗപ്പള്ളിയെ ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി. പത്ര ഏജന്റന്മാരും വിതരണക്കാരും സബ് ഏജന്റന്മാരും ഒറ്റ പ്രതി പത്രം വാങ്ങാനെത്തുന്നവരും എല്ലാം തങ്ങുകയും വഴിയാത്രക്കാര്‍ കടന്നു പോകുകയും ചെയ്യുന്ന സ്ഥലത്തുണ്ടായ അപകടത്തില്‍ ആരൊക്കെ പെട്ടു എന്നറിയാതെ ഏറെ നേരം പരിഭ്രാന്തി പരന്നു. അപകടം നടന്ന ഉടന്‍ പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി.
അപകടത്തില്‍ പത്ര സബ് ഏജന്റ് തൊടിയൂര്‍ വേങ്ങറ കുന്നുംപുറത്ത് വീട്ടില്‍ യൂസുഫ് (62) ആണ് മരിച്ചത്. കണ്ടെയ്‌നറിന്റെ ക്യാബിനും കടയുടെ ഷട്ടറിനും ഇടയില്‍ കുടുങ്ങിയ യുസൂഫിനെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു മണിക്കൂറിനു ശേഷം എത്തിയ രണ്ട് വലിയ ക്രെയിന്‍ ഉപയോഗിച്ച് ഏറെ പരിശ്രമിച്ച ശേഷമാണ് കണ്ടെയ്‌നര്‍ നീക്കി യുസൂഫിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു.
തലയ്ക്കു പരുക്കേറ്റ, വഴിയാത്രക്കാരനായ തിരുവനന്തപുരം കാട്ടാക്കട ജിസ്മി മന്‍സിലില്‍ ബാദുഷ (57) താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നാലു മണിക്കൂറോളം ടൗണില്‍ ഗതാഗത തടസ്സം ഉണ്ടായി. എ.എം.ആരിഫ് എംപി, ആര്‍.രാമചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ സംഭവ സ്ഥലത്ത് എത്തി.
'സ്വന്തം ജീവിതം തിരികെ കിട്ടിയതിന്റെ ആശ്വാസമുണ്ടെങ്കിലും കണ്‍മുന്നില്‍ മറ്റൊരു ജീവന്‍ പൊലിഞ്ഞു പോകുന്നതു കാണേണ്ടി വന്നതിന്റെ നടുക്കവും വേദനയും ഇനിയും മാറിയിട്ടില്ലന്ന് അപകടത്തിന്റെ ദൃക്‌സാക്ഷിയും യൂസുഫിനു പത്രം നല്‍കിയയാളുമായ മലയാള മനോരമ കരുനാഗപ്പള്ളി ഏജന്റ് എന്‍.ശിവകുമാര്‍ പറഞ്ഞു.
പത്രക്കെട്ടുകള്‍ തരംതിരിക്കാനും പത്രങ്ങള്‍ സബ് എജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും നല്‍കാനുമായി ദിവസവും പുലര്‍ച്ചെ 2 മണിയോടെയാണു താന്‍ ഇവിടെ എത്തുന്നതെന്നും ഇന്നലെ പുലര്‍ച്ചെ 5 മണി വരെയായി ഒട്ടേറെ ഏജന്റുമാരും പത്രവിതരണക്കാരും സബ് ഏജന്റുമാരും എത്തി പത്രക്കെട്ടുകളുമായി പോയിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു. 5 മണിയോടെയാണ് യൂസുഫ് സൈക്കിളില്‍ എത്തിയത്. യൂസുഫിന്റെ കയ്യിലേക്ക് പത്രം എണ്ണിക്കൊടുത്തു കഴിയുമ്പോഴാണു വലിയ ശബ്ദം കേട്ടതും വാഹനം പാഞ്ഞു വരുന്നതു കണ്ടതും. ഓടിക്കോ എന്ന് അലറിവിളിച്ച് താന്‍ ഓടി.
കടയുടെ തട്ടില്‍ പത്രം അടുക്കിക്കൊണ്ടിരുന്ന യൂസുഫിന് ഓടാനും കഴിഞ്ഞില്ല. അതിനുള്ളില്‍ എല്ലാം കഴിഞ്ഞു. ഓടിയെത്തി യൂസുഫിനെ അന്വേഷിച്ചപ്പോഴാണ് കണ്ടെയ്‌നറിന്റെ അടിയില്‍ കുരുങ്ങിക്കിടക്കുകയാണെന്നു മനസ്സിലായത്. രക്ഷിക്കാന്‍ എല്ലാവരും ഏറെ ശ്രമിച്ചതാണ്. പക്ഷേ, യൂസുഫ് പോയി. അപകടസമയത്ത് ആളുകള്‍ കുറവായിരുന്നു. യൂസുഫ് എന്നും തീരാനോവായിരിക്കും.'
https://www.facebook.com/Malayalivartha