കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ടെലി ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ടെലി ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടവും മെഡിക്കല്‍ കോളജും നാഷനല്‍ ഹെല്‍ത്ത് മിഷനും ആസ്റ്റര്‍ മിംസും ചേര്‍ന്നാണു ടെലി ഐസിയു ഒരുക്കിയത്.
ഇന്നലെ ടെലി ഐസിയു സന്ദര്‍ശിച്ച കലക്ടര്‍ സാംബശിവ റാവു അത്യാവശ്യം വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ചു ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ശ്രീജയന്‍, എന്‍ആര്‍എച്ച്എം ഡിപിഎം ഡോ.എ.നവീന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ടെലി ഐസിയു പ്രവര്‍ത്തനം സംബന്ധിച്ചുള്ള പരിശീലനം ആരംഭിച്ചു. തിരഞ്ഞെടുപ്പു ചട്ടം നിലവിലുള്ളതിനാല്‍ ടെലി ഐസിയുവിന്റെ ഔപചാരിക ഉദ്ഘാടനം ഇപ്പോള്‍ നടത്തില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുകള്‍, മാനന്തവാടി ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലെ ഐസിയുകള്‍, എന്നിവയെ കമാന്‍ഡ് റൂമുമായി ബന്ധിപ്പിച്ചാണു ടെലി ഐസിയു പ്രവര്‍ത്തനം. ഇതു വഴി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഈ ജില്ലകളിലും ലഭ്യമാകും. ടെലി റൗണ്ട്‌സ് വഴി രോഗികളുടെ സ്ഥിതി വിലയിരുത്താം.
https://www.facebook.com/Malayalivartha