മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു; മതിലിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിനു പുറമെ മുകളില്‍ മുള്ളുവേലി കൂടി സ്ഥാപിക്കണമെന്ന് പൊലീസ്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. പുറത്തു നിന്നുള്ളവര്‍ക്ക് ക്ലിഫ്ഹൗസ് കാണാന്‍ കഴിയാത്തവിധം ചുറ്റുമതിലിന്റെ ഉയരം വര്‍ധിപ്പിക്കണമെന്നാണ് പൊലീസിന്റെ ശുപാര്‍ശ. മതിലിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിനു പുറമെ മുകളില്‍ മുള്ളുവേലി കൂടി സ്ഥാപിക്കാന്‍ പൊലീസ് പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ്ഹൗസ് ഗേറ്റിനു സമീപത്തെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നീക്കം. ക്ലിഫ് ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ജംക്ഷനില്‍നിന്നു ക്ലിഫ് ഹൗസ് റോഡിലേക്ക് യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമേ കടത്തിവിടുകയുള്ളൂ. നിലവില്‍ പുറത്തു നിന്ന് നോക്കുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ ക്ലിഫ് ഹൗസ് കാണാന്‍ കഴിയും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ നീക്കം. ക്ലിഫ്ഹൗസിനകത്തേക്ക് ഇറങ്ങാന്‍ സാധിക്കുന്ന തരത്തില്‍ പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റും. ഈ ശിഖരങ്ങളിലൂടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എളുപ്പത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha