ശബരിമല തീര്‍ഥാടകരുടെ എണ്ണം നാളെ മുതല്‍ വര്‍ധിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

നാളെ മുതല്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമാകും അവസരമെന്നും അദ്ദേഹം പറഞ്ഞു. എണ്ണം കൂട്ടണമെന്നു മാത്രമേ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളൂ. എത്രത്തോളമെന്നു സര്‍ക്കാരാകും പ്രഖ്യാപിക്കുക.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന എല്ലാവരും എത്തുന്നില്ല. 12 ദിവസത്തെ കണക്ക് അനുസരിച്ച് 13529 പേരാണ് ദര്‍ശനം നടത്തിയത്. നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ 1000 പേരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേരെയുമാണ് അനുവദിച്ചിട്ടുള്ളത്.
കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചുള്ള ദര്‍ശനമാണ് നടക്കുന്നത്. സന്നിധാനത്ത് തിരക്കില്ലാത്തതിനാല്‍ ഭക്തര്‍ക്ക് സുഖ ദര്‍ശനവും വഴിപാട് സമര്‍പ്പണത്തിനുള്ള സൗകര്യവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 37 പോസിറ്റീവ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദേവസ്വം ജീവനക്കാര്‍, പൊലീസ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 1200 പേര്‍ സന്നിധാനത്തില്‍ മാത്രം ഡ്യൂട്ടിക്കുണ്ട്. ഇവരില്‍ 9 പേരാണ് സന്നിധാനത്ത് പോസിറ്റീവായത്. ദര്‍ശനം നടത്തിയ തീര്‍ഥാടകരില്‍ ആര്‍ക്കും തന്നെ കോവിഡ് പിടിപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സന്നിധാനത്ത് ഡ്യൂട്ടി മജിസ്‌ട്രേട്ട്, പൊലീസ് കണ്‍ട്രോള്‍ റൂം എസ്‌ഐ എന്നിവര്‍ ഉള്‍പ്പെടെ 4 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. പമ്പ പൊലീസ് മെസിലെ 2 പൊലീസുകാരും പോസിറ്റീവ് ആയി.
https://www.facebook.com/Malayalivartha