കളി മാറിത്തുടങ്ങി... രവീന്ദ്രനോട് എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പാര്‍ട്ടി പറഞ്ഞെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യല്‍ അടുത്ത വെള്ളിയാഴ്ച മാത്രം; വലിച്ചിഴച്ച് വലിച്ചിഴച്ച് ഇഡിയെ പ്രകോപിപ്പിച്ച രവീന്ദ്രനെ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത് പൊക്കാനുറച്ച് ഇഡി

മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി പല പ്രാവശ്യം ചോദ്യം ചെയ്യാനായി വിളിച്ചതാണ്. എന്നാല്‍ നോട്ടിസ് കിട്ടി തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ തങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. അവസാനം ഇഡി രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളെന്ന് സംശയിക്കുന്ന സ്ഥലങ്ങള്‍ റെയ്ഡ് ചെയ്തു. ഇതോടെ പാര്‍ട്ടി നേരിട്ടിടപെട്ട് രവീന്ദ്രന്‍ എത്രയും വേഗം ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് പറഞ്ഞു. ഇതിന് പിന്നാലെ രവീന്ദ്രന്‍ ആശുപത്രി വിട്ടു. ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് കരുതിയെങ്കിലും അടുത്ത വെള്ളിയാഴ്ചയ്ക്ക് മാറ്റി. വെള്ളിയാണ് നല്ലത്. അറസ്റ്റോ മറ്റോ ഉണ്ടായാല്‍ രണ്ട് ദിവസം കോടതിയില്ല. കൂടുതല്‍ ചോദ്യം ചെയ്യാന്‍ സമയം ലഭിക്കും. മാത്രമല്ല തെരഞ്ഞെടുപ്പിന് പിന്നെ രണ്ടുമൂന്ന് ദിവസമേയുള്ളു. ചോദ്യം ചെയ്യലിന് ഹാജരാകാതെ വലിച്ചിഴച്ച് വലിച്ചിഴച്ച് ഇഡിയെ പ്രകോപിപ്പിച്ച രവീന്ദ്രനെ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത് ദിവസം പൊക്കുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
രവീന്ദ്രനെ ചോദ്യം ചെയ്യലിനായി നാലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യമറിയിച്ച് തിങ്കളാഴ്ച രവീന്ദ്രന് നോട്ടീസ് കൈമാറും. സ്വര്‍ണക്കടത്ത്, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ ബിനാമി കള്ളപ്പണ ഇടപാടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് ചോദ്യംചെയ്യല്‍. നവംബര്‍ ആറിനു ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയതിനുപിന്നാലെ കൊവിഡ് ബാധിതനായി രവീന്ദ്രനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷം ശ്വാസതടസമടക്കമുള്ള അസ്വസ്ഥതകളുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച വീണ്ടും ആശുപത്രിയിലാക്കി. രവീന്ദ്രന്റെ ബിനാമി സ്വത്തുക്കളെന്ന് സംശയിക്കുന്ന വടകരയിലെ വ്യാപാരസ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതോടെ ഡിസ്ചാര്‍ജ് നേടി പുറത്തിറങ്ങി. ഇതിനു പിന്നാലെയാണ് ചോദ്യംചെയ്യാനുള്ള ഇ.ഡിയുടെ നീക്കം.
കഴിഞ്ഞ ദിവസമാണ് സിഎം രവീന്ദ്രന്‍ ആശുപത്രി വിട്ടിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രവീന്ദ്രന് സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്.അന്വേഷണത്തോട് സഹകരിക്കണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി.
ഈ മാസം ആദ്യം ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ എത്തേണ്ടതിന്റെ തലേ ദിവസം കോവിഡ് ബാധിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തി നേടി വീട്ട് നിരീക്ഷണവും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഇഡി രണ്ടാമതും അദ്ദേഹത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവീന്ദ്രന് കോവിഡാനന്തര പ്രശ്‌നങ്ങള്‍മൂലമുള്ള ചികിത്സ നല്‍കുന്നു എന്നാണ് പുറത്ത് വന്ന വിശദീകരണം.
രവീന്ദ്രനില്‍ നിന്ന് ഉന്നതരുടെ വഴിവിട്ട ഇടപെടലുകള്‍ക്ക് തെളിവ് കിട്ടുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ. നയതന്ത്ര ബാഗിന്റെ മറവില്‍ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം. ശിവശങ്കറിനു മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയതാണ് രവീന്ദ്രന് കുരുക്കായത്. എന്തായാലും ഇഡിയുടെ അടുത്ത നീക്കം എന്താണെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha