സ്വപ്‌നക്ക് പിന്നാലെ സരിത; നിയമന തട്ടിപ്പിനു പിന്നിലും സര്‍ക്കാരിലെ ഉന്നതര്‍; ഇടതുമുന്നണിക്ക് വെല്ലുവിളി; വോട്ടെടുപ്പ് കഴിയുന്നതുവരെ മൊഴി എടുക്കുന്നതു വൈകിപ്പിച്ചു; 2018 ഡിസംബറിലാണു തട്ടിപ്പ് ആരംഭിച്ചത്

സ്വപ്‌നക്ക് പിന്നാലെ സരിതയും ഇടതു സര്‍ക്കാരിന് തലവേദയാകുന്നു. സോളാര്‍ കേസ് നായിക എല്‍.ഡി.എഫിന് ചെയ്തു നല്‍കിയ ഉപഹാരങ്ങള്‍ ചെറുതല്ല. അതുകൊണ്ടു തന്നെ ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കോഴ വാങ്ങി വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയ സരിതയെ സംരക്ഷിക്കാന്‍ പാടുപെടുകയാണു ഭരണകക്ഷിയിലെ ഉന്നതര്‍. സരിത നടത്തിയ തട്ടിപ്പുകള്‍ പുറത്തുവന്നാല്‍ സര്‍ക്കാരിലെ പല പ്രമുഖരും വെട്ടിലാകും.
ബവ്‌കോയിലും കെടിഡിസിയിലും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണു പരാതിക്കാരുടെ മൊഴികളില്‍നിന്നു വ്യക്തമാകുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ സ്ഥാപനങ്ങള്‍ ഭരിക്കുന്നവര്‍ക്കു പങ്കാളിത്തം ഉണ്ടോയെന്നു കണ്ടെത്താനാകൂ. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ നടത്തിയതിനു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു സരിതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതിനാല്‍ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വരും. ചോദ്യം ചെയ്യലില്‍ ജോലി തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സരിത വെളിപ്പെടുത്തിയാല്‍ സര്‍ക്കാരിലെ പലരും കുടുങ്ങുമെന്നാണു വിലയിരുത്തല്‍.
തട്ടിപ്പിനു വിധേയരായ 20 ലേറെപ്പേരില്‍ ഭൂരിഭാഗവും ഡിവൈഎഫ്‌ഐക്കാരുമാണ്. പ്രതികളെ സംരക്ഷിക്കുന്നതിനു പാര്‍ട്ടിക്കുള്ളിലും നേതാക്കള്‍ക്കു മറുപടി പറയേണ്ടിവരും. സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട കമ്മിഷനില്‍ മുന്‍ കെഎസ്യു നേതാവിനെ അംഗമായി അവരോധിച്ചതു സരിതയുടെ ശുപാര്‍ശ പ്രകാരമാണെന്ന വിവാദം സിപിഎമ്മില്‍ നേരത്തേ ഉണ്ട്. സിപിഎമ്മിലെ മുതര്‍ന്ന മന്ത്രിയുടെ വകുപ്പിനു കീഴിലുള്ളതാണു കമ്മിഷന്‍. സ്വര്‍ണക്കടത്തു കേസും അനുബന്ധ വിവാദങ്ങളും സിപിഎമ്മിന്റെ മാത്രം ബാധ്യതയാണെങ്കില്‍ സരിത കേസ് സിപിഐയെയും പിടികൂടിയിരിക്കുകയാണിപ്പോള്‍. സിപിഐ നേതാവ് ടി.രതീഷാണു ജോലി തട്ടിപ്പുകേസിലെ ഒന്നാംപ്രതി. സരിത രണ്ടാം പ്രതിയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷാജു പാലിയോട് മൂന്നാം പ്രതിയുമാണ്. രതീഷും ഷാജുവും യുവാക്കളെ കണ്ടു ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയെങ്കില്‍ നിയമന ഉത്തരവുകള്‍ തയാറാക്കുന്നതിനും പണം തിരികെ ചോദിച്ചു.
ലക്ഷങ്ങള്‍ വാങ്ങി വ്യാജ നിയമന ഉത്തരവു നല്‍കിയതിനെക്കുറിച്ചു നവംബര്‍ 6നാണു നെയ്യാറ്റിന്‍കര പൊലീസിനു പരാതി ലഭിക്കുന്നത്. പാറശാല കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥിയായി രതീഷിനെ നിശ്ചയിച്ചു കഴിഞ്ഞതിനാല്‍ സിപിഐയ്ക്കും ഇടപെടേണ്ടിവന്നു. തുടര്‍ന്നു പരാതിക്കാരുടെ മൊഴി എടുക്കരുതെന്ന് ഐപിഎസ് ഉദ്യോഗസ്ഥനാണു നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കു നിര്‍ദേശം നല്‍കിയത്. അങ്ങനെ വോട്ടെടുപ്പ് കഴിയുന്നതുവരെ മൊഴി എടുക്കുന്നതു വൈകിപ്പിച്ചു.
2018 ഡിസംബറിലാണു തട്ടിപ്പ് ആരംഭിച്ചത്. രതീഷും ഷാജുവും പണം വാങ്ങിയെങ്കിലും ജോലി ലഭിക്കാത്തതിനാല്‍ യുവാക്കള്‍ പ്രശ്‌നമുണ്ടാക്കി. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയെന്ന മുഖവുരയോടെയാണു സരിത വിളിച്ചതെന്നു യുവാക്കള്‍ പറയുന്നു. ഉറപ്പായും ജോലി ലഭിക്കുമെന്നും അല്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നുമാണ് അവര്‍ ഉറപ്പുനല്‍കിയത്. മാത്രമല്ല, തിരുനല്‍വേലി മഹേന്ദ്രഗിരിയിലെ ബാങ്കിലുള്ള സരിതയുടെ അക്കൗണ്ടിലേക്കും യുവാക്കള്‍ പണം അയച്ചിട്ടുണ്ട്. പിന്നാലെ വ്യാജ ഉത്തരവുകള്‍ വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ തെളിവുകളും സരിതയുടെ ശബ്ദരേഖയും പോലീസിനു ലഭിച്ചു.
https://www.facebook.com/Malayalivartha