എൻ എസ് എസ് വീണ്ടും ശബരി മല ചർച്ചയാക്കിയത് യു ഡി എഫിന് വേണ്ടിയോ? ജി. സുകുമാരൻ നായർ ശബരിമലയെ മുൻ നിർത്തി മൂന്ന് മുന്നണികൾക്കെതിരെ നൽകിയ പ്രസ്താവന യു ഡി എഫിനെ സഹായിക്കാനെന്ന് സൂചന

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ശബരിമലയെ മുൻ നിർത്തി മൂന്ന് മുന്നണികൾക്കെതിരെ നൽകിയ പ്രസ്താവന യു ഡി എഫിനെ സഹായിക്കാനെന്ന് സൂചന.
കാരണം ശബരിമല വിഷയത്തിൽ പാർലമെന്റിലും നിയമസഭയിലും സ്വകാര്യ ബില്ലുകൾ കൊണ്ടു വന്നത് യു ഡി എഫ് മാത്രമാണ്. ഭരണം കൈയിലുള്ള ബി ജെ പിയും സി പി എമ്മും ശബരിമലയെ കുട്ടിച്ചോറാക്കാൻ ശ്രമിച്ചു എന്ന് ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് സുകുമാരൻ നായർ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
നിയമനിർമ്മാണത്തിനുള്ള അവകാശം ഭരിക്കുന്നവർക്കാണ്. എന്നാൽ പ്രതിപക്ഷത്തിന്റെ ശബരിമല ബില്ലിനെ കുറിച്ച് സി പി എമ്മിന് മറുപടി പറയേണ്ടി വന്നിരിക്കുന്നു.
ആചാര സംരക്ഷണത്തിന് വേണ്ടി തങ്ങൾ നിയമനിർമ്മാണം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചപ്പോൾ സി പി എം അത് പുച്ഛിച്ച് തള്ളി. എന്നാൽ അപ്പോൾ നിയമത്തിന്റെ കരടാണ് യു ഡി എഫ് അപ്പോൾ പുറത്തു വിട്ടത്.
ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്‍റെ കരട് പുറത്ത് വിട്ട് യുഡിഎഫ് രംഗത്തെത്തിയപ്പോൾ ഇടതുമുന്നണിയുടെ അടി തെറ്റി. . യുവതീപ്രവേശനം വിലക്കുന്ന കരടിൽ ആചാരലംഘനത്തിന് രണ്ട് വർഷം വരെ തടവ് ശിക്ഷയും നിർദ്ദേശിക്കുന്നു. അതേസമയം കരടിന് നിയമസാധുതയില്ലെന്നും യുഡിഎഫ് ലക്ഷ്യം ജനങ്ങളെ പറ്റിക്കലാണെന്നും സിപിഎം പ്രതികരിച്ചു.എന്നിട്ടും ഏശാതെ വന്നപ്പോൾ സുപ്രീം കോടതി വിധി വന്നാലും തങ്ങൾ ചർച്ച നടത്തുമെന്ന് സി പി എമ്മിന് പ്രഖ്യാപിക്കേണ്ടി വന്നു.
ശബരിമലയിൽ ഒരു മുഴം മുമ്പെ എറിഞ്ഞാണ് യുഡിഎഫിന്‍റെ നിർണ്ണായക നീക്കം. നിയമത്തിന്‍റെ കരട് പുറത്തുവിട്ട് വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമം ഒരു പരിധി വരെ വിജയിച്ചെന്നു പറയാം . യുവതീപ്രവേശനം നിയമമപരമായി വിലക്കുന്ന കരടിൽ തന്ത്രിക്ക് നൽകുന്നത് പരമാധികാരമാണ്. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിയുടേതാകും അന്തിമവാക്ക്. അയ്യപ്പഭക്തരെ പ്രത്യേക ഉപമതമാക്കിയും കരട് ബില്ലിൽ പ്രഖ്യാപിക്കുന്നു. കേസ് വിശാലബെഞ്ചിന്‍റെ പരിഗണനയിലിരിക്കെ നിയമപ്രശ്നത്തിനപ്പുറം ആചാരസംരക്ഷണത്തിനായി ഏതറ്റം വരെയെും പോകുമെന്ന രാഷ്ട്രീയനിലപാടെടുത്താണ് എൽഡിഎഫിനെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും യുഡിഎഫ് സമ്മർദ്ദത്തിലാക്കുന്നത്. ഇതിനെ വ്യാജ ബിൽ എന്നാണ് സിപിഎം വിശേഷിപ്പിച്ചത്.
ശബരിമലയിലെ യുവതീപ്രവേശനത്തിൽ കരട് ബില്ലുണ്ടാക്കി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ യുഡിഎഫ് ആളെപ്പറ്റിക്കുകയാണോ എന്ന് സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവൻ ചോദിക്കുന്നത്. ഏത് അധികാരം ഉപയോഗിച്ചാണ് യുഡിഎഫ് നിയമമുണ്ടാക്കുന്നത്? കോടതി വിധി അനുസരിച്ചല്ലേ സർക്കാരിന് പ്രവർത്തിക്കാനാകൂ. ആളെപ്പറ്റിക്കൽ പണ്ടും യുഡിഎഫ് പരിപാടിയാണ്. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് നേരത്തേ പറഞ്ഞതാണ് - വിജയരാഘവൻ പറയുന്നു.
സിപിഎമ്മിന് ഇക്കാര്യത്തിൽ യാതൊരു അവ്യക്തതയുമില്ലെന്നും വിജയരാഘവൻ പറയുന്നു. കോടതി തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കും. ഇതിൽ സംസ്ഥാനത്തിന് നിയമനിർമാണം സാധ്യമല്ല. ഇത് യുഡിഎഫിനുമറിയാം. എന്നിട്ടും കള്ളബില്ലുണ്ടാക്കി നാട്ടുകാരെ പറ്റിക്കുകയാണ്. ഭരണഘടനാപരമായ കാര്യങ്ങളിലെ അധികാരങ്ങളെക്കുറിച്ച് കോൺഗ്രസിന് അറിവില്ലേ? ഏത് ഭരണഘടന അനുസരിച്ചാണ് നിയമം ഉണ്ടാക്കുക? കോടതി എടുക്കേണ്ട തീരുമാനം എങ്ങനെ സർക്കാർ എടുക്കും? - വിജയരാഘവൻ ചോദിക്കുന്നു.
കോടതിവിധിയാണ് സർക്കാർ നയം. ഇത് മുഖ്യമന്ത്രി തന്നെ പറഞ്ഞതല്ലേ? തദ്ദേശതെരഞ്ഞെടുപ്പിൽ പയറ്റിത്തോറ്റ അടവുമെടുത്ത് വീണ്ടുമിറങ്ങുകയാണ് യുഡിഎഫ് എന്ന് മന്ത്രി തോമസ് ഐസകും പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈപൊള്ളിയ എൽഡിഎഫിന് ഇപ്പോൾ യുവതീപ്രവേശനത്തിൽ കടുംപിടുത്തമില്ല. വിശാലബെഞ്ചിന്‍റെ വിധിക്ക് ശേഷം ചർച്ചയാകാമെന്ന അയഞ്ഞ നിലപാടിലൂടെ യുഡിഎഫ് ഒരുക്കിയ കെണിയിൽ വീഴാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു സിപിഎം.
ശബരിമല വിഷയത്തിൽ എൻ . കെ. പ്രേമചന്ദ്രൻ ലോകസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലും ഇതിനൊപ്പം ചർച്ചയാവുന്നുണ്ട്. ഇതു രണ്ടും പൊതുജനങ്ങളുടെ മനസിലേക്ക് വീണ്ടും കൊണ്ടുവരാനാണ് ജി. സുകുമാരൻ നായർ ശ്രമിച്ചത്. സുകുമാരൻ നായരുടെ പ്രസ്താവന പുറത്തുവന്നയുടനെ രമേശ് ചെന്നിത്തല കരടുബില്ലുകൾ പുറത്തുവിട്ടു. അതു കൊണ്ടുതന്നെ സുകുമാരൻ നായരുടെ പ്രസ്താവന ഗുണം ചെയ്തത് യു ഡി എഫിന് തന്നെയാണ്.
"
https://www.facebook.com/Malayalivartha

























