കോവിഡ് മൂലം നട്ടെല്ലൊടിഞ്ഞു ശബരിമല തീർഥാടനം... നിയന്ത്രണം ഏർപ്പെടുത്തിയതിൽ കനത്ത നഷ്ടം നേരിട്ട് ദേവസ്വം ബോർഡ്...

ഇലക്ഷൻ അടുത്തിരിക്കുന്ന സമയത്ത് ഏറെ നീറിപുകയുന്ന ഒരു പ്രചരണ ആയുധമാണ് ശബരിമല വിഷയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശബരിമലയെ ചുറ്റിപറ്റി പല പരാമർശങ്ങളും മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ കൊവിഡ് മഹാമാരിയും കൂടാതെ ഏർപ്പെടുത്തിയ കർശന തീർത്ഥാടന നിയന്ത്രണവും കാര്യമായ പ്രഹരമാണ് ദേവസം ബോർഡിന് നൽകിയത്. ഇപ്പോൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ശബരിമലയെ സംരക്ഷിക്കാൻ എന്താണ് ചെയ്യേണ്ടെതെന്ന ആശയകുഴപ്പത്തിലാണ് ബോർഡും ജീവനക്കാരും.
ഇപ്പോൾ നിലവിലെ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ പ്രതികരണം നോക്കാം. ‘ശബരിമലയിലെ സാമ്പത്തിക പ്രശ്നമാണ് ഇപ്പോൾ തങ്ങളെ അലട്ടുന്നത്. ശബരിമലയുടെ വരുമാനം കൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നത്. കോവിഡ് ലോക്ഡൗണിലെ തീർഥാടനകാലത്ത് വരുമാനം വെറും 21 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്. 100 കോടി രൂപ അടിയന്തരമായി കിട്ടിയില്ലെങ്കിൽ ഒരു ദിവസം പോലും മുന്നോട്ടു തള്ളിനീക്കാൻ ബോർഡിനു കഴിയില്ല കൂടാതെ അയ്യായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകാനും നിവൃത്തിയില്ലാതെയിരിക്കുകയാണ് ദേവസ്വം ബോർഡ്.
21 കോടി രൂപയാണ് കഴിഞ്ഞ സീസണിൽ ആകെ ലഭിച്ച വരുമാനം. തൊട്ടുമുൻപുള്ള സീസണിൽ വരുമാനം 269 കോടിയായിരുന്നു. റെക്കോർഡ് വരുമാനമായിരുന്നു ആ വർഷം കിട്ടിയത്. 2018ലെ, സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയെ തുടർന്നാണ് ബോർഡിന് ആദ്യമായി കനത്ത തിരിച്ചടിയുണ്ടായത്. ശബരിമലയിൽ പതിവായി കിട്ടിയിരുന്ന 260 കോടി രൂപയുടെ വരുമാനത്തിൽ 100 കോടിയുടെ ഇടിവ് രേഖപ്പെടുത്തി. അടുത്ത വർഷം അതിനു പരിഹാരമായി. യുവതീപ്രവേശന വിഷയം വിശാലബഞ്ചിലേക്ക് വിട്ടു സുപ്രീം കോടതി തീരുമാനം ആയപ്പോൾ, യുവതീപ്രവേശനം വേണ്ടെന്നു സർക്കാർ നിലപാട് കൈക്കൊണ്ടതോടെ ഭക്തർ തങ്ങളുടെ നന്ദി സൂചകമായി കൈനിറയെ കാണിക്ക നൽകി. ആ തീർഥാടന കാലത്തു ദേവസ്വം ബോർഡിനു ലഭിച്ചതായിരുന്നു റെക്കോർഡ് വരുമാനമായ 269 കോടി രൂപ.
പിന്നാലെ പൊടുന്നനെ വന്ന കോവിഡ് മഹാമാരി കാലമാണ് ബോർഡിനു വീണ്ടും തിരിച്ചടിയായത്. ശബരിമല ക്ഷേത്രത്തിലെ വരുമാനം കൊണ്ടു മാത്രം കാര്യങ്ങൾ നടക്കുന്ന 1,250 ക്ഷേത്രങ്ങളാണ് ബോർഡിനു കീഴിൽ പ്രവർത്തിക്കുന്നത്. ക്ഷേത്രങ്ങളിൽ ഭക്തർക്കു പ്രവേശനം വിലക്കിയതോടെ, അവിടെയൊക്കെ പൂജകൾ അടക്കം അത്യാവശ്യകാര്യങ്ങൾക്കുള്ള വരുമാനം പോലും ഇല്ലാതായി. ശബരിമലയിൽ നിന്ന് 21 കോടി വരുമാനം ലഭിച്ചപ്പോൾ 69 കോടി ചെലവ് ഉണ്ടായി. ഇതോടെ ബോർഡിന്റെ നില ആകെ കഷ്ടത്തിലായി. 5000 ജീവനക്കാരും 4000 പെൻഷൻകാരുമാണ് ദേവസ്വം ബോർഡിൽ നിന്ന് വേതനം വാങ്ങുന്നവർ. പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാംതന്നെ സംസ്ഥാന സർക്കാർ കൂടെ നിന്നു പണം നൽകിയെന്നും ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. 70 കോടിയോളം രൂപയാണ് പ്രതിസന്ധി ഘട്ടത്തിൽ ദേവസ്വം ബോർഡിനു സർക്കാർ നൽകി സഹായിച്ചത്. 100 കോടി രൂപയുടെ അടിയന്തര സഹായം ഇനിയും വേണമെന്നാണ് ദേവസ്വം ബോർഡ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























