പൂവാര്‍ പൊഴിക്കരയിലേക്ക് ഇടിച്ചുകയറിയ മത്സ്യബന്ധന ബോട്ട് കടലിലിറക്കാനാകാതെ 10 ദിവസം പിന്നിടുമ്പോഴും സര്‍ക്കാറിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ സഹായം ലഭിച്ചില്ലെന്ന് ബോട്ടുടമ

പൂവാര്‍ പൊഴിക്കരയിലേക്ക് ഇടിച്ചുകയറിയ മത്സ്യബന്ധന ബോട്ട് കടലിലിറക്കാനാകാതെ 10 ദിവസം പിന്നിടുമ്പോഴും സര്‍ക്കാറിന്റെയോ ഫിഷറീസ് വകുപ്പിന്റെയോ സഹായം ലഭിച്ചില്ലെന്ന് ബോട്ടുടമ.
ഇത്രയും ദിവസത്തെ കടല്‍ തിരയടിയേറ്റ് ബോട്ട് ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നതോടെ കടലിലിറക്കാനുള്ള ശ്രമം എത്രത്തോളം വിജയിക്കുമെന്ന് അറിയില്ലെന്ന് ബോട്ടുടമ പറഞ്ഞു.ബോട്ട് കടലിലേക്കിറക്കാന്‍ പലവിധത്തില്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല.
ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ട്രോളര്‍ ബോട്ട് ഒരു വശം തകര്‍ന്നതിനാല്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയുമോ എന്ന കാര്യത്തിലും സംശയമാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ കരയിലേക്ക് വലിച്ചുകയറ്റി പൊളിച്ചുവില്‍ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഇന്‍ഷുറന്‍സ് പരിരക്ഷയോ മറ്റ് സഹായങ്ങളോ ഇല്ലാത്തതിനാല്‍ ലക്ഷങ്ങളുടെ നഷ്ടം ബോട്ടുടമ സഹിക്കേണ്ടിവരും.ഈ മാസം18ന് പൂവാര്‍ പൊഴിക്കര തീരത്ത് ഇടിച്ചുകയറിയ ബോട്ടിനെ കഴിഞ്ഞ ദിവസമാണ് ഖലാസികള്‍ കഠിനപ്രയത്‌നത്തിലൂടെ നിവര്‍ത്തി നിര്‍ത്തിയത്. ഒരാഴ്ചത്തെ തിരയടിയിലും മറ്റുമായി ബോട്ടിന്റെ ഒരു വശം തകര്‍ന്നു.
തകരാര്‍ പരിഹരിക്കാനായി സാങ്കേതിക വൈദഗ്ധ്യമുള്ളവരെ എത്തിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ബോട്ട് പൊളിച്ചുപണിയാന്‍ ലക്ഷങ്ങള്‍ വേണ്ടിവരുമെന്ന് കണ്ടതോടെയാണ് ബോട്ട് ഉപേക്ഷിക്കാന്‍ ഉടമ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് ഖലാസികളുടെയും ഹിറ്റാച്ചികളുടെയും സഹായത്തോടെ ബോട്ട് നിവര്‍ത്തിയത്. തിരയില്‍ തകര്‍ന്ന ബോട്ടിനെ കൈമാറ്റം ചെയ്യണമെങ്കില്‍ വീണ്ടും കരയിലേക്ക് വലിച്ചുകയറ്റണം. ഇതിനും ഖലാസികളുടെ സഹായം വേണ്ടിവരും.
ബോട്ടിലെ തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങി. പരിക്കേറ്റ് ചികിത്സയിലായിരുന്നവരും ആശുപത്രി വിട്ടു. ജീവിത മാര്‍ഗംകൂടി നഷ്ടപ്പെട്ടതോടെ ട്രോളറിനുവേണ്ടി എടുത്ത വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഇഗ്‌നേഷ്യസ് ലയോള.
https://www.facebook.com/Malayalivartha