എല്ലാത്തിനും പിന്നിൽ ആ മൂന്നുപ്പേർ ; മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് . മൂന്ന് ഗുണ്ടാ സംഘങ്ങളുടെ ഗൂഢാലോചനയുടെ ഫലമാണ് ഈ നടന്നതെല്ലാം. എല്ലാ പദ്ധതികളും തയ്യാറാക്കിയത് മലബാര്‍, എറണാകുളം, തിരുവല്ല മേഖലകളിലെ വിവിധ ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെയായിരുന്നു . മലബാര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ സഹായിച്ചവരുമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഈ മൂന്നു സംഘത്തിനും സ്വര്‍ണക്കടത്ത് സംഘം ഓരോ ചുമതലകള്‍ നൽകി .
ഈ മൂന്നു സംഘത്തിലും പെട്ടവര്‍ അറസ്റ്റിലായവരിലുണ്ട്. മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീട് ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തട്ടിക്കൊണ്ടുപോയത്.എറണാകുളം പറവൂര്‍ മന്നം കാഞ്ഞിരപ്പറമ്ബില്‍ വെടിമറ വീട്ടില്‍ അന്‍ഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കല്‍ അബ്ദുല്‍ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടില്‍ ബിനോ വര്‍ഗീസ് (39), പരുമല തിക്കപ്പുഴ മലയില്‍ തെക്കേതില്‍ ശിവപ്രസാദ് (കുട്ടപ്പായി- 37), പരുമല കോട്ടയ്ക്കമാലി സുധീര്‍ (കൊച്ചുമോന്-36) എന്നിവരെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണ് .
ഇവരില്‍ അന്‍ഷാദ്, അബ്ദുല്‍ ഫഹദ് എന്നിവരൊഴികെയുള്ളവര്‍ സ്വര്‍ണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നല്കി . അറസ്റ്റിലായവരില്‍ മാന്നാര്‍, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ സംഘത്തിന് കൈമാറിയത്. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത്. അബ്ദുല്‍ ഫഹദാണ് കാര്‍ ഓടിച്ചിരുന്നത്. ആ വാഹനത്തില്‍ അന്‍ഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചെന്ന വാദം കളവാണെന്നാണ് പൊലീസിന്റെയും നിഗമനം.
തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങള്‍ നല്കാന് ബിന്ദുവിന്റെ വീട്ടുകാര്‍ തയ്യാറായില്ല. ഇത് തുടക്കത്തില്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു.പക്ഷേ പൊലീസിന്റെ ശക്തമായ നീക്കങ്ങളായിരുന്നു സ്വര്‍ണ കള്ളക്കടത്തിനെയും തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്കിയ ഗുണ്ടാ സംഘങ്ങളെയും സ്വര്‍ണക്കടത്ത് ലോബികളെയും തിരിച്ചറിയാന്‍ സഹായിച്ചത്. കേസില്‍ ഇനിയും പ്രധാന പ്രതികളുള്‍പ്പെടെ ഏതാനും പേരെ കൂടി പിടികൂടാനുള്ളതായി പൊലീസ് അറിയിച്ചു.
എന്നാൽ മുന്‍പ് മൂന്ന് തവണ സ്വര്‍ണം കടത്തിയതായി സമ്മതിച്ച ബിന്ദു ഇത്തവണ കടത്തിയ സ്വര്‍ണം മാലിയില്‍ ഉപേക്ഷിച്ചുവെന്ന വാദം വിശ്വസിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബിന്ദുവിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കെ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha