പഴയ മാഡം വീണ്ടും വാര്‍ത്തകളില്‍... എറണാകുളം നോര്‍ത്തിലെ വനിതാ സ്‌റ്റേഷനില്‍ മഫ്തിയില്‍ എത്തിയപ്പോള്‍ പാറാവുനിന്ന ഉദ്യോഗസ്ഥ സല്യൂട്ടടിക്കാത്തതില്‍ ശിക്ഷിച്ച ഡിസിപി ഐശ്വര്യ ഡോങ്‌റെ വീണ്ടും വാര്‍ത്തകളില്‍; ചായ നല്‍കുന്ന മെഷീന്‍ സ്ഥാപിച്ച പോലീസുകാരന്‍ സസ്‌പെന്‍ഷനില്‍; വീണ്ടും വിവാദം സൃഷ്ടിച്ച് കൊച്ചി ഡിസിപി

ഇത് കേരളമാണെന്ന ഡിസിപി ഐശ്വര്യ ഡോങ്‌റെയ്ക്ക് മലയാളി പോലീസ് കാണിച്ച് കൊടുത്തത് അടുത്തിടെയാണ്. എറണാകുളം നോര്‍ത്തിലെ വനിതാ സ്‌റ്റേഷനില്‍ മഫ്തിയില്‍ താന്‍ എത്തിയപ്പോള്‍ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ ഐശ്വര്യ ഡോങ്‌റെ വിശദീകരണം ചോദിച്ചതും തുടര്‍ന്ന് ശിക്ഷാനടപടി സ്വീകരിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
പാറാവു നിന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ല എന്നായിരുന്നു അന്ന് ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഐശ്വര്യ ഡോങ്‌റെ ഐപിഎസ് പറഞ്ഞിരുന്നത്. പക്ഷെ വിവാദം പുകഞ്ഞതോടെ ഡിസിപിക്ക് തീരുമാനം തിരുത്തേണ്ടി വന്നു.
ഇപ്പോള്‍ അതിന് സമാനമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. കോഫി മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്ത സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് വീണ്ടും വിവാദത്തില്‍ അകപ്പെട്ട് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ. കളമശേരി പൊലീസ് സ്‌റ്റേഷനില്‍ കോഫീ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്ത പൊലീസുകാരന്‍ സിപി രഘുവിനെയാണ് ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്തത്.
സ്‌റ്റേഷനില്‍ വരുന്നവര്‍ക്ക് കാപ്പി നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിച്ച വെന്‍ഡിംഗ് മെഷീനിന്റെ ഉദ്ഘാടന പരിപാടിയില്‍ സിപിഒ മാദ്ധ്യമങ്ങള്‍ക്ക് തന്റെ അഭിമുഖം നല്‍കിയിരുന്നു. മേലുദ്യോഗസ്ഥരെ അറിയിക്കാതെയാണ് പോലീസുകാരന്‍ അഭിമുഖം നല്‍കിയെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍. എന്നാല്‍ ഉദ്ഘാടന ചടങ്ങിലേക്ക് ഡിസിപിയെ ക്ഷണിക്കാത്തതിന്റെ വിരോധം കാരണമാണ് രഘുവിനെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് പൊലീസുകാര്‍ക്കിടയിലെ അടക്കം പറച്ചില്‍.
സ്വന്തമായി കാശ് മുടക്കിയും സഹപ്രവര്‍ത്തകരില്‍ നിന്നും പണം കണ്ടെത്തിയായിരുന്നു രഘു വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചത്. ഇക്കാര്യം മേലുദ്യോഗസ്ഥരെയും അറിയിച്ചിരുന്നു എന്നാണ് വിവരം. സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്‌റ്റേഷന്‍ കൂടുതല്‍ ജനസൗഹാര്‍ദ്ദമാക്കാന്‍ സ്‌റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ സ്‌റ്റേഷന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.
മുന്‍പ് കോവിഡ് ഭീതി രൂക്ഷമായിരിക്കെ തെരുവില്‍ ഭക്ഷണമില്ലാതെ കഴിയുന്നവര്‍ക്കും തെരുവു നായകള്‍ക്കും ഭക്ഷണം നല്‍കി കളമശേരി പോലീസ് സ്‌റ്റേഷന്‍ മാതൃക സൃഷ്ടിച്ചിരുന്നു.
ആദ്യ സംഭവത്തോടെ തന്നെ ഐശ്വര്യയെ മലയാളികള്‍ എല്ലാവരുമറിഞ്ഞിരുന്നു. 1995ല്‍ എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ഡാങ്‌റെയുടെ മകളായാണ് ഐശ്വര്യയുടെ ജനനം. അമ്മ അഞ്ജലി ഡോങ്‌റെ. മുംബൈയിലാണ് ജനിച്ചതും വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം നേടിയതും. മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജില്‍ ഇക്കണോമിക്‌സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി.
25കാരിയായ ഐശ്വര്യ അവിവാഹിതയാണ്. ഐഎഎസ് മോഹിച്ചാണ് ഐശ്വര്യ സിവില്‍ പരീക്ഷ എഴുതിയത്. ആദ്യ പരിശ്രമത്തില്‍ തന്നെ രാജ്യത്തെ 196ാം റാങ്ക് നേടി. ഐഎഎസ് ലഭിച്ചില്ല, തുടര്‍ന്ന് ഐപിഎസ് സ്വീകരിക്കുകയായിരുന്നു.
കോവിഡ് കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയ സംഭവത്തോടെ ഐശ്വര്യ ശ്രദ്ധ നേടി. ഐശ്വര്യയുടെ സമയോജിത ഇടപെടലിനെത്തുടര്‍ന്ന് അര മണിക്കൂറില്‍ ഹൃദയം കൊച്ചിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു. അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ഐശ്വര്യ. ജൂലൈ മാസത്തില്‍ പൂന്തുറ കോവിഡ് ഹോട്ട് സ്‌പോട്ടായപ്പോള്‍, ജനങ്ങളെ ബോധവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയും ഐശ്വര്യ ശ്രദ്ധേയയായി. ആ ഐശ്വര്യയാണ് രണ്ടാമതും വിവാദത്തില്‍ ചെന്നു ചാടുന്നത്.
"
https://www.facebook.com/Malayalivartha