ചുട്ടുപൊള്ളുന്നു.... ഈ വര്‍ഷം വേനലില്‍ രാജ്യത്തെ മിക്കയിടങ്ങളിലും ചൂട് പതിവിലും കൂടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി.) മുന്നറിയിപ്പ്... കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയിലും മധ്യ ഇന്ത്യയിലും നേരിയ ആശ്വാസത്തിന് വക

ഈ വര്‍ഷം വേനലില്‍ രാജ്യത്തെ മിക്കയിടങ്ങളിലും ചൂട് പതിവിലും കൂടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി.) മുന്നറിയിപ്പ്. എന്നാല്‍, കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയിലും മധ്യ ഇന്ത്യയിലും നേരിയ ആശ്വാസത്തിനു വകയുണ്ട്. ഇവിടെ പൊതുവേ ശരാശരി ചൂടില്‍ അല്പം കുറവുണ്ടാകാമെന്നാണ് ഐ.എം.ഡി.യുടെ നിഗമനം.
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ചൂടിന്റെ വ്യതിയാനം വ്യക്തമാക്കി തിങ്കളാഴ്ച ഐ.എം.ഡി. പുറത്തുവിട്ട പ്രവചനപ്രകാരം കേരളത്തിലെ പകല്‍ച്ചൂട് പതിവിലും 0.51 ഡിഗ്രി കുറവായിരിക്കും. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് 0.8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. അതേസമയം, കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ പുലര്‍കാലത്തെ ചൂട് 0.14 ഡിഗ്രി സെല്‍ഷ്യസ് കൂടാന്‍ നേരിയ സാധ്യതയുണ്ട്.
അതായത്, കേരളത്തില്‍ അസാധാരണമായ ചൂട് ഇത്തവണ അനുഭവപ്പെടാനിടയില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 120 വര്‍ഷത്തെ ഏറ്റവും കൂടിയതോതില്‍ മഴ പെയ്തതിനാല്‍ കേരളത്തില്‍ കഴിഞ്ഞമാസം പൊതുവേ ചൂട് കൂടിയിരുന്നില്ല.പസഫിക് സുമദ്രത്തില്‍ മിതമായ ലാ നിന പ്രതിഭാസം നിലവിലുണ്ട്.
സമുദ്രോപരിതലത്തിലെ ഊഷ്മാവ് സാധാരണയിലും കുറഞ്ഞിരിക്കുന്ന പ്രതിഭാസമാണിത്. മാര്‍ച്ച് മുതല്‍ മേയ് വരെ ഇതു നിലനില്‍ക്കും. ഈ പ്രതിഭാസം കാരണം കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ കൂടുതല്‍ വേനല്‍മഴയ്ക്കും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തെക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്നത്.
തമിഴ്‌നാട്ടില്‍ പരമാവധി ചൂട് പതിവിലും 0.35 ഡിഗ്രി സെല്‍ഷ്യസ് കുറവായിരിക്കും. കര്‍ണാടകത്തില്‍ 0.57 ഡിഗ്രിയും ആന്ധ്രാപ്രദേശില്‍ 0.33 ഡിഗ്രിയും കുറയും. ഛത്തീസ്ഗഢിലും ഒഡിഷയിലുമാണ് ചൂടില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനത്തിന് സാധ്യതയുള്ളത്. ഛത്തീസ്ഗഢില്‍ 0.8 ഡിഗ്രിയും ഒഡിഷയില്‍ 0.66 ഡിഗ്രിയും കൂടും.
കേരളത്തില്‍ ഇക്കൊല്ലം ജനുവരിമുതല്‍ മാര്‍ച്ച് ഒന്നുവരെയുള്ള കാലയളവില്‍ പകല്‍ച്ചൂട് ഏറ്റവും കൂടിയത് ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ്. ആലപ്പുഴയില്‍ ദീര്‍ഘകാല ശരാശരിയില്‍നിന്ന് 3.3 ഡിഗ്രി സെല്‍ഷ്യസും കോട്ടയത്ത് 3.1 ഡിഗ്രിയും കോഴിക്കോട്ട് 2.1 ഡിഗ്രിയുമാണ് ചൂടു കൂടിനില്‍ക്കുന്നത്.
കോട്ടയത്തും ആലപ്പുഴയിലും ചൊവ്വാഴ്ചയും പതിവിലും രണ്ടുമുതല്‍ മൂന്നു ഡിഗ്രിവരെ ചൂടു കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
"
https://www.facebook.com/Malayalivartha