സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളുടെ ഫോണും മെയിലുകളും ചോർത്തി ഇൻറലിജൻസ് നീക്കം... 60ഓളം വിശ്വസ്തരെ ഇൻറലിജൻസ് മേധാവിക്കു കീഴിൽ നിയോഗിച്ചു...

രാജ്യത്തെ സുപ്രീംകോടതി വിധികളെ കണ്ടില്ലെന്ന് നടിച്ച് കോൺഗ്രസ് - ബി.ജെ.പി നേതാക്കളുടെയും ചില മുസ്ലിം സംഘടനകളുടെയും പ്രതിപക്ഷ പൊലീസ് സംഘടന നേതാക്കളുടെയും മറ്റ് മാധ്യമപ്രവർത്തകരുടെയും ഫോൺവിളികളും ഇ-മെയിലുകളും ഇൻറലിജൻസ് സംഘം ചോർത്തുന്നു.
പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ച സർവർ വഴിയാണ് വിവരശേഖരണം നടത്തുക. ഇതിനായി കമ്പ്യൂട്ടർ സാങ്കേതിക മേഖലയിൽ പരിജ്ഞാനമുള്ള 60ഓളം വിശ്വസ്തരായ ജീവനക്കാരെ താൽക്കാലികാടിസ്ഥാനത്തിൽ ഇൻറലിജൻസ് മേധാവിക്കു കീഴിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് സമ്പർക്ക പട്ടിക തയാറാക്കാനെന്ന പേരിൽ ആളുകളുടെ ഫോൺവിളി വിവരങ്ങൾ അഥവാ സി.ഡി.ആർ ശേഖരിക്കാനുള്ള ഡി.ജി.പിയുടെ സർക്കുലർ വിവാദമായിരുന്നു.
തുടർന്നാണ് ഒരു രേഖയുമില്ലാതെ 60ഓളം പേരെ അതീവരഹസ്യമായി വിവിധ സെക്ഷനുകളിലായി നിയോഗിച്ചത്. ശേഖരിക്കുന്ന വിവരങ്ങൾ ഇൻറലിജൻസ് മേധാവിക്ക് നേരിട്ട് കൈമാറാനാണ് ഇവർക്ക് നിർദേശം നൽകിയിട്ടുള്ളത്.
1885ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ടിലെ 5(2) പ്രകാരം പൊതുസുരക്ഷയും അടിയന്തരസ്ഥിതിയും മുൻനിർത്തി രാജ്യത്തിെൻറ പരമാധികാരം, അഖണ്ഡത, ആഭ്യന്തര, കുറ്റകൃത്യങ്ങൾ തടയൽ, മുതലായ കാര്യങ്ങൾ പരിഗണിച്ച് ഇ-മെയിൽ, ഫോൺ സംഭാഷണങ്ങൾ പൊലീസ് ഇടക്കിടെ ചോർത്താറുണ്ട്.
ഡി.ഐ.ജി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥൻ ആഭ്യന്തര സെക്രട്ടറിക്ക് നൽകുന്ന അപേക്ഷയിൽ, ചീഫ് സെക്രട്ടറി നിയമ പൊതുഭരണ സെക്രട്ടറിമാരടങ്ങിയ സമിതി പരിശോധിച്ച ശേഷമാണ് ഇത്തരത്തിൽ അനുമതി നൽകുക.
എന്നാൽ, അടിയന്തര സാഹചര്യം കാണിച്ച് ആദ്യം ഫോൺ ചോർത്തിയ ശേഷം പിന്നീട്, ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടുകയാണ് നിലവിലുള്ള രീതി.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ പെട്ടവരുൾപ്പെടെ 41 പേരുടെ ഫോൺ രേഖകൾ സമാന രീതിയിൽ ചോർത്തിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഈ 'വിവരശേഖരണവും'.
നേരത്തേ സർക്കാറിനും പൊലീസിനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് തന്റെ ഫോൺ ചോർത്തു എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
മുൻ ഡി.ജി.പി ടി.പി. സെൻകുമാറും ജേക്കബ് തോമസും ഇതേപരാതി ഉന്നയിച്ചു. എന്നാൽ, ആരോപണങ്ങൾ മുഖ്യമന്ത്രിയും ഡി.ജി.പിയും നിഷേധിക്കുകയായിരുന്നു.
സർക്കാറിനുവേണ്ടി എന്തും ചെയ്യാൻ തയാറായ ഉദ്യോഗസ്ഥർ പൊലീസ് തലപ്പത്ത് വന്നതോടെയാണ് ഫോൺ ചോർത്തൽ നടക്കുന്നതെന്നും തന്റേതടക്കം ഫോൺ രേഖകൾ ശേഖരിക്കുന്നുണ്ടെന്നും മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ഒരു മാധ്യമത്തോട് വ്യക്തമാക്കിയതായിരുന്നു.
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിക്കുന്ന പട്ടികയിൽ എല്ലാം അംഗീകരിക്കാറില്ലെന്നും താനിരുന്ന കാലത്ത് പലതും തള്ളിയിരുന്നതായും മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും പറഞ്ഞു.
അതേസമയം, ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച മോട്ടോർവാഹന മേഖലയിലെ സംഘടനകളുടെ പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക് നടത്തുക.
കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ, ഓട്ടോ, ടാക്സി, ട്രക്കർ എന്നിവ മുടങ്ങിയേക്കും. ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
ബി.എം.എസ്. മാത്രമാണ് ഇതിൽ നിന്ന് വിട്ടുനിൽക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിട്ടുണ്ട്.
കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കും. പത്താംക്ലാസ്, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മോഡൽ, പരീക്ഷകളും മാറ്റിവെച്ചു. മാറ്റിവച്ചവ എട്ടിന് നടത്തും. സാങ്കേതിക സർവകലാശാലയും പരീക്ഷകൾ മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha