ജനിതക വ്യതിയാനം വന്ന വൈറസുകള്‍ മരണനിരക്ക് ഉയർത്തുമെന്ന് ആശങ്ക; കഴിവതും എന്‍ 95 മാസ്ക് ധരിക്കണം; കോവിഡ് പോരാട്ടത്തിൽ കൂടുതല്‍ പേര്‍ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുകയാണെന്നും സ്ഥിതി രൂക്ഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തുടര്‍ന്നാല്‍ മരണ നിരക്ക് ഉയരുമെന്ന ആശങ്കയുണ്ട്. ഇത് നേരിടാന്‍ കൂടുതല്‍ പേര്‍ കോവിഡ് ബ്രിഗേഡിന്‍റെ ഭാഗമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 13,625 പേരാണ് നിലവില്‍ കോവിഡ് ബ്രിഗേഡില്‍ ഉള്ളത്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് പര്യാപ്തമല്ല. കൂടുതല്‍ ആളുകള്‍ ഇതിന്‍റെ ഭാഗമാകണം. കോവിഡ് ബ്രിഗേഡ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഈ ചരിത്ര ദൗത്യത്തില്‍ പങ്കളികളാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ജനിതക വ്യതിയാനം വന്ന വൈറസുകള്‍ മരണനിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയുണ്ട്. തൃശൂരില്‍ 4 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രോഗികളുടെ എണ്ണം നമ്മുടെ ആരോഗ്യ മേഖലക്ക് താങ്ങാവുന്നതിലപ്പുറമായാല്‍ ചികിത്സ അവതാളത്തിലാകും. അത്തരം അവസ്ഥ ഒഴിവാകാന്‍ നമ്മള്‍ ഇതുവരെ പുലര്‍ത്തിയ ജാഗ്രത തുടരണം. കഴിവതും എന്‍ 95 മാസ്ക് ധരിക്കുക. അല്ലെങ്കില്‍ ഇരട്ട മാസ്ക് ധരിക്കുക. ഇക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 51 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 75ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാറ്റിവെക്കും. ഇതില്‍ 30 ശതമാനം നാളെ സജ്ജമാകും. താലൂക്ക് തലത്തില്‍ ആംബുലന്‍സ് ടീമുകളെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha






















