കെ സുരേന്ദ്രനെ കുറ്റിയടിക്കാന്‍ ബി ജെ പി നേതാക്കളുടെ സഹായം തേടി പോലീസ് : അന്ത:പുര കലഹം അങ്കകലിയാകുമോ ?

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കരുക്കള്‍ നീക്കാന്‍ സുരേന്ദ്രനുമായി കലഹിച്ചു നില്‍ക്കുന്ന ചില ബി ജെ പി നേതാക്കളെ സി പി എം വിലയ്‌ക്കെടുക്കുന്നതായി സൂചന.
മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചത് ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണെന്നാണ് സംസ്ഥാന പോലീസ് സംശയിക്കുന്നത്. ഹെലികോപ്റ്റര്‍ വഴി പണം കടത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇത് സംബന്ധിച്ച് ചില തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഇതിന്റെ ഭാഗമായി കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പത്തനംതിട്ട കോന്നിയില്‍ നിന്ന് അന്വേഷണ സംഘം തെളിവെടുത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളിലൊന്നാണിത്. സുരേന്ദ്രനെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്ന് അന്വേഷണ സംഘം സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തെളിവ് ശേഖരണം.
അതിനിടെ , സുരേന്ദ്രന്റെ സെക്രട്ടറിയെ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10ന് ചോദ്യം ചെയ്യലിനായി പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. ധര്‍മരാജിനെ ഫോണില്‍ ബന്ധപ്പെട്ടവരില്‍ നിന്നുള്ള തെളിവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. സംഘടന സെക്രട്ടറിയടക്കമുള്ളവര്‍ ഒന്നിലേറെ തവണയാണ് ധര്‍മരാജനുമായി ബന്ധപ്പെട്ടതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണമാണെന്നാണ് പറഞ്ഞിരുന്നത്. തെക്കന്‍ കേരളത്തിലേക്കുള്ളതാണ് ഇതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്നാണ് അന്വേഷണം കോന്നിയിലെത്തിയത്. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇതിനിടെ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ മുറിയിലേക്ക് പണം പോയിട്ടുണ്ടോ എന്നാണ് പോലീസിന് കണ്ടെത്താനുള്ളത്.
സുരേന്ദ്രനെ എതിര്‍ക്കുന്ന ചില ബി ജെ പി നേതാക്കളില്‍ നിന്നും പണത്തിന്റെ വരവ് സംബന്ധിച്ച് ചില പ്രാഥമിക വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സുരേന്ദ്രന് താത്പര്യമില്ലാത്തവര്‍ക്ക് ആവശ്യാനുസരണം പണം കിട്ടിയിട്ടില്ലെനാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ എന്നറിയുന്നു.
മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന്‍ മത്സരിച്ചതും രണ്ടിടത്തേക്കും ഹെലികോപ്ടറില്‍ യാത്ര ചെയ്തതും പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടാക്കിയ സംഭവമാണ്. റോഡിലെ പരിശോധന ഒഴിവാക്കാനാണ് ഹെലികോപ്ടറില്‍ യാത്ര ചെയ്തതെന്നും ഇതിന്റെ മറവില്‍ കള്ളപ്പണം കടത്തിയതായും സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഇതും കൊടകര കേസിനൊപ്പം അന്വേഷിക്കുന്നുണ്ട്.
സി.കെ. ജാനുവിന് 40 ലക്ഷം കൈമാറിയെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെ പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍. സോജിയും ആരോപണവുമായി രംഗത്തെത്തി. ഹെലികോപ്ടറില്‍നിന്ന് പെട്ടികള്‍ കൊണ്ടുപോവുന്നദൃശ്യങ്ങളും പുറത്തുവന്നു. ഇക്കാര്യം അറിഞ്ഞിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് സോജി ആരോപിക്കുന്നു. കേസില്‍ പണം നഷ്ടപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജിന്റെ സഹോദരന്‍ ധനരാജിനെയും ബി.ജെ.പി സംസ്ഥാന ഓഫിസ് ജീവനക്കാരന്‍ മിഥുനെയും അന്വേഷണ സംഘം വെള്ളിയാഴ്ച ചോദ്യംചെയ്തു. കുഴല്‍പ്പണക്കടത്തില്‍ ധര്‍മരാജിനൊപ്പം പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ധനരാജിനെ ചോദ്യം ചെയ്തത്. ധര്‍മരാജിനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മിഥുനെ ചോദ്യം ചെയ്തത്.
വാഹനത്തില്‍ പണം ഉണ്ടെന്ന വിവരം കവര്‍ച്ച സംഘത്തിന് ചോര്‍ത്തി നല്‍കിയ റഷീദിനെ ജയിലിലെത്തി ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ റഷീദ്, ബഷീര്‍, സലാം എന്നിവരെ ചോദ്യം ചെയ്യാനായിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെയാണ് ചോദ്യം ചെയ്യാനുള്ളത്.
ഏതായാലും സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുന്ന ബി ജെ പി നേതാക്കളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും പോലീസന്വേഷണം മുന്നോട്ടു കൊണ്ടു പോവുക. ഇത്തരം അന്വേഷണങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ സുരേന്ദ്രനെ കുറ്റിയടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ചില ബി ജെ പി നേതാക്കളും സി പി എം നേതാക്കളും കരുതുന്നത്.
"
https://www.facebook.com/Malayalivartha
























