നിറകണ്ണുകളോടെ യുവാവ്... അനേകായിരങ്ങള്‍ക്ക് താങ്ങും തണലുമായ യൂസഫലിയുടെ നിര്‍ണായക ഇടപെടലില്‍ ബെക്‌സ് കൃഷ്ണന്‍ നാളെ നാട്ടിലേക്കെത്തുന്നു; വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ ഇടപെടലോടെയാണ് മോചനത്തിനുള്ള സാദ്ധ്യത തെളിഞ്ഞത്

പ്രമുഖ വ്യവസായി എംഎ യൂസഫലി ആയിരക്കണക്കിന് പേര്‍ക്കാണ് താങ്ങും തണലുമായത്. അതില്‍ പലതും പുറത്ത് വന്നിട്ടില്ല. ഇപ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിലായ യുവാവിന് പുതുജന്മം നല്‍കിയിരിക്കുകയാണ്.
യൂസഫലിയുടെ നിര്‍ണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശ്ശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണന്‍ നാളെ നാട്ടിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി 8.20ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തുന്ന എത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് ജനിച്ച മണ്ണിലേക്ക് വീണ്ടും മടങ്ങുന്നത്.
കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട് യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ ഇടപെടലോടെയാണ് മോചനത്തിനുള്ള സാദ്ധ്യത തെളിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന് വധശിക്ഷ ലഭിച്ചത്.
2012 സെപ്തംബര്‍ 7നായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കോടതി വഴി ശിക്ഷ പിന്‍വലിക്കാന്‍ കഴിഞ്ഞത്. യൂസഫലിയില്‍ നിന്നും ദിയാ ധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) കുട്ടിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ബെക്‌സ് ജോലി ചെയ്തിരുന്നത്.
ഭഗവാന് തുല്യമായ കര്‍ത്തവ്യമാണ് എംഎ യൂസഫലി നിറവേറ്റിയതെന്ന് ബെക്‌സ് കൃഷ്ണയുടെ അമ്മ പറഞ്ഞു. അബുദാബി ജയിലില്‍ നിന്ന് ബെക്‌സ് കൃഷ്ണ മോചിതനാകുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
2012 സെപ്റ്റംബര്‍ ഏഴിനാണ് തൃശൂര്‍ സ്വദേശിയായ ബെക്‌സ് കൃഷ്ണന്റെ ജീവിതം മാറിമറിഞ്ഞ സംഭവം ഉണ്ടാകുന്നത്. തൃശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശിയായ ബെക്‌സ് അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 2012 സെപ്റ്റംബര്‍ ഏഴിന് ബെക്‌സ് ഓടിച്ച ട്രെക്ക് ഇടിച്ച് സുഡാന്‍ സ്വദേശിയായ ബാലന്‍ കൊല്ലപ്പെട്ടു. അന്വേഷണത്തില്‍ ബെക്‌സിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും ബെക്‌സിന് പ്രതികൂലമായി.
കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന യുഎഇ നിയമപ്രകാരം ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു. അപകടം മനപൂര്‍വ്വമായി ഉണ്ടാക്കിയതല്ലെന്ന് ബെക്‌സിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും യാതൊരു ഫലവുണ്ടായില്ല. മരിച്ച സുഡാന്‍ ബാലന്റെ കുടുംബം മാപ്പ് നല്‍കുക മാത്രമായിരുന്നു ബെക്‌സിന് ശിക്ഷ ഒഴിവാക്കാനുള്ള ഏക മാര്‍ഗം. ആദ്യഘട്ടത്തില്‍ നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ ബെക്‌സിന്റെ സര്‍വ്വ പ്രതീക്ഷയും അസ്തമിച്ചു. ഇതിനിടെ അവസാന മാര്‍ഗമെന്നോണം ലുലു ഗ്രൂപ്പ് ഉടമ എംഎ യുസഫലിയോട് സഹായം അഭ്യര്‍ത്ഥിച്ച് ബെക്‌സിന്റെ കുടുംബം രംഗത്തുവന്നു.
ബെക്‌സിന്റെ വിഷയത്തില്‍ ഇടപെടാമെന്ന് എംഎ യൂസഫലി ഉറപ്പ് നല്‍കി. ദീര്‍ഘനാള്‍ നീണ്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ യുസഫലിയുടെ നേതൃത്വത്തില്‍ നടന്നു. ഒരുഘട്ടത്തില്‍ സുഡാന്‍ ബാലന്റെ കുടുംബത്തെ യുഎഇയിലെത്തിച്ച് ചര്‍ച്ചകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ഒടുവില്‍ മാപ്പ് നല്‍കാമെന്ന് കുടുംബം സമ്മതിച്ചു. ദയാധനമായി അഞ്ച് ലക്ഷം ദിര്‍ഹമാണ് നല്‍കാന്‍ ധാരണയായത്. അഞ്ച് ലക്ഷം ദിര്‍ഹം എന്നാല്‍ ഏതാണ്ട് ഒരു കോടി രൂപയോളം വരും. കോടതി കുടുംബത്തിന്റെ മാപ്പ് അംഗീകരിച്ചതോടെ ബെക്‌സിന് പുതുജീവനാണ് തിരികെ ലഭിച്ചത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ അഞ്ച് ലക്ഷം ദിര്‍ഹം കോടതിയില്‍ കെട്ടിവെച്ച യുസഫലി ബെക്‌സിനെ ജയില്‍ മോചിതനാവുമെന്ന് ഉറപ്പാക്കി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യാപാരിയായ യൂസഫലി വലിയൊരു മാതൃകയാണ് ബെക്‌സിനോട് കാണിച്ചത്. ദൈവത്തിന് നന്ദിയെന്നായിരുന്നു യൂസഫലി ഒത്തുതീര്‍പ്പിന് ശേഷം പറഞ്ഞത്.
https://www.facebook.com/Malayalivartha