സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താല്‍ ജനദ്രോഹമാണെന്ന് കെ.സുരേന്ദ്രന്‍; നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കണം എന്ന വാശി എന്തിനാണ്?

കേരളം കൊവിഡ് ഭീതിയില്‍ തുടരുമ്പോള്‍ സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താല്‍ ജനദ്രോഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കര്‍ഷകസമരക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രശ്‌നവും ഇവിടെ ബാധിക്കില്ലെന്നിരിക്കെ കൊവിഡില്‍ നടുവൊടിഞ്ഞ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്ന് സമരക്കാരും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന സര്‍ക്കാരും ആലോചിക്കണം. മണ്ഡി സംവിധാനമില്ലാത്ത ഓപ്പണ്‍ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്ന സംസ്ഥാനമാണ് കേരളം.
താങ്ങുവില നടപ്പിലാക്കാത്ത കേരളത്തില്‍ അതിന് ശ്രമിക്കാതെ പഞ്ചാബിലെ താങ്ങ് വിലയ്ക്ക് വേണ്ടി സമരം ചെയ്യുന്നത് അപഹാസ്യമാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത പിണറായി സര്‍ക്കാര്‍ ദില്ലിയിലെ ചില ഇടനിലക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്.
കൊവിഡില്‍ വലയുന്ന സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്‌ബോള്‍ രക്ഷിതാക്കള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കണം. മറ്റു സംസ്ഥാനങ്ങളെ പോലല്ല കേരളത്തില്‍ ടിപിആര്‍ കുറയുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊവിഡിനെ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ കുട്ടികളില്‍ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ അവസരമുണ്ടാക്കരുത്. നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കണം എന്ന വാശി എന്തിനാണ്? സ്‌കൂളുകള്‍ തുറക്കുന്നതിനെ ബിജെപി എതിര്‍ക്കുന്നില്ല. ഗ്രാമീണ മേഖലകളില്‍ നിന്നും ഉള്‍പ്പെടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട യാത്രാ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ജനങ്ങളെ എങ്ങനെ ഭിന്നിപ്പിക്കാമെന്നാണ് നോക്കുന്നത്. നാര്‍ക്കോട്ടിക്ക് കേസുകളിലെ മതംതിരിച്ചുള്ള കണക്കുകള്‍ അദ്ദേഹം പുറത്ത് വിട്ടത് അസ്വഭാവികമാണ്. ക്രിമിനല്‍ കേസില്‍ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് മതം തിരിച്ചുള്ള കണക്ക് കിട്ടുന്നത്? പേര് നോക്കിയാണോ മതം മനസിലാക്കുന്നത്? അങ്ങനൊരു സംവിധാനം സര്‍ക്കാരിനുണ്ടോ? കഞ്ചാവ് ബീഡി വില്‍ക്കുന്നവരെയും വിദേശത്ത് നിന്നും മയക്കുമരുന്ന് കടത്തുന്നവരെയും ഒരേ ത്രാസിലാണോ ഉള്‍പെടുത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കോട്ടയം നഗരസഭയിലെ അവിശ്വാസത്തില്‍ പ്രതിപക്ഷ ധര്‍മ്മമാണ് ബിജെപി നിര്‍വഹിച്ചത്. ഒരുമുന്നണിയോടും യോജിക്കാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ല. തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാനാണ് പാര്‍ട്ടി ജില്ലാഘടകം തീരുമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍, സംസ്ഥാനസെക്രട്ടറി എസ്.സുരേഷ് എന്നിവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha

























