വിശ്വാസമല്ലോ എല്ലാമെല്ലാം... വിശ്വാസത്തിന്റെ പേരില്‍ ഒരു കൂട്ടം അധ്യാപകര്‍ വാക്‌സിന്‍ എടുക്കുന്നില്ലെന്ന് വ്യാപക പരാതി; കുട്ടികളെ കൂടി അപകടത്തിലാക്കിയുള്ള അധ്യാപകരുടെ നിലപാടിനെതിരെ സര്‍ക്കാര്‍; വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി വരുന്നു

സംസ്ഥാനം കോവിഡിനെതിരായ ശക്തമായ പോരാട്ടത്തിലാണ്. ഒമിക്രോണ്‍ വൈറസ് ലോകത്തെ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് ഗുരുതരമാകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ കുറേ അധ്യാപകര്‍ വിശ്വാസത്തിന്റെ പേരുപറഞ്ഞ് വാക്‌സിനെടുക്കാതിരിക്കുകയാണ്.
അതേസമയം കോവിഡ് വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ വാക്‌സീന്‍ എടുക്കാത്തവരെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ബോര്‍ഡ് അംഗീകരിക്കാത്തവര്‍ വാക്‌സീന്‍ എടുക്കേണ്ടിവരും. ഇല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് ആലോചന. കോവിഡ് വിദഗ്ധ സമിതിയുമായും ദുരന്തനിവാരണ വകുപ്പുമായും ഇതുചര്‍ച്ച ചെയ്യും.
വാക്‌സീന്‍ എടുക്കാത്തവര്‍ സ്‌കൂളില്‍ വരുന്നതു പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിര്‍ബന്ധിത അവധി ഉള്‍പ്പെടെയുള്ള നടപടികളും പരിഗണനയിലുണ്ട്. അതേസമയം, ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനുള്ള നിര്‍ദേശം നിയമപരമായി നിലനില്‍ക്കുമോ എന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പിനുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വാക്‌സീന്‍ നിര്‍ബന്ധമായി എടുക്കണമെന്ന ഉത്തരവുണ്ടെങ്കിലേ അതു ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനാകൂ. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച മാര്‍ഗരേഖ ദുരന്തനിവാരണ നിയമപ്രകാരമുള്ള ഉത്തരവായി പരിഗണിക്കാനാകുമോയെന്നും ഉറപ്പില്ല.
വാക്‌സീന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണത്തില്‍ ആശയക്കുഴപ്പം. ഏതാണ്ട് 5000 പേരുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു. എന്നാല്‍, സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് എടുത്ത കണക്കു പ്രകാരം ഇത് 2609 ആയിരുന്നു. അലര്‍ജി, ആരോഗ്യപ്രശ്‌നം, മതപരമായ കാരണം എന്നിവയാണു കാരണങ്ങളായി പറഞ്ഞിരുന്നത്. അതിനു ശേഷം എണ്ണം കൂടിയത് എങ്ങനെയെന്നു വ്യക്തമല്ല.
അതേസമയം കോവിഡ് വാക്‌സീന്‍ രാജ്യത്തു നിര്‍ബന്ധിതമാക്കിയിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വയം സന്നദ്ധരായാണു വാക്‌സീനെടുക്കേണ്ടതെന്നു വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം വിശദമായ മാര്‍ഗരേഖയിറക്കിയിട്ടുണ്ട്. വാക്‌സീനുകളുടെ പരീക്ഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കുത്തിവയ്പ് നിര്‍ബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ട് ഡോ. ജേക്കബ് പുളിയേല്‍ നല്‍കിയ ഹര്‍ജിയിലാണു കേന്ദ്രത്തിന്റെ പ്രതികരണം. ട്രയല്‍ ഡേറ്റ വിവരങ്ങളും വാക്‌സീനുകള്‍ക്ക് അനുമതി നല്‍കിയ യോഗങ്ങളുടെ മിനിട്‌സും പൊതുജനങ്ങളുടെ വായനയ്ക്ക് ലഭ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം ഒമിക്രോണ്‍ കണ്ടെത്തിയ 'ഹൈ റിസ്‌ക്' പട്ടികയിലുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ 7 ദിവസം ക്വാറന്റീനിലും 7 ദിവസം സ്വയംനിരീക്ഷണത്തിലും കഴിയണമെന്ന കേന്ദ്രമാര്‍ഗരേഖയിലെ നിര്‍ദേശം സംസ്ഥാനത്തും ഉറപ്പാക്കും. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ പ്രത്യേകം വാര്‍ഡുകള്‍ സജ്ജീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
4 വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മറ്റു വകുപ്പുകളുമായി സഹകരിച്ച് ക്വാറന്റീന്‍ ഉള്‍പ്പെടെ ഉറപ്പാക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ നിയന്ത്രണങ്ങളെക്കുറിച്ച് ഇന്നു കോവിഡ് അവലോകന സമിതി ചര്‍ച്ച ചെയ്യും. വാക്‌സീന്‍ എടുക്കാത്തവര്‍ എത്രയും വേഗം അതു സ്വീകരിക്കണമെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്‌സീന്‍ എടുക്കാത്തവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തുന്നുണ്ടെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha

























