കോവിഡ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്

വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ വാര്‍ഡ് തലത്തില്‍ ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്.തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനം. രണ്ടാം ഡോസ് വാക്‌സിന്‍ പലരും സ്വീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു പുതിയ നടപടി. ഇതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
തദ്ദേശ സ്ഥാപനതല കോര്‍ ഗ്രൂപ്പ്, ചുമതലയുള്ള മെഡിക്കല്‍ ഓഫിസറുടെ പങ്കാളിത്തത്തോടെ യോഗം ചേര്‍ന്നു രണ്ടാം ഡോസ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നാണ് നിര്‍ദേശം. ഇതിന്റ ഭാഗമായി വാക്‌സിന്‍ എടുക്കേണ്ടവരുടെ പട്ടിക തയാറാക്കണം. ഓരോ ആശാ വര്‍ക്കറും അവരുടെ പ്രദേശത്തു രണ്ടാം ഡോസ് കിട്ടേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയാറാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
തയാറാക്കുന്ന പട്ടികയില്‍ നിന്ന് മുന്‍ഗണനാ പട്ടികയുണ്ടാക്കി ആരോഗ്യ വകുപ്പുമായി ചേര്‍ന്നു തദ്ദേശ സ്ഥാപനതലത്തില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കണം. നഗര പ്രദേശങ്ങളില്‍ ഒരു വാര്‍ഡിന് ഒരു ആശ പ്രവര്‍ത്തക മാത്രമേയുള്ളൂവെങ്കില്‍ ഇതിനായി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ ഉത്തരവാദിത്തമേല്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
നടപടികള്‍ തദ്ദേശ സ്ഥാപനതല കോര്‍ ഗ്രൂപ്പ് വിലയിരുത്തുകയും രണ്ടാം ഡോസ് എടുക്കാത്തവര്‍ ആരുമില്ലെന്ന് ഉറപ്പാക്കുകയും വേണം. നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്.
https://www.facebook.com/Malayalivartha

























