വീണ്ടും ഡാം തുറക്കുമോ... സംസ്ഥാനത്തു നാളെ വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത; ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10വരെയാണു മിന്നലിനുള്ള സാധ്യത; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുല്ലപ്പെരിയാറും ഇടുക്കിയും ഉള്‍ക്കൊള്ളുന്ന ഇടുക്കി ജില്ലയിലും അലര്‍ട്ട്

മഴകാരണം മനുഷ്യന് ഒരു സ്വസ്ഥതയുമില്ലെന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഈ മഴ മാറിയിട്ട് ഒന്ന് പുറത്തിറങ്ങാമെന്ന് കരുതിയിട്ടും മാറുന്നില്ല. ഡാമുകളാണെങ്കില്‍ നിറഞ്ഞ് കവിഞ്ഞ് പല പ്രാവശ്യമാണ് തുറന്നത്. വീണ്ടുമിതാ സമാന സാഹചര്യമാണ് ഉണ്ടാകുന്നത്. വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് സൂചനം.
സംസ്ഥാനത്തു നാളെ വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10വരെയാണു മിന്നലിനുള്ള സാധ്യത കൂടുതല്‍.
ഇന്നു കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിനു സമാനമായ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
ബംഗാള്‍ ഉള്‍ക്കടലിലെ 'ജവാദ്' ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തെ തുടര്‍ന്നു വടക്കന്‍ ആന്ധ്രപ്രദേശ്-ഒഡീഷ തീരത്തു ചുഴലിക്കാറ്റുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഒഡീഷയിലെ പുരി തീരത്തു അതിതീവ്ര ന്യൂനമര്‍ദമായി എത്തും. തുടര്‍ന്നു ശക്തി കുറഞ്ഞ്, ഒഡീഷ-ബംഗാള്‍ തീരത്തേക്കു നീങ്ങുമെന്നാണു പ്രവചനം.
ബംഗാളില്‍ സൗത്ത് 24 പര്‍ഗാനാസ്, വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലകളുടെ തീരങ്ങളില്‍നിന്നും ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ആന്ധ്രപ്രദേശില്‍ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നായി അരലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.
ഈ വര്‍ഷം മഴ കാര്യമായി ലഭിച്ചു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തുലാമഴ ലഭിച്ച ജില്ലകളില്‍ കൊല്ലത്തിനു രണ്ടാം സ്ഥാനം. 1641.6 മില്ലീമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ട ജില്ല കഴിഞ്ഞാല്‍, ഏറ്റവുമധികം മഴ പെയ്തത് കൊല്ലത്താണ് 1247.3 മില്ലീമീറ്റര്‍. സാധാരണഗതിയില്‍ 589.4 മില്ലീമീറ്റര്‍ മഴ പെയ്യേണ്ടിടത്താണ് ഇത്രയധികം മഴ ലഭിച്ചത്. 112 ശതമാനം അധിക മഴയാണ് ഈ തുലാവര്‍ഷത്തില്‍ ജില്ലയില്‍ പെയ്തത്. തെക്കന്‍ ജില്ലകളില്‍ തുലാവര്‍ഷം പൊതുവേ ശക്തമാകാറുണ്ടെങ്കിലും ഇത്രയും മഴ അപൂര്‍വമാണ്. മണ്‍സൂണ്‍ മഴ വടക്കന്‍ ജില്ലകളിലും തുലാമഴ തെക്കന്‍ ജില്ലകളിലും പൊതുവേ കൂടുതല്‍ ലഭിക്കാറുണ്ട്.
വൈകുന്നേരങ്ങളില്‍ മിന്നലിനും ഇടിക്കുമൊപ്പമുള്ള മഴയെന്ന പതിവു മാറ്റി തുലാവര്‍ഷം ഇക്കുറി തകര്‍ത്തു പെയ്തപ്പോള്‍ പിന്നിട്ടത് പുതിയ റെക്കോര്‍ഡ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ചരിത്രത്തിലാദ്യമായി തുലാമഴ 1000 മില്ലിമീറ്റര്‍ പെയ്തു. ഇന്നു രാവിലെ വരെയുള്ള കണക്കനുസരിച്ച് 1004.5 മില്ലിമീറ്റര്‍ മഴ ഇതുവരെ ലഭിച്ചു. 2010ല്‍ രേഖപ്പെടുത്തിയ 822.9 മില്ലിമീറ്റര്‍ മഴയുടെ റെക്കോര്‍ഡാണ് ഇത്തവണ മറികടന്നത്.
സംസ്ഥാനത്ത് തുലാമഴ ശരാശരി 462.2 മില്ലിമീറ്റര്‍ മഴയാണു തുലാ വര്‍ഷത്തില്‍ ലഭിച്ചിരുന്നത്. 116 % അധിക മഴയാണ് ഈ സീസണില്‍ ഇതുവരെ ലഭിച്ചത്. ഡിസംബര്‍ 31 വരെയുള്ള മഴ തുലാവര്‍ഷക്കണക്കിലാണ് ഉള്‍പ്പെടുത്തുക. സംസ്ഥാനത്തെ ഒരു ജില്ലയിലും തുലാ വര്‍ഷ കാലത്ത് 600 മില്ലി മീറ്റര്‍ പോലും മഴ ലഭിച്ചിരുന്നില്ല. ദീര്‍ഘകാല ശരാശരി കണക്കാക്കിയാല്‍ 589.4 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്ന കൊല്ലത്താണു കൂടുതല്‍ മഴ ലഭിച്ചിരുന്നത്. പത്തനംതിട്ട 563 മില്ലിമീറ്റര്‍, ആലപ്പുഴ 543 മില്ലിമീറ്റര്‍ എന്നിങ്ങനെയായിരുന്നു ദീര്‍ഘകാല ശരാശരി. 2020ലെ തുലാവര്‍ഷത്തില്‍ സംസ്ഥാനത്ത് 26 % മഴ കുറവാണു ലഭിച്ചത്. ഇത്തവണ കാലവര്‍ഷത്തിലും 16 % മഴ കുറവായിരുന്നു. 2049.2 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 1718.8 മില്ലിമീറ്റര്‍ മാത്രം.
https://www.facebook.com/Malayalivartha