അതെങ്ങനെ ശരിയാകും... സര്‍ക്കാരിന് എപ്പോഴും തലവേദനയാകുന്ന ഇഡിയെ നിലയ്ക്ക് നിര്‍ത്താന്‍ പോലീസ്; സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് ക്രൈംബ്രാഞ്ചില്‍ പുതിയ വിഭാഗം; വന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ പൊലീസന്വേഷണം ഫലപ്രദമാവില്ലെന്ന് വാദിക്കുന്നവരെ പൂട്ടും

ഇഡി അഥവാ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നും സര്‍ക്കാരിനും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും തലവേദനയാണ്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇതേറെ അനുഭവിച്ചത്. ഇഡിയുടെ ഇടപെടല്‍ കാരണം ചാനല്‍ ചര്‍ച്ചകള്‍ നടത്തിയതിന് കൈയ്യും കണക്കുമില്ല. സര്‍ക്കാരിനെ ഇത്രമേല്‍ വെള്ളം കുടുപ്പിച്ച ഇഡിയെ പൂട്ടാനൊരുങ്ങുകയാണ്.
ഇഡിയെ നേരിടാന്‍, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് പുതിയ വിഭാഗം ക്രൈംബ്രാഞ്ചില്‍ തുടങ്ങുന്നു. ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോള്‍ അവ കാര്യക്ഷമമായി അന്വേഷിക്കാന്‍ സംസ്ഥാനത്തിന് ക്രൈംബ്രാഞ്ച് ഉണ്ടെന്ന മറുന്യായം ഉന്നയിക്കാന്‍ പഴുതുണ്ട്.
എന്നാല്‍, ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ പഴുതില്ല. അതിനെ നേരിടാനാണ് പുതിയ സംവിധാനം. അതേസമയം, ഇ.ഡിയുടെ വിപുലമായ അധികാരങ്ങള്‍ ഇതിന് ലഭിക്കില്ല. സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കാന്‍ നിലവില്‍ ഇക്കണോമിക് ഒഫന്‍സ് വിംഗ് ഉണ്ടായിരിക്കെയാണ് ക്രൈംബ്രാഞ്ചില്‍ തന്നെ പുതിയ വിഭാഗം രൂപീകരിക്കുന്നത്.
വന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ പൊലീസന്വേഷണം ഫലപ്രദമാവില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിക്കോ സി.ബി.ഐക്കോ കൈമാറുകയാണ് കോടതികള്‍ ചെയ്യുന്നത്. മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയടക്കം ആരോപണ വിധേയരായ, പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കേസിലടക്കം ഇ.ഡി അന്വേഷണമുണ്ട്. പുതിയ വിഭാഗം വരുന്നതോടെ ഇത്തരം കേസുകളില്‍ ഇ.ഡി അന്വേഷണത്തിന് തടയിടാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഡി.ജി.പിയുടെ ശുപാര്‍ശപ്രകാരം നാല് എസ്.പിമാരും 11 ഡിവൈ.എസ്.പിമാരും ഉള്‍പ്പെടെ 34 തസ്തികകള്‍ ഇതിനായി സൃഷ്ടിച്ചു. ഐ.ജിയാണ് തലവന്‍. ജില്ലകളില്‍ എസ്.പിമാരും ഡിവൈ.എസ്.പിമാരും മേധാവികളാവും.
ലൈഫ്, കെഫോണ്‍ തുടങ്ങിയ സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളില്‍ ഇ.ഡിയുടെ അന്വേഷണം വിവാദമായി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ പ്രേരിപ്പിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഫെഡറല്‍ സംവിധാനത്തെ മറികടക്കുന്നതാണ് ഇ.ഡിയുടെ നടപടികളെന്ന് മോന്‍സണ്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തു.
ഓണ്‍ലൈനിലടക്കം സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ വിഭാഗമെന്നാണ് പൊലീസ് പറയുന്നത്. കേസുകളുടെ ബാഹുല്യം കാരണം ഇത്തരം മിക്കകേസുകളിലും പ്രതികള്‍ പിടിക്കപ്പെടാറില്ല.
ഇഡിയുമായുള്ള പോരാട്ടത്തില്‍ കേസ് മുതല്‍ നോട്ടീസ് വരെ ഉണ്ടായിട്ടുണ്ട്. കേന്ദ്രഏജന്‍സികള്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയത് അന്വേഷിക്കാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചെടുത്ത രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി. ഈ കേസില്‍ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ അനുമതി നല്‍കി. ഇത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ലൈഫ് മിഷന്‍ കോഴക്കേസില്‍ ഫയലുകള്‍ വിളിച്ചുവരുത്താനുള്ള ഇ.ഡിയുടെ നീക്കത്തില്‍ വിശദീകരണം തേടി നിയമസഭാ എത്തിക്‌സ് കമ്മിറ്റി നോട്ടീസയയ്ക്കുകയും ചെയ്തു. ഇങ്ങനെ സര്‍ക്കാരും ഇഡിയും കൊമ്പു കോര്‍ക്കുന്നതിനിടെയാണ് പുതിയ വിഭാഗം വരുന്നത്.
"
https://www.facebook.com/Malayalivartha