വേദന തിന്ന കാലം... താന്‍ കാന്‍സര്‍ രോഗിയാണെന്ന് തുറന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍; ഭാര്യ വിനോദിനിയുടെ സാന്നിധ്യത്തില്‍ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ കേട്ടു നിന്നവരുടെ കണ്ണ് നിറഞ്ഞു; അപ്പോഴും നിറ പുഞ്ചിരിയുമായി കോടിയേരി അനുഭവങ്ങള്‍ തുടര്‍ന്നു

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടുമെത്തിയ കോടിയേരി ബാലകൃഷ്ണന്‍ തന്റെ വ്യത്യസ്തമായ പ്രസംഗത്തിലൂടെ കാണികളുടെ കണ്ണ് നനയിപ്പിച്ചു. കാന്‍സറിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ഭാര്യ വിനോദിനിയുടെ സാന്നിധ്യത്തില്‍ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ അത് വല്ലാത്തൊരു നൊമ്പരമായി മാറി. ഇതോടൊപ്പം മക്കളുടെ പ്രശ്‌നങ്ങളും.
മണിക്കൂറുകള്‍ക്കു മുന്‍പ് കീമോതെറപ്പി നടത്തിയശേഷം ട്രിവാന്‍ഡ്രം ഓങ്കോളജി ക്ലബ്ബിന്റെ പത്താം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കവേയാണ് കോടിയേരി മനസ് തുറന്നത്. ഞാന്‍ കാന്‍സര്‍ രോഗിയാണ്. 2 വര്‍ഷമായി ചികിത്സ തുടരുന്നു. രോഗവിവരം വെളിപ്പെടുത്തുന്നതില്‍ ഞാന്‍ മടി കാണിച്ചിട്ടില്ല. കാന്‍സര്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ ചികിത്സിക്കണം.
2 വര്‍ഷം മുന്‍പ് പ്രമേഹ പരിശോധനയുടെ ഭാഗമായി രക്തം പരിശോധിച്ചിരുന്നു. രക്ത പരിശോധനയില്‍ കാന്‍സര്‍ വരെ കണ്ടുപിടിക്കാമെന്നു ഡോക്ടര്‍ അവകാശപ്പെട്ടപ്പോള്‍ അങ്ങനെയാകട്ടെ എന്നു പറഞ്ഞു. പരിശോധനാ ഫലം വന്നപ്പോള്‍ ഡോക്ടര്‍ക്ക് സംശയം. പക്ഷേ, തുറന്നു പറഞ്ഞില്ല. ഒരിക്കല്‍ കൂടി വിശദ പരിശോധന നടത്തണമെന്നായി. സ്‌കാന്‍ ചെയ്തപ്പോഴാണ് പാന്‍ക്രിയാസിനെ രോഗം ബാധിച്ചിട്ടുണ്ടെന്നു മനസ്സിലായത്. ഒരു ഭാഗം നീക്കം ചെയ്ത പാന്‍ക്രിയാസുമായാണു താന്‍ ജീവിക്കുന്നത്. ശസ്ത്രക്രിയയിലൂടെ രോഗത്തിനു വലിയ മാറ്റമുണ്ടായി... കോടിയേരി ഇത് പറയുമ്പോള്‍ പലരുടേയും കണ്ണ് നിറഞ്ഞു.
കാന്‍സര്‍ രോഗ ചികിത്സാ സൗകര്യം സംസ്ഥാനത്ത് ഇപ്പോഴും അപര്യാപ്തമാണ്. കീമോതെറപ്പി നടത്താനുള്‍പ്പെടെ ക്യൂ നില്‍ക്കേണ്ട അവസ്ഥയുണ്ട്. സൗജന്യ ചികിത്സ നല്‍കുകയോ ചികിത്സാ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കോടിയേരി യോദ്ധാവാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത് ശശി തരൂര്‍ എംപി പറഞ്ഞു. കീമോതെറപ്പി കഴിഞ്ഞ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് ഇതിനു തെളിവാണെന്നും തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോടിയേരി സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തിയത്. രോഗവും മകന്‍ ബിനീഷിന്റെ അറസ്റ്റും പോലെ അപ്രതീക്ഷിതമല്ല സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ്. കോടിയേരി ആരോഗ്യം വീണ്ടെടുത്തു വന്ന സമയത്തു ബിനീഷിന് ജാമ്യം കൂടി കിട്ടിയതോടെ ഏതു സമയത്തും അദ്ദേഹം തിരിച്ചുവരുമെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ ഉറപ്പിച്ചിരുന്നു.
ഒന്നര മാസം മുന്‍പ് ബിനീഷിനു ജാമ്യം കിട്ടിയപ്പോള്‍ തന്നെ കോടിയേരിയുടെ തിരിച്ചുവരവ് മാധ്യമങ്ങള്‍ പ്രവചിച്ചു. പാര്‍ട്ടി കേന്ദ്രങ്ങളിലും ധാരണയായി. എന്നാല്‍ മാധ്യമങ്ങള്‍ പ്രവചിക്കുന്ന ഘട്ടത്തില്‍ തന്നെ പാര്‍ട്ടി തീരുമാനമെടുക്കേണ്ടെന്ന് ഉന്നത നേതൃത്വം നിശ്ചയിച്ചതോടെയാണ് അത് അല്‍പം നീണ്ടുപോയത്.
വി.എസ്.അച്യുതാനന്ദന്‍ സമ്മേളന വേദി ബഹിഷ്‌കരിച്ച ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയനു പകരം കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ അമരത്തേക്കു വരുന്നത്. കഴിഞ്ഞ തൃശൂര്‍ സമ്മേളനം അദ്ദേഹത്തെ രണ്ടാമതും സെക്രട്ടറിയാക്കി. ആരോഗ്യനില ഭദ്രമായി തുടര്‍ന്നാല്‍ മാര്‍ച്ചില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ മൂന്നാം ഊഴവും അദ്ദേഹത്തെ തേടിയെത്താം. പാര്‍ട്ടി ഭരണഘടന പ്രകാരം സെക്രട്ടറി സ്ഥാനത്തു 3 തവണ വരെയാണ് തുടരാവുന്നത്. ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ കോടിയേരി സെക്രട്ടറിയായതോടെ പാര്‍ട്ടിയുടെ നിയന്ത്രണം നിര്‍ണായകഘട്ടത്തില്‍ അദ്ദേഹം വീണ്ടും കയ്യാളുകയാണ്. വ്യക്തിപരമായ വലിയ പ്രതിസന്ധികളെ മറികടന്നുള്ള അതിജീവനമായി കൂടി കോടിയേരിയുടെ ഈ തിരിച്ചു വരവിനെ കാണാം.
"
https://www.facebook.com/Malayalivartha