സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന കുടുംബങ്ങളിലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന യുവാക്കളെ നോട്ടമിടും... വിവാഹ അഭ്യർത്ഥനയുമായി അടുത്തുകൂടിയാൽ സ്നേഹം കൊണ്ട് മൂടും! വിവാഹം കഴിഞ്ഞാൽ ദിവസങ്ങൾക്ക് ശേഷം സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ലക്ഷങ്ങളുമായി കടക്കും; കേരളത്തിൽനിന്നുള്ള നാലുപേരുൾപ്പെടെ 11 പേർ സഹോദരിമാരുടെ വലയിൽ വീണു... വിവാഹത്തട്ടിപ്പ് കേസിൽ സഹോദരിമാര്‍ക്ക് തടവും പിഴയും

വളരെ വ്യത്യസ്തമായ വിവാഹത്തട്ടിപ്പ് സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സഹോദരിമാർ ലക്ഷ്യവെച്ച് ഇറങ്ങിയത് ശാരീരിക വെല്ലുവിളികൾ നേരിടുന്ന യുവാക്കളെ കെണിയിൽ വീഴ്ത്താൻ. പോലീസ് കയ്യോടെ പൊക്കിയപ്പോൾ ഇന്ദോർ സ്വദേശിനിക്ക് മൂന്നുവർഷം കഠിനതടവും ഒൻപതര ലക്ഷം രൂപ പിഴയും. കേസിൽ രണ്ടാം പ്രതിയായ ഇവരുടെ സഹോദരിയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.
മേഘ ഭാർഗവ (30), സഹോദരി പ്രചി ശർമ ഭാർഗവ എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്. ശാരീരിക വൈകല്യമുള്ളവരെ വിവാഹംകഴിച്ച് അവരുടെ പണവും സ്വർണവുമെല്ലാം കവർന്നുവെന്നാണ് കേസ്.
കേരളത്തിൽനിന്നുള്ള നാലുപേരുൾപ്പെടെ 11 പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2015 സെപ്റ്റംബറിൽ വൈറ്റില സ്വദേശിയെ മേഘ വിവാഹംചെയ്തു. സംസാരിക്കുന്നതിന് ബുദ്ധിമുട്ടുള്ള ഈ വ്യക്തിയുമായുള്ള വിവാഹാലോചന മുന്നോട്ടുവച്ചത് മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു അമ്പലത്തിലാണ് വിവാഹം നടന്നത്.
വിവാഹത്തിനുശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്വർണാഭരണങ്ങളും വാച്ചും ഡയമണ്ട് ആഭരണവും വസ്ത്രങ്ങളും അഞ്ചരലക്ഷം രൂപയുമായി മേഘ ഇന്ദോറിലേക്ക് കടന്നു. പണമുൾപ്പെടെ 9.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. തുടർന്ന് വൈറ്റില സ്വദേശി സിറ്റി പോലീസിൽ പരാതി നൽകി. ഈ വിവാഹത്തിന് മുൻപ് മേഘ രണ്ടു വിവാഹങ്ങൾ കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന കുടുംബങ്ങളിലെ, ശാരീരിക വെല്ലുവിളികൾ നേരിടുന്ന യുവാക്കളെയാണ് ഇവർ തട്ടിപ്പിനിരയാക്കിയത്. രജിസ്‌ട്രേഷൻ ഒഴിവാക്കി, മതവിശ്വാസപ്രകാരമുള്ള വിവാഹത്തിനാണ് ഇവർ യുവാക്കളെ നിർബന്ധിച്ചിരുന്നത്.
കുറച്ചുകാലം താമസിച്ചശേഷം ഇവരുടെ പണവും സ്വർണവുമെല്ലാം കവർന്ന് കടന്നുകളയുകയായിരുന്നു പതിവ്. കേസുമായി ബന്ധപ്പെട്ട് 2016-ൽ കൊച്ചി സിറ്റി പോലീസ് മേഘയുൾപ്പെടെ നാലുപേരെ അറസ്റ്റുചെയ്തിരുന്നു.
പ്രചി, മഹേന്ദ്ര ബുണ്ടേല, ദേവേന്ദ്ര ശർമ എന്നിവരാണ് ഒപ്പം അറസ്റ്റിലായത്. മേഘയും വൈറ്റില സ്വദേശിയുമായുള്ള വിവാഹത്തിന് ഇടനിലക്കാരനായത് മഹേന്ദ്ര ബുണ്ടേലയാണ്. കേസിൽ ബുണ്ടേലയെയും ശർമയെയും വെറുതെ വിട്ടു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്ത് മേഘ വീണ്ടും വിവാഹംകഴിച്ച് തട്ടിപ്പ് നടത്തിയതായും പോലീസ് പറയുന്നു. കൂടുതൽ പേര് ഇവരുടെ വലയിൽ വീണിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു
https://www.facebook.com/Malayalivartha