ഈ പ്രദേശത്ത് ഏറ്റവും അനുയോജ്യം ഫലവൃക്ഷങ്ങളാണ്; ഇന്നത്തേതുപോലെ ഓരോ കൃഷിക്കാരനും ഇഷ്ടമുള്ള ഏതെങ്കിലും ഫലവൃക്ഷം നട്ടാൽ പോരാ; രണ്ടോ മൂന്നോ ഫലവൃക്ഷങ്ങൾ ആയിരക്കണക്കിനു വച്ചുപിടിപ്പിക്കണം; എങ്കിൽ ഇവയുടെ ഉൽപ്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യാനാകൂ; നെൽകൃഷി മേഖലയിൽ ദേശീയ അംഗീകാരം നേടിയ മയ്യിൽ പഞ്ചായത്തിന്റെ വിശേഷങ്ങളുമായി ഡോ.തോമസ് ഐസക്ക്

നെൽകൃഷി മേഖലയിൽ ദേശീയ അംഗീകാരം നേടിയ പഞ്ചായത്താണ് മയ്യിൽ. ഈ പഞ്ചായത്തിന്റെ ഇനിയുള്ള പരിപാടി എന്താണെന്ന് പറയുകയാണ് ഡോ.തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; 'വിളയുന്ന മണ്ണ് വളരുന്ന മയ്യിൽ’ എന്നതായിരുന്നു ശിൽപ്പശാലയുടെ വിഷയം. നെൽകൃഷി മേഖലയിൽ ദേശീയ അംഗീകാരം നേടിയ പഞ്ചായത്തിന്റെ ഇനിയുള്ള പരിപാടി എന്ത്?
ഒന്ന്, നെല്ലിന്റെ ഉൽപ്പാദനക്ഷമത ഇനിയും ഉയർത്തണം. ഇതിനുള്ള കൃഷി പ്രോട്ടോക്കോൾ തയ്യാറാക്കണം. നെല്ലിന്റെ സംഭരണം വർദ്ധിപ്പിക്കണം. ഇതിനാവട്ടെ സർക്കാരിന്റെ ധനസഹായം ഉണ്ടാവണം. രണ്ട്, നെൽകൃഷിയുടെ ഏലാകൾ ഭൂവിസ്തൃതിയുടെ 27 ശതമാനമേ വരൂ. 37 ശതമാനം കുന്നിൻമണ്ടയും പീഠഭൂമിയുമാണ്. 36 ശതമാനം ചരിവുഭൂമിയും. ഇവിടെ വേണ്ടത്ര വെള്ളമില്ല. ഇവിയെടുള്ള കാർഷികോൽപ്പാദനം വർദ്ധിപ്പിക്കാൻ എന്തു വേണം?
ഈ പ്രദേശത്ത് ഏറ്റവും അനുയോജ്യം ഫലവൃക്ഷങ്ങളാണ്. ഇന്നത്തേതുപോലെ ഓരോ കൃഷിക്കാരനും ഇഷ്ടമുള്ള ഏതെങ്കിലും ഫലവൃക്ഷം നട്ടാൽ പോരാ. രണ്ടോ മൂന്നോ ഫലവൃക്ഷങ്ങൾ ആയിരക്കണക്കിനു വച്ചുപിടിപ്പിക്കണം. എങ്കിൽ ഇവയുടെ ഉൽപ്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യാനാകൂ. കൃഷിക്കാർക്ക് അധിക വരുമാനവുമാകും. കുറ്റ്യാട്ടൂർ മാവ്, വിവിധയിനം പ്ലാവുകൾ, നാളികേരം ഇവയാണ് ഉയർന്നുവന്ന നിർദ്ദേശങ്ങൾ.
ഇവയുടെ നേഴ്സറി വേണം. തൊഴിലുറപ്പുവഴി കുഴിയൊരുക്കി നടാം. പക്ഷെ പരിപാലനത്തിനു പ്രത്യേക സംവിധാനം വേണം. ഒരു ലേബർ ബാങ്ക്. ലേബർ ബാങ്കിലെ തൊഴിലാളികൾ തങ്ങളുടെ അധ്വാനം കൃഷിക്കാർക്കു പരിപാലന ജോലികൾക്ക് വായ്പയായി നൽകുന്നു. ഫലവൃക്ഷങ്ങൾ വിളവുതരുമ്പോൾ കിട്ടുന്ന വരുമാനത്തിൽ നിന്ന് വായ്പയായി ലഭിച്ച അധ്വാനത്തിന്റെ കൂലി നൽകിയാൽ മതിയാകും.
അതുവരെ സഹകരണ ബാങ്കിൽ നിന്ന് ലേബർ ബാങ്കിന് ഓവർഡ്രാഫ്റ്റ് അടിസ്ഥാനത്തിൽ കൂലി നൽകാൻ വായ്പ ലഭ്യമാക്കണം. പലിശ പ്ലാൻ ഫണ്ടിൽ നിന്നും നൽകാം. മരങ്ങൾ ജിയോ ടാഗ് ചെയ്ത് മോണിറ്റർ ചെയ്യണം.
ഫലങ്ങൾ വിപണനത്തിനായി അഗ്രഗേറ്റ് ചെയ്യുന്നതിന് പ്രത്യേക കമ്പ്യൂട്ടർ ആപ്പ് ലഭ്യമാണ്. കട്ട്ഫ്രൂട്ട്സിന്റെ സ്റ്റോളുകളും ആരംഭിക്കാം. സംസ്കരിച്ച് വിൽക്കുന്നതിനുള്ള സംസ്കരണശാലകൾക്കും രൂപം നൽകാം.
മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിക്ക് ബൈലോ പ്രകാരം മറ്റു കാർഷികവിളകളിലും സംസ്കരണത്തിലും ഇടപെടുന്നതിന് സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് പുതിയതായി മറ്റൊരു പ്രൊഡ്യൂസർ കമ്പനി രൂപീകരിക്കേണ്ടതുണ്ട്. ഫലവൃക്ഷ കൃഷിക്കാരുടെ ക്ലസ്റ്ററുകൾ രൂപം നൽകി പ്രവർത്തനത്തിലേയ്ക്കു നീങ്ങാം.
ഇതോടൊപ്പം ജെയിംസ് മാത്യു എംഎൽഎ തുടങ്ങിവച്ച തളിപ്പറമ്പ് നീർത്തട വികസന പദ്ധതി പൂർത്തീകരിക്കാൻ കഴിയണം. എങ്കിൽ കുന്നിൻചരിവുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഫലവൃക്ഷങ്ങളുടെ ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനും കഴിയൂ.
https://www.facebook.com/Malayalivartha