നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എത്തിച്ച വിഐപിയുടെ ശബ്ദരേഖ പുറത്ത്, കാവ്യയുടെ 'ഇക്ക'യ്ക്ക് ഉടൻ പിടിവീഴും, ദിലീപിന്റെ സഹോദരനും സഹോദരി ഭർത്താവും സംവിധായകന്റെ വെളിപ്പെടുത്തലിൽ സംശയ നിഴലിൽ, അന്വേഷണ സംഘത്തിന്റെ മുന്നിൽ ചോദ്യം ചെയ്യലിന്ദ ദിലീപ് ഹാജരായില്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ സാധ്യത, ഇനി ഓരോ ദിനവും നിർണ്ണായകം

2017 ഫെബ്രുവരി 17ന് കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വീണ്ടും ആരോപണമുയർന്ന സാഹചര്യത്തിൽ അന്വേഷണസംഘം ചോദ്യം ചെയ്യും.അടുത്ത തിങ്കളാഴ്ച ദിലീപിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. വിയ്യൂർ ജയിലിൽ കഴിയുന്ന പൾസർ സുനിയെ ചോദ്യംചെയ്ത ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. ഇനി ഈ കേസിൽ ഇനി ഓരോ ദിനവും നിർണ്ണായകമാണ്.
സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 20ന് മുമ്പ് വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ വിചാരണക്കോടതി നിർദ്ദേശമുണ്ട്. ഇതിനകം ദിലീപിനെ ചോദ്യം ചെയ്ത് റിപ്പോർട്ട് കോടതിക്ക് കൈമാറും. വിചാരണ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 20നാണ് വീണ്ടും പരിഗണിക്കുന്നത്.
കേസിലെ മിക്കവാറും എല്ലാ സാക്ഷികളേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ചില പ്രതികളിൽ നിന്ന് കൂടി വിവരങ്ങൾ തേടും. തുടർ അന്വേഷണത്തിന് കോടതി അനുമതി നൽകുമെന്നും വിചാരണ നീട്ടിവയ്ക്കുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. അങ്ങനെ വന്നാൽ കേസിൽ പുതിയ പ്രതികൾ വരാനും സാധ്യതയുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാറിന്റേതായി പുറത്തുവന്നത്.
പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടിട്ടുണ്ടെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ബാലചന്ദ്രകുമാറിന്റെ മൊഴി മുദ്രവെച്ച കവറിൽ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കോടതിയിൽ അപേക്ഷനൽകിയിട്ടുണ്ട്.
ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോണ്‍ അടക്കം നല്‍കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുകയാണ്. അതേസമയം, കേസില്‍ ഐപിസി സെക്ഷൻ 164 പ്രകാരം തന്റെ രഹസ്യ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചതായും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.കേസില്‍ തന്റെ പരാതി അനുസരിച്ച് മൂന്ന് കാര്യങ്ങളാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.
ഒന്ന്, ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനിയെ കണ്ടു എന്നത്. രണ്ട്, കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നത്. മൂന്ന്, കേസുമായി ബന്ധപ്പെട്ടുള്ള വിഐപിയുടെ പങ്ക്. ഉന്നതന്റെ പങ്ക് എന്ന് പറയുമ്പോഴും അത് ആരാണ് എന്നതില്‍ ഇതുവരെ വ്യക്തമായിട്ടില്ല. ഈ വിഐപിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് അവര്‍ കണ്ടുവെന്നതുമാണ് മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചു.
ഇതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹമായിരിക്കാമെന്ന് താന്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുംമെന്ന് പൊലീസിനെ അറിയിച്ചതായും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവന്‍ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചത്.
അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറികാര്‍ഡ് ദിലീപിന് കൈമാറിയതില്‍ ഒരു ഉന്നതന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാര്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടര്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്.
ദിലീപിന്റെ സഹോദരനേയും സഹോദരി ഭർത്താവിനേയും കൂടി സംശയത്തിൽ നിർത്തുന്നതാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ അവരേയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. രഹസ്യ കേന്ദ്രത്തിൽ ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ആലോചന. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെയാണ് ദിലീപ് ഈ ഘട്ടത്തിൽ ഗൂഢാലോചന കാണുന്നത്. ബാലചന്ദ്രകുമാറിന് പിന്നിൽ ബൈജു പൗലോസാണെന്ന് ദിലീപ് ആരോപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കരുതലോടെ മാത്രമേ അന്വേഷണ സംഘം നീങ്ങാൻ ഇടയുള്ളൂ. ഹൈക്കോടതിയിലെ പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് കോടതി നിലപാട് പറയും. ഇതും പരിശോധിച്ചാകും അന്വേഷണ സംഘം തീരുമാനങ്ങളിലേക്ക് കടക്കൂ.ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചാൽ ദിലീപിന് ഹാജരാകേണ്ടി വരും. അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കാൻ പോലും സാധ്യത തെളിയും. അതിനാൽ അന്വേഷണ സംഘത്തിന് മുന്നിലെത്തി ആരോപണങ്ങൾ നിഷേധിക്കുകയാകും ദിലീപിന്റെ തന്ത്രം.
https://www.facebook.com/Malayalivartha