കേരളത്തിൽ മൂന്നാം തരംഗം ഉറപ്പായും സംഭവിക്കും; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായാല്‍ അത് ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാകും; ഒമിക്രോണോടെ കോവിഡ് 19 മഹാമാരി പര്യവസാനത്തിലേക്ക് പോകുന്നു എന്ന വാദത്തെ തള്ളിക്കളയാന്‍ കഴിയില്ലെന്ന് ആരോഗ്യ വിദഗ്‌ധര്‍

ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മൂന്നാം തരംഗം ഉറപ്പാണെന്ന് ഐ.എം.എ സംസ്ഥാന അധ്യക്ഷന്‍ ഡോക്ടര്‍ സുല്‍ഫി നൂഹ്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നുവെങ്കിലും രോഗികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നില്ലെന്നത് ആശ്വാസകരമായ കാര്യമാണ്. കേരളത്തിലും മൂന്നാം തരംഗം ഉറപ്പായും സംഭവിക്കുമെന്നും എന്നാല്‍ ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി മറ്റ് സംസ്ഥാനങ്ങളില്‍ തരംഗമുണ്ടായ ശേഷം മാത്രമേ കേരളത്തില്‍ വ്യാപനം ഉച്ചസ്ഥായിയിലെത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
'രോഗികളില്‍ ഗുരുതരമായി ബാധിക്കില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായാല്‍ അത് ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാകും. അങ്ങനെ സംഭവിച്ചാല്‍ കാര്യങ്ങല്‍ സങ്കീര്‍ണമാകാനുള്ള സാധ്യതയുണ്ട്. ഒമിക്രോണോടെ കോവിഡ് 19 മഹാമാരി പര്യവസാനത്തിലേക്ക് പോകുന്നു എന്ന വാദത്തേയും തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ വശങ്ങള്‍ പരിശോധിച്ചാല്‍ മുന്‍പും മഹാമാരികള്‍ അവസാനിച്ചിട്ടുള്ളത് വ്യാപകമായി രോഗം പകരുകയും എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാതെ കടന്നുപോയിട്ടുമാണ്.'- സുല്‍ഫി നൂഹ് വ്യക്തമാക്കി.
'കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം ലോകത്താകമാനം വ്യാപിക്കുകയാണ്. നമ്മുടെ രാജ്യത്തും കേസുകള്‍ കൂടുന്നുണ്ട്. ഇത് ഉടനെ തന്നെ മൂന്നാം തരംഗത്തിലേക്ക് എത്തിച്ചേരുമെന്നും ഉറപ്പായിക്കഴിഞ്ഞു. ശ്രദ്ധിക്കേണ്ട കാര്യം ഡെല്‍റ്റയാണ് ഏറ്റവും അധികം ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ അത് ഒമിക്രോണിലേക്ക് മാറുകയാണ്.മറ്റ് രാജ്യങ്ങളിലെ കാര്യം പരിശോധിച്ചാല്‍ ഒമിക്രോണ്‍ വകഭേദം രോഗവ്യാപനം കൂടുതല്‍ വേഗത്തിലാക്കുന്നുണ്ട്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗത്തില്‍ രോഗം ബാധിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ അപ്പോഴും രോഗത്തിന്റെ ശക്തി കുറഞ്ഞ് നില്‍ക്കുന്നത് വ്യാപന ഉയരുമ്ബോഴും ആശ്വാസം പകരുന്നതാണ്'- അദ്ദേഹം പറഞ്ഞു.
'വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചാലും രോഗം ഗുരുതരമായി മാറുന്നത് തടയാന്‍ കഴിയുന്നുവെന്നതാണ് മറ്റൊരു കാര്യം. കേരളത്തെ സംബന്ധിച്ച് ആദ്യ രണ്ട് തരംഗങ്ങളിലേത് പോലെ മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തിയ ശേഷമായിരിക്കും ഇവിടെ പ്രകടമാവുക. മൂന്നാം തരംഗം ഉറപ്പായും ഉണ്ടാകും എന്നതില്‍ സംശയമില്ല. കൂടുതല്‍ ആളുകളില്‍ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാതെ ഒമിക്രോണ്‍ വ്യാപനമുണ്ടാകാനാണ് സാധ്യത'- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha