സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ കുറ്റപത്രം; ഫെബ്രുവരി 13ന് കോടതിയില്‍ ഹാജരാകാന്‍ കോടതി സമന്‍സ്

സ്ത്രീത്വത്തെ അപമാനിക്കുകയും മൂന്ന് സ്ത്രീകളെ കൈയേറ്റം ചെയ്യുകയും ചെയ്തെന്ന കേസില്‍ യൂട്യൂബര്‍ വിജയ് പി.നായര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ത്രീകളുടെ അന്തസ്സിനെ ഹനിക്കുക, സ്‌ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുക എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294 (ബി), 354 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. തമ്ബാനൂര്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് ഭാഗ്യലക്ഷ്‌മി പ്രതിക്കെതിരെ പരാതി നല്‍കിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌ത്രീകള്‍ക്കെതിരെ അശ്ലീല വിഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ് പി. നായരെ അയാള്‍ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കടന്ന് മര്‍ദിച്ച കേസില്‍ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവര്‍ക്കെതിരെയും തമ്ബാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നു. അതിന് പുറമെ തങ്ങളെ പ്രതി ആക്രമിച്ചെന്ന പരാതിയും സ്ത്രീകള്‍ നല്‍കിയിരുന്നു.
വിജയ് പി. നായരെ ആക്രമിച്ച കുറ്റത്തിന് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവര്‍ക്കെതിരെയുള്ള കേസില്‍ െപാലീസ് കുറ്റപത്രം ഇതേ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിജയ് പി. നായര്‍ ഫെബ്രുവരി 13ന് കോടതിയില്‍ ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചു. സംഭവത്തിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ വിജയ് പി. നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉപാധികളോടെ തിരുവനന്തപുരം ഒന്നാം അഡി.സെഷന്‍സ് കോടതി ദിവസങ്ങള്‍ക്ക് ശേഷമാണ് അനുവദിച്ചത്.
https://www.facebook.com/Malayalivartha