കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവം: നിര്‍ണായകമായത് ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ അലക്‌സ് സെബാസ്റ്റ്യന്റെ നിര്‍ണായക ഇടപെടല്‍

കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ മറ്റാരും ഇല്ലെന്നാണ് പ്രാഥമിക ചോദ്യംചെയ്യലില്‍ മനസ്സിലായതെന്ന് പൊലീസ്. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. അതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ.
കുഞ്ഞിനെ തട്ടിയെടുത്തശേഷം നീതു താമസിച്ചിരുന്ന ഹോട്ടലിലെത്തി ഹോട്ടല്‍ മാനേജറോട് കുട്ടിയുമായി എറണാകുളത്തേക്ക് പോകാന്‍ ടാക്‌സി ആവശ്യപ്പെട്ടു. ഇതിനിടെയാണ് ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ മാനേജര്‍ക്ക് വിവരം കൈമാറുന്നത്. സംശയം തോന്നിയ മാനേജര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
നാലിനാണ് ഇവര്‍ ആറുവയസ്സുകാരനുമായി എത്തി ഹോട്ടലില്‍ മുറിയെടുത്തത്. കഴിഞ്ഞയാഴ്ച ഡെന്റല്‍ കോളജില്‍ എത്തിയതും നീതുവായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ എന്ന വ്യാജേനയാണ് ഇവിടെ എത്തിയത്. എന്നാല്‍, ആശുപത്രി ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയും താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു.
തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെക്കിട്ടാന്‍ സഹായകമായത് ഗാന്ധിനഗര്‍ ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ അലക്‌സ് സെബാസ്റ്റ്യന്റെ നിര്‍ണായക ഇടപെടലാണ്. മെഡി. കോളജില്‍നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വൈകീട്ട് നാലോടെ ആശുപത്രിയിയില്‍നിന്ന് ബൈക്കിലെത്തിയ യുവാക്കള്‍ ടാക്‌സി സ്റ്റാന്‍ഡില്‍ അറിയിച്ചിരുന്നു.
യുവതിക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. അല്‍പസമയത്തിനകമാണ് സമീപത്തെ ഹോട്ടലില്‍നിന്ന് ഓട്ടംപോകാന്‍ വിളിവന്നത്. അലക്‌സ് ഹോട്ടലിലെത്തിയപ്പോള്‍ പിഞ്ചുകുഞ്ഞുമായി കൊച്ചി അമൃത ആശുപത്രിയിലേക്കാണ് ഓട്ടമെന്ന് റിസപ്ഷനിലെ യുവതി അറിയിച്ചു.
സംശയം തോന്നി മാനേജര്‍ സാബുവിനോട് അലക്‌സ് കാര്യം പറഞ്ഞു. യുവതിക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയുംകൂടി ഉണ്ടെന്ന് ഉറപ്പാക്കിയതോടെ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം പിടികൂടിയ ഗാന്ധിനഗര്‍ പൊലീസിന് അഭിനന്ദന പ്രവാഹം. എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവമുണ്ടായ ഉടന്‍ പൊലീസ് ഓട്ടോബസ് സ്റ്റാന്‍ഡുകളിലും ഹോട്ടലുകളിലും വിവരം അറിയിച്ചതാണ് പ്രയോജനപ്പെട്ടത്. വിവരമറിഞ്ഞ് മന്ത്രി വി.എന്‍. വാസവന്‍, ജില്ല പൊലീസ് മേധാവി, ഡിവൈ.എസ്.പി സുരേഷ് കുമാര്‍ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha