നവജാത ശിശുവിനെ തട്ടി എടുത്തതിന് പിന്നിൽ റാക്കറ്റുമായി ബന്ധമില്ല; ഒപ്പം ഉണ്ടായിരുന്നത് സ്വന്തം കുഞ്ഞ്, പദ്ധതി നടപ്പാക്കാന്‍ ബാർ ഹോട്ടലിൽ മുറിയെടുത്തത് നാലാം തിയതി മുതൽ: പ്രതിയായ നീതുവിനെ സഹായിച്ച കളമശേരി സ്വദേശി പൊലീസ് പിടിയിൽ! ലക്‌ഷ്യം കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുക ആയിരുന്നുവെന്ന് നീതു

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വണ്ടിപെരിയാര്‍ സ്വദേശിനിയുടെ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ കടത്തിയ നീതുവിനെ സഹായിച്ച കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളാണ് പിടിയിലായിരിക്കുന്നത്. പ്രതിയായ നീതുവിനെ ഇയാളാണ് സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
അതിനിടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമം നടന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ജീവനക്കാര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കി. സിസിടിവികള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ഇല്ലെന്ന് കോട്ടയം എസ്‌പി ശില്‍പ വ്യക്തമാക്കി. കുട്ടിയെ തട്ടിയെടുത്ത നീതുവിന് ഒരു റാക്കറ്റുമായി ബന്ധമില്ല. പ്രതി തനിയെയാണ് കുറ്റം ചെയ്തത്. വ്യക്തിപരമായ ചില കാരണങ്ങളാല്‍ ആണ് കുട്ടിയെ തട്ടിയെടുത്തത്. നീതുവിന്റെ ലക്ഷ്യമറിയാന്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ റാക്കറ്റ് ഉണ്ടോ എന്ന് മന്ത്രി സജി ചെറിയാന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌പിയുടെ വിശദീകരണം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നീതുവിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തത വരികയുള്ളൂ. മുന്‍പ് നീതു കുറ്റകൃത്യങ്ങളില്‍ ഒന്നും തന്നെ ഏര്‍പ്പെട്ടിട്ടില്ല. നീതുവിന് ഒപ്പമുള്ളത് സ്വന്തം കുട്ടി തന്നെയാണ്. നാലാം തീയതി മുതല്‍ നീതു ഹോട്ടലില്‍ താമസിച്ചുവരികയാണെന്നും എസ്‌പി പറഞ്ഞു.
കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നല്‍കിയതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. ചൊവ്വാഴ്ചയാണ് എട്ടുവയസ്സുള്ള ആണ്‍കുട്ടിയുമായി ഇവര്‍ ബാര്‍ ഹോട്ടലില്‍ റൂമെടുത്തത്. ഇന്നലെയും മെഡിക്കല്‍ കോളജിലെത്തി.
ഇതിനു മുന്‍പും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി സംശയമെന്ന് ആര്‍എംഒ വ്യക്തമാക്കി. ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡെന്റല്‍ കോളജില്‍ നഴ്‌സിന്റെ വേഷത്തിലെത്തിയതും ഇതേ സ്ത്രീയെന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍, നീീതു മുന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് എസ്‌പിയുടെ വിശദീകരണം.
വ്യാഴാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളജിലെ പ്രസവവാര്‍ഡിലായിരുന്നു സംഭവം. കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ കാണിക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു കുട്ടിയെ എടുത്തുകൊണ്ടുപോയത്.ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കുട്ടിയെ തിരക്കി.
എന്നാല്‍ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസ് നടത്തിയ തെരച്ചിലില്‍ ആശുപത്രി പരിസരത്തെ ഹോട്ടലില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തി. ഇവരില്‍നിന്ന് പൊലീസ് കുട്ടിയെ തിരികെ വാങ്ങി അമ്മയെ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha