എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസ്... കസ്റ്റംസ് സൂപ്രണ്ട് ലുക്ക് കെ ജോര്‍ജും പ്ലസ് മാക്‌സ് കമ്പനി ഉടമയുമടക്കം 4 പേരെ ഹാജരാക്കാന്‍ കോടതി ഉത്തരവ്, ലുക്കാണ് 15 എയര്‍ലൈന്‍ കമ്പനിയുടെ യാത്രാരേഖകള്‍ കമ്പനിക്ക് ചോര്‍ത്തിക്കൊടുത്തത്

തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ടടക്കം 4 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം സി ബിഐ കോടതി ഉത്തരവിട്ടു.
കസ്റ്റംസ് സൂപ്രണ്ട് കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിനില്‍ താമസം ലുക്ക്. കെ. ജോര്‍ജ് , ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമയും സിഇഒയുമായ ആര്‍. സുദേര വാസന്‍ , ജീവനക്കാരായ പി. മദന്‍ , കിരണ്‍ ഡേവിഡ് എന്നീ 4 പേരെ ഹാജരാക്കാനാണ് കോടതി ഉത്തരവ്. ഫെബ്രുവരി 8 ന് പ്രതികളെ ഹാജരാക്കാന്‍ കൊച്ചി സിബിഐ യൂണിറ്റ് എസ് പി യോടാണ് സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ ഉത്തരവിട്ടത്.
2018 - 19 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതു സേവകനായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റു പ്രതികളുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തി 15 ല്‍ പരം എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വൈമാനികരുടെ യാത്രാ രേഖകള്‍ പ്ലസ് മാക്‌സ് കമ്പനിക്ക് ചോര്‍ത്തിക്കൊടുക്കുകയും ട്രാവല്‍ ഏജന്‍സികള്‍ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത കൈക്കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്ത് ചതിക്കലിനായി വ്യാജപ്പേരില്‍ വ്യാജരേഖകള്‍ ചമച്ച് ആയവ അസ്സല്‍ രേഖകള്‍ പോലെ ഉപയോഗിച്ച് മുന്തിയ ഇനം വിദേശമദ്യം പുറത്തേക്ക് കടത്തി ഖജനാവിന് 6 കോടി രൂപയുടെ അന്യായ നഷ്ടം വരുത്തിയെന്നും തുല്യ തുകക്കുള്ള അനര്‍ഹമായ സാമ്പത്തിക നേട്ടം പ്രതികള്‍ ഉണ്ടാക്കിയെന്നുമാണ് സിബിഐ കേസ്.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസറാണ് സംഭവം ആദ്യം കണ്ടെത്തിയത്. കൃത്യത്തില്‍ പൊതുസേവകനായ ലുക്കിന്റെ പങ്കും പങ്കാളിത്തവും കണ്ടെത്തിയതിനാല്‍ സി ബി ഐ കേസേറ്റെടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതോടെ 2 വര്‍ഷം ലുക്ക് ഒളിവില്‍ പോയി. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് കസ്റ്റംസ് കമ്മീഷണര്‍ ലുക്കിനെ സസ്‌പെന്റ് ചെയ്തു.
ഒടുവില്‍ 2020 നവംബര്‍ 18 നാണ് ചോദ്യം ചെയ്യലിന് സിബിഐ കൊച്ചി യൂണിറ്റില്‍ ഹാജരായത്.തുടര്‍ന്നാണ് സിബിഐ ലൂക്കിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കമുള്ള മറ്റു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായെങ്കിലും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി പിന്നീട് സര്‍വ്വീസില്‍ തിരിച്ചെടുത്ത ലുക്ക് ആഡിറ്റ് വിഭാഗത്തിലും ജി. എസ്. റ്റി വകുപ്പിലും സേവനമനുഷ്ടിടിച്ചു വരികയാണ്. 2021 ഡിസംബറിലാണ് ജി എസ് റ്റി വകുപ്പിലെത്തിയത്.
അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) , 13 (2) (പൊതു സേവകന്‍ തന്റെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് തനിക്കോ മൂന്നാം കക്ഷികള്‍ക്കോ അനര്‍ഹമായ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ച് നല്‍കല്‍) , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി ( ക്രിമിനല്‍ ഗൂഢാലോചന) , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍) , 468 (ചതിക്കലിനായുള്ള വ്യാജ നിര്‍മ്മാണം) , 471 (വ്യാജ നിര്‍മ്മിത രേഖകള്‍ അസ്സല്‍ പോലെ ഉപയോഗിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കലണ്ടര്‍ കേസെടുത്ത കോടതി പ്രതികളെ ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha