സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ വർധനവ്; രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ സർക്കാരിന്റെ പരിഗണനയിലെന്ന് സൂചന, ഇന്നലെ 50 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 280ലേക്ക്, രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൌണും പരിഗണനയിൽ

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇതിനുപിന്നാലെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്. എന്നാൽ വിദഗ്ധാഭിപ്രായം തേടിയ ശേഷമായിരിക്കും തീരുമാനം കൈക്കൊള്ളുക.
അതോടൊപ്പം തന്നെ ഇന്നലെ 50 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 280 ആയി ഉയർന്നിട്ടുണ്ട്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രോഗമുണ്ടാകുന്നതും സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും വലിയ ആശങ്ക ഉണ്ടാക്കുന്നു. ആകെ 30 പേര്‍ക്കാണ് ഇതു വരെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൌണും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന സൂചനയും ഉണ്ട്.
എന്നാൽ അയല്‍സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി പരിഗണിക്കുന്നതായിരിക്കും. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവ അടക്കമുള്ള പൊതുപരിപാടികള്‍ക്ക് നേരത്തേ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രോഗികളെ നേരത്തേ കണ്ടെത്തുന്നതിനായി പരിശോധനകളുടെ എണ്ണം കൂട്ടുകയും ചെയ്യും. വിമാനത്താവളങ്ങളിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം ഒരുക്കുന്നതാണ്. ആശുപത്രി സംവിധാനങ്ങളുടെ സമ്മര്‍ദം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാന്‍ സാധ്യത ഉള്ളതിനാല്‍ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥീരികരിച്ചു. ഇതില്‍ 45 പേര്‍ ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല.
എറണാകുളം യുഎഇ 13, ഖത്തര്‍ 4, സ്വീഡന്‍ 1, തിരുവനന്തപുരം യുഎഇ 4, സൗദി അറേബ്യ, മാലിദ്വീപ്, യുകെ, ഇറ്റലി 1 വീതം, പത്തനംതിട്ട യുഎഇ 4, യുഎസ്എ 2, ഖത്തര്‍ 1, കോട്ടയം യുഎസ്എ 2, യുകെ, യുഎഇ, ഉക്രൈന്‍ 1 വീതം, മലപ്പുറം യുഎഇ 5, കൊല്ലം യുഎഇ 3, ആലപ്പുഴ സിങ്കപ്പര്‍ 1, തൃശൂര്‍ യുഎഇ 1, പാലക്കാട് യുഎഇ 1 എന്നിങ്ങനെ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കോയമ്പത്തൂര്‍ സ്വദേശി ഈജിപ്റ്റില്‍ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha