മൂന്ന് വര്‍ഷം മുമ്പ് നാണക്കേടുകൊണ്ട് തലകുനിച്ച ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന് ഇത് ഒരു പൊന്‍ തൂവല്‍ ആണ്...

കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി നല്‍കി കേരളത്തിന്റെ മുഴുവന്‍ കയ്യടി നേടിയിരിക്കുകയാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍.
കുഞ്ഞിനെ കണ്ടെടുത്ത് എത്തിയ പൊലീസിനെ നാട്ടുകാരും ആശുപത്രിയിലെ കൂട്ടിരിപ്പുകാരും സല്യൂട്ട് നല്‍കിയും കയ്യടികളോടെയുമാണ് സ്വീകരിച്ചത്. ഗാന്ധിനഗര്‍ എസ്‌ഐ ടി.എസ്.റെനീഷാണ് കുട്ടിയെ നഴ്‌സിനു കൈമാറിയത്. കഴിഞ്ഞ ദിവസമാണ് ഗാന്ധിനഗര്‍ എസ്‌ഐയായി റെനീഷ് എത്തിയത്. എന്നാല്‍ നേരത്തെ ഇവിടെ ജോലി നോക്കിയിരുന്നതിനാല്‍ പ്രദേശം നന്നായി അറിയാമായിരുന്നു.
കുഞ്ഞിനെ കാണാതായി എന്നറിഞ്ഞപ്പോള്‍ മുതല്‍ ഒരു നിമിഷം പോലും പാഴാക്കാതെ നടത്തിയ അന്വേഷണമാണ് കുഞ്ഞിനെ തിരികെക്കിട്ടാന്‍ സഹായിച്ചത്. വാഹനത്തില്‍ മാത്രമേ കുട്ടിയെ തട്ടിക്കൊണ്ടു പോയ ആള്‍ക്കു മെഡിക്കല്‍ കോളജ് പ്രദേശത്തുനിന്ന് കടക്കാനാകൂ എന്ന് ഉറപ്പിച്ച പൊലീസ് ബസ്ടാക്‌സിഓട്ടോ സ്റ്റാന്‍ഡുകളില്‍ വിവരം അറിയിച്ചു.
ടാക്‌സിയില്‍ രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണു കുട്ടിയെ തട്ടിയെടുത്ത നീതുവിന്റെ വിവരം പൊലീസ് അറിയുന്നത്. കുട്ടിയെ തട്ടിയെടുത്ത് 2.45 മണിക്കൂറിനകം കുട്ടിയെ തിരികെയേല്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചു.
കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലപാതകമായ കെവിന്‍ വധക്കേസില്‍ പ്രതിക്കൂട്ടിലായതും ഇതേ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍ തന്നെയാണ്. 2018 മേയ് 27നായിരുന്നു സംഭവം. കെവിന്‍ പി.ജോസഫിന്റെ ഭാര്യ നീനുവിന്റെ ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി രാവിലെ ആറിന് അച്ഛന്‍ ജോസഫ് ജേക്കബ് ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എത്തിയതാണ്. എന്നാല്‍ കേസ് എടുക്കാന്‍ പൊലീസ് തയാറായില്ല.
തട്ടിക്കൊണ്ടു പോയവരോട് എസ്‌ഐ സംസാരിക്കുകയാണെന്നും അവര്‍ എത്തിയ ശേഷം ആലോചിക്കാമെന്നുമാണ് പൊലീസ് അറിയിച്ചത്. ഭാര്യ നീനു 11മണിക്കു സ്‌റ്റേഷനില്‍ എത്തി പരാതി അറിയിച്ചെങ്കിലും പൊലീസ് നടപടിയുണ്ടായില്ല.
സ്‌റ്റേഷനില്‍ നീനുവിനു കുത്തിയിരുന്നു പ്രതിഷേധിക്കേണ്ടി വരെ വന്നു. അന്ന് കൃത്യസമയത്ത് പൊലീസ് അന്വേഷിച്ചിരുന്നെങ്കില്‍ കെവിനെ കണ്ടെത്താനും കൊലപാതകം തടയാനും സാധിക്കുമായിരുന്നു. കുറ്റകൃത്യം അറിഞ്ഞിട്ടും അന്നത്തെ എസ്‌ഐ എം.എസ്.ഷിബു എല്ലാം മറച്ചു വച്ചെന്ന് അന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഐജി വിജയ് സാഖറെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha