നാട്ടുകാരെ ഓടിച്ചിട്ട് കണ്ണും ചെവിയും തലയും കൊത്തിപ്പറിച്ചുകൊണ്ടിരുന്ന ശല്യക്കാരന്‍ .... വീടിനു പുറത്തിറക്കാനുവദിക്കാതെ ഒരാഴ്ച ദേശവാസികളെ മുറിയ്ക്കുള്ളില്‍ ബന്ധിയാക്കിയ ഭീകരന്‍ പരുന്ത് കെണിയിലായതോടെ ജനം ആശ്വാസത്തില്‍...

വീടിനു പുറത്തിറക്കാനുവദിക്കാതെ ഒരാഴ്ച ദേശവാസികളെ മുറിയ്ക്കുള്ളില്‍ ബന്ധിയാക്കിയ ഭീകരന്‍ പരുന്ത് കെണിയിലായതോടെ ജനം ആശ്വാസത്തില്‍. കടുത്തുരുത്തിക്കു സമീപം മുളക്കുളം കാരിക്കോട് ഗ്രാമത്തില്‍ നാട്ടുകാരെ ഓടിച്ചിട്ട് കണ്ണും ചെവിയും തലയും കൊത്തിപ്പറിച്ചുകൊണ്ടിരുന്ന ശല്യക്കാരന്‍ പരുന്ത് ഇന്നലെ കെണിയിലാക്കിയത്.
ജോലിക്കു പോകാനോ കുട്ടികള്‍ക്ക് സ്‌കൂളില്‍പോകാനോ ആവാത്ത വിധം പരുന്ത് തലങ്ങും വിലങ്ങും ജനങ്ങളെ കൊത്തി മുറിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ വനം വകുപ്പിന്റെ അനുമതിയോടെ കാരിക്കോട് സ്വദേശി കെ.ശ്രീകാന്താണ് പരുന്തിനെ പിടികൂടി കൂട്ടിലാക്കിയത്.
പോലീസും വനംവകുപ്പും നാട്ടുകാരും ഒരാഴ്ചയായി തീറ്റയിട്ട് കെണിയൊരുക്കിയിട്ടും പിടികൊടുക്കാതെ ആക്രമണം നടത്തിവരിയായിരുന്നു ഈ പരുന്ത്. ആക്രമണം പതിവാക്കിയ പരുന്ത് അഴിഞ്ഞാട്ടം തുടര്‍ന്ന സാഹചര്യത്തില്‍ പന്നിയിറച്ചി കൂടിനുള്ളില്‍ ഒരുക്കി പരുന്തിനെ കെണിയിലാക്കുകയായിരുന്നു. ഇതോടകം ഗ്രാമത്തില്‍ പത്തിലേറെ പേര്‍ക്കാണ് ഒറ്റയാന്‍ പരുന്തിന്റെ ആക്രമണം നേരിടേണ്ടിവന്നത്.
വലയില്‍ പച്ചമീനിട്ട് ആകര്‍ഷിച്ചു നോക്കിയിട്ടും പരുന്തിന്റെ കാലില്‍ വല കുരുക്കാന്‍ ശ്രമിച്ചിട്ടും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുകൊണ്ടിരുന്നു.
കോട്ടയം പാറമ്പുഴ വനം വകുപ്പ് സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ടീം ഒരാഴ്ചയായി മുളക്കുളത്ത് തമ്പടിച്ച് പരുന്തിനെ പിടികൂടാന്‍ ദിവസങ്ങളോളം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ആകാശത്തു പറന്നു നടക്കുകയും മനുഷ്യന്‍ പുറത്തിറങ്ങുന്നതു ദൃഷ്ടിയില്‍പ്പെട്ടാല്‍ പതുങ്ങി പറന്നെത്തി തലയില്‍ മാരകമായി കൊത്തിയശേഷം വീണ്ടും പറന്നുയരുകയുമായിരുന്നു പതിവ്.
മനുഷ്യരോടല്ലാതെ മൃഗങ്ങളെയൊന്നിനെയും ഈ ജീവി ആക്രമിച്ചിരുന്നില്ല. ഇതോടെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാനും കൃഷിയിടങ്ങളില്‍ ജോലിക്കിറങ്ങാനും ദേശവാസികള്‍ ഭയപ്പെട്ടുകൊണ്ടിരുന്നു. മീന്‍ കാണിച്ച് ആകര്‍ഷിക്കാന്‍ നോക്കിയെങ്കിലും പരുന്ത് അടുത്തുവന്നില്ല. സ്ഥിരമായി ഭക്ഷണം നല്‍കുന്ന വീട്ടുകാര്‍ ഭക്ഷണം മുറ്റത്തിട്ടാല്‍ പരുന്ത് എത്തുകയും അതെടുത്തു പോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പന്നിയിറച്ചി കൂടിനുള്ളില്‍ വെച്ച് പരുന്തിനെ കെണിയിലാക്കിയത്. വീട്ടിനുള്ളില്‍ നിയമവിരുദ്ധമായി ആരോ വളര്‍ത്തിയ പരുന്ത് കൂടിനു പുറത്തു ചാടിയശേഷം മാംസാഹാരം കിട്ടാനില്ലാതെ വന്നതോടെയാകാം ആക്രമകാരിയായി മാറിയതെന്നാണ് വനംവകുപ്പിന്റെ വിശദീകരണമുണ്ടായത്.
കാരിക്കോട് വായനശാലയ്ക്കു സമീപവും പരിസര പ്രദേശങ്ങളിലുമായിരുന്നു പരുന്തിന്റെ ഭീഷണി. മരശിഖരങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലുമായിരുന്നു പരുന്തിന്റെ താവളം. ജനങ്ങള്‍ വീടിനു പുറത്തിറങ്ങിയാല്‍ പരുന്ത് പാഞ്ഞെത്തി തലയിലും കണ്ണിലും കാതിലുമൊക്കെ കുത്തുകയും നഖങ്ങള്‍ ഉപയോഗിച്ച് ആഴത്തില്‍ ആക്രമിക്കുകയുമായിരുന്നു പതിവ്.
പരുത്തിന്റെ ആക്രമണം നേരിട്ട കുട്ടികള്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ചെവി കടിച്ചുമുറിക്കുകയും കണ്ണില്‍ മാന്തുകയും ചെയ്യുന്ന പരുന്തിനെ ഭയന്ന് ഗ്രാമീണര്‍ ഹെല്‍മറ്റ് തലയില്‍ ചൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്.
പരുന്തിനെ പേടിച്ച് കുട്ടികളെ രക്ഷിതാക്കള്‍ വാഹനങ്ങളിലാണ് സ്‌കൂളിലേക്ക് അയച്ചിരുന്നത്. നാട്ടുകാരെ വിറപ്പിച്ച പരുന്ത് തല്‍ക്കാലം വനംവകുപ്പിന്റെ കസ്റ്റിഡിയിലാണ്. വംശനാശ ഭീഷണിപ്പട്ടികയില്‍പ്പെട്ട ജീവിയായതിനാല്‍ പരുന്തിനെ കൊല്ലാന്‍ അധികാരമില്ലതാനും.
ഈ സാഹചര്യത്തില്‍ പ്രശ്‌നക്കാരനായ പരുന്തിനെ പമ്പ ഉള്‍വനത്തിലെവിടെയെങ്കിലും തുറന്നുവിടാനാണ് ആലോചന. അന്‍പതുകിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ള പക്ഷിയായതിനാല്‍ വനത്തില്‍ നിന്ന് വീണ്ട് പറന്ന് നാട്ടിലെത്തി ആക്രമണം നടത്തുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേകം കൂടിനുള്ളില്‍ പരുന്തിനെ സംരക്ഷിക്കാനുള്ള ചുമതല വനംവകുപ്പ് ഏറ്റെടുത്തേക്കുമെന്നും പറയുന്നു.
https://www.facebook.com/Malayalivartha