അയാളിത് ചെയ്യില്ലെന്ന് പറഞ്ഞ് ഒരിടത്തും ഞാൻ പ്രസംഗിച്ചിട്ടില്ല, എഴുതിയിട്ടില്ല... അവൻ അങ്ങനെ ചെയ്യുമോ എന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ... ഇയാളെ ജയിലിൽ പോയി സന്ദർശിക്കാമെന്ന് കരുതി ഒരു ദിവസം രാവിലെ കുളിച്ചിറങ്ങിയതല്ല... ദിലീപിനെ പോയി കണ്ടത് സുരേഷ് കൃഷ്ണ പറഞ്ഞിട്ട്! ഒടുവിൽ ആ വെളിപ്പെടുത്തലുമായി രഞ്ജിത്ത്

നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ എവിടെയും ന്യായീകരിച്ച് സംസാരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് സംവിധായകൻ രഞ്ജിത്ത്. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് നടനെ ജയിലിൽ പോയി കണ്ടതെന്നും രഞ്ജിത്ത് വ്യക്തമാക്കി. ഞാൻ ഒരു മാദ്ധ്യമത്തിന്റെ അന്തി ചർച്ചയിലും വന്നിട്ട് ഇയാൾക്കുവേണ്ടി വക്കാലത്തെടുത്ത് വാദിച്ചിട്ടില്ല. അയാളിത് ചെയ്യില്ലെന്ന് പറഞ്ഞ് ഒരിടത്തും ഞാൻ പ്രസംഗിച്ചിട്ടില്ല, എഴുതിയിട്ടില്ല. അവൻ അങ്ങനെ ചെയ്യുമോ എന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ. ഇയാളെ ജയിലിൽ പോയി സന്ദർശിക്കാമെന്ന് കരുതി ഒരു ദിവസം രാവിലെ കുളിച്ചിറങ്ങിയതല്ല. കോഴിക്കോട് നിന്ന് എറണാകുളത്ത് പോകുന്നതിനിടയിൽ നടൻ സുരേഷ് കൃഷ്ണയാണ് ചേട്ടാ ദിലീപിനെ കാണണമെന്ന് പറഞ്ഞത്. പോയിക്കോ, പുറത്ത് കാറിലിരിക്കാമെന്ന് ഞാൻ പറഞ്ഞു. എനിക്ക് കാണണമെന്ന് യാതൊരു വിചാരവും ഉണ്ടായിരുന്നില്ല. അവിടെയെത്തിയപ്പോൾ ക്യാമറയുമായി വന്നവർ എന്താ അകത്തേക്ക് പോകാത്തതെന്നൊക്കെ ചോദിച്ചു. ഇതിനേക്കാൾ നല്ലത് പോകുന്നതാണ് എന്ന് തോന്നി. സന്ദർശകർക്കുള്ള മുറിയൊന്നും അവിടെയില്ലെന്ന് തോന്നുന്നു. ദിലീപിനോട് നമസ്‌കാരം പറഞ്ഞു. രണ്ട് വാക്കെന്നോട് സംസാരിച്ചു. സുരേഷ് കൃഷ്ണയും അയാളും മാറിനിന്ന് സംസാരിച്ചു. ആകപ്പാടെ പത്ത് മിനിറ്റ്. അയാൾ നിരപരാധിയാണെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു . കേസില്‍ അന്വേഷണം തുടരുമെന്ന് ഇതോടെ വ്യക്തമായി. ഈ ഹര്‍ജി പരിഗണിച്ച ജഡ്ജി കെ ഹരിപാല്‍ കേസില്‍ നിന്ന് പിന്‍മാറി. കേസ് അടുത്താഴ്ചത്തേക്ക് മാറ്റുകയാണ് കോടതി ചെയ്തിരിക്കുന്നത്. അടുത്താഴ്ച മറ്റൊരു ബെഞ്ചാകും കേസ് പരിഗണിക്കുക. നടി ആക്രമിക്കപ്പെട്ട കേസിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നാണ് കേസ്. അന്വേഷണ സംഘത്തിന്റെ വാദങ്ങള്‍ തള്ളി ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ദാസന്‍ എന്ന വ്യക്തിയെ നിര്‍ബന്ധിച്ച് മൊഴിയെടുപ്പിച്ചു എന്നാണ് ആക്ഷേപം. മാത്രമല്ല, മുംബൈയിലേക്ക് ഫോണുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങള്‍ അറിയുക എന്ന ഉദ്ദേശത്തോടെയാണിത്. കേസുമായി ബന്ധപ്പെട്ട ഒരു രേഖയും മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും ദിലീപ് ബോധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha