സഖാക്കളേ മുന്നോട്ട്... ലീവെടുക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നതിന് ഒരു വനിതാ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് കെഎസ്ഇബിയില്‍ കൂട്ട സത്യഗ്രഹം; സമരം ചെയ്യുന്നത് ശ്രദ്ധേയനായ കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെതിരെ

സിപിഎമ്മുകാര്‍ക്ക് ഭരണപക്ഷത്തായതിനാല്‍ ഇപ്പോള്‍ സമരം ചെയ്യാന്‍ അവസരം ലഭിക്കാറേയില്ല. പ്രതിപക്ഷത്തായിരുന്നെങ്കില്‍ ഇപ്പോള്‍ കാണാമായിരുന്നു. അങ്ങനെ കെഎസ്ഇബിയില്‍ സിപിഎം അനുകൂല സംഘടനയ്ക്ക് സമരം ചെയ്യാന്‍ ഒരവസരം വന്നിരിക്കുകയാണ്.
ലീവെടുക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നതിന് ഒരു വനിതാ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് വൈദ്യുതിബോര്‍ഡ് ആസ്ഥാനത്ത് കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് കൂട്ട സത്യഗ്രഹസമരം നടത്തും.
ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാവും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ ജാസ്മിന്‍ ബാനുവിനെയാണ് സസ്‌പൈന്‍ഡ് ചെയ്തത്. അതേസമയം ശക്തമായ നിലപാടാണ് കെഎസ്ഇബി ചെയര്‍മാന്‍ എടുത്തിരിക്കുന്നത്. ജോലി ബഹിഷ്‌കരിച്ചാല്‍ ഡയസ്‌നോണ്‍ നടപ്പാക്കുമെന്ന് മാനേജ്‌മെന്റും പ്രഖ്യാപിച്ചു. ഇതോടെ കെ.എസ്.ഇ.ബി.യില്‍ വീണ്ടും സംഘര്‍ഷം മൂര്‍ച്ഛിച്ചു.
സസ്‌പെന്‍ഷനെതിരെ പത്രസമ്മേളനം വിളിച്ച് സംഘടനാ നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി. ചെയര്‍മാനെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചത്. ജാസ്മിന്‍ ബാനുവിനെ അകാരണമായാണു സസ്‌പെന്‍ഡ് ചെയ്തതെന്നും സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ ചെയര്‍മാന്‍ പെരുമാറിയെന്നുമാണ് അസോസിയേഷന്റെ ആരോപണം.
അതേസമയം ചെയര്‍മാനും വിട്ടുകൊടുത്തില്ല. സെക്രട്ടേറിയറ്റിന്റെ ചുമതലയുള്ള ജാസ്മിന്‍ ബാനു അവധിക്ക് അപേക്ഷിക്കുകയോ ചുമതല കൈമാറുകയോ ചെയ്യാതെ സ്ഥലംവിട്ടതിനെ തുടര്‍ന്നാണു നടപടി എടുത്തതെന്നു ചെയര്‍മാന്‍ ബി. അശോക് അറിയിച്ചു. അതു വളച്ചൊടിച്ചു സ്ത്രീത്വത്തെ പരിഹസിച്ചുവെന്ന് ആക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ കെഎസ്ഇബി വീണ്ടും സമര വേദിയാകുകയാണ്. രണ്ടുമാസം മുമ്പ് എസ്.ഐ.എസ്.എഫ് സുരക്ഷ ഏര്‍പ്പെടുത്താനുള്ള മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ സമരം നടത്തിയത് സര്‍ക്കാരും രാഷ്ട്രീയനേതൃത്വവും ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്. അതിനു പിന്നാലെയാണ് വീണ്ടും സംഘര്‍ഷമുണ്ടാകുന്നത്. സംസ്ഥാനത്തെ ഏറ്റവും സുപ്രധാനമായ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബി ഇപ്പോള്‍ നഷ്ടത്തിലാണ്. അതിനിടയിലാണ് ഒരുവിഭാഗം ഓഫീസര്‍മാര്‍ സമരത്തിനിറങ്ങുന്നത്.
ഒരു വനിതാ നേതാവിനെ രക്ഷിക്കാനാണ് ഇക്കണ്ട സമരം എന്നാണ് ജീവനക്കാര്‍ പറയുന്നത്. ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയുള്ള ശിക്ഷാനടപടികള്‍ നടപ്പാക്കിയാല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ബി. ഹരികുമാറും ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വൈദ്യുതി വിതരണച്ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ലീവ് നല്‍കാതെ, ഡ്യൂട്ടി ചുമതല മറ്റൊരാളെ ഔദ്യോഗികമായി ഏല്‍പിക്കാതെ, സംസ്ഥാനത്തിനു പുറത്തേക്ക് യാത്രയ്ക്ക് പോയതുമായി ബന്ധപ്പെട്ടാണ് നടപടിയുണ്ടായതെന്ന് ഇതുസംബന്ധിച്ചുള്ള കെ.എസ്.ഇ.ബി.ഡയറക്ടര്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
അതേസമയം കമ്പനിയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ ലീവെടുക്കാതെ പോയത് പിഴവാണെന്ന് ജീവനക്കാരി സൂചിപ്പിച്ചിട്ടുണ്ടെന്നും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന ആവശ്യം പരിഗണിക്കാന്‍ ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ലഭിക്കേണ്ടതുണ്ടെന്ന് ഇതു സംബന്ധിച്ച് ലഭിച്ച നിവേദനങ്ങള്‍ക്ക് ചെയര്‍മാന്‍ മറുപടി നല്‍കിയിരുന്നു. അതു ദുര്‍വ്യാഖ്യാനം ചെയ്ത് സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് അപക്വവും അടിസ്ഥാനരഹിതവുമാണെന്ന് ബോര്‍ഡ് മാനേജ്‌മെന്റ് വ്യക്തമാക്കി. എന്തായാലും വിഷയം കടുക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha




















