ഇനി അവർക്ക് സ്വസ്ഥമായി ഉറങ്ങാം ...അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ തന്നെ രാഹുലിനും,രഞ്ജിത്തിനും വീടുയർന്നു .. ചാലക്കുടി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഫിലോകോലിയയുടെ സാമ്പത്തിക സഹായത്തോടെ ഉയർന്ന വീടിന്റെ ഗൃഹപ്രവേശം ഈ മാസം 30 ന്

നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കാനുള്ള നീക്കം ചെറുക്കുന്നതിനിടെ ആത്മഹത്യ ചെയ്‌ത രാജന്റെ മക്കൾക്ക് വീടാകുന്നു ..അച്ഛനമ്മമാരെ അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിയിൽ കുഴിയെടുത്ത മകനെ പോലീസുകാർ തടയാൻ ശ്രമിച്ചപ്പോൾ ഇളയ മകൻ പോലീസിന് നേരെ വിരൽ ചൂണ്ടി സംസാരിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ആ മണ്ണിൽ തന്നെ സ്വന്തമായൊരു വീട് എന്നതായിരുന്നു ആ മക്കളുടെ ആവശ്യം
ഇപ്പോൾ ആ ആഗ്രഹമാണ് സാക്ഷാൽക്കരിക്കപ്പെടുന്നത് .അച്ഛനമ്മമാരുടെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ രാഹുലിനും അനുജൻ രഞ്ജിത്തിനും വീടായിരിക്കുകയാണ്.
ചാലക്കുടി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഫിലോകോലിയയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവർ വീട് വെച്ചത്.വീടിന്റെ ഗൃഹപ്രവേശം ഈ മാസം 30ന് നടക്കും. .
സ്വന്തമായി തലചായ്ക്കാനുള്ള കൂര ആയെങ്കിലും അത് നിൽക്കുന്ന മണ്ണ് ഇവർക്ക് സ്വന്തമാക്കാൻ നിയമ പോരാട്ടം നടത്തേണ്ടതുണ്ട് .
രാഹുൽ ഇപ്പോൾ നെല്ലിമൂട് സഹകരണ ബാങ്കിന്റെ കൺസ്യൂമർ സ്‌റ്റോറിൽ സെയിൽസ്മാനായി ജോലി നോക്കുന്നുണ്ട് .
2020 ഡിസംബർ 22നാണ് കോടതി ഉത്തരവുമായി രാജനേയും അമ്പിളിയേയും ഒഴിപ്പിക്കാൻ
പോലീസുകാർ എത്തിയത് . സ്വന്തമായി വീടും സ്ഥലവുമില്ലാത്ത രാജനും കുടുംബവും നെട്ടത്തോട്ടം കോളനിയിലെ പുറമ്പോക്ക് ആണെന്ന് കരുതിയ സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുകയായിരുന്നു. അയൽവാസിയായ സ്ത്രീ ഈ സ്ഥലത്തിൽ അവകാശമുന്നയിച്ച് കോടതിയെ സമീപിചത്തോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്
കീഴ്‌ക്കോടതി ഉത്തരവിനെതിരെ രാജൻ ഹൈക്കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങിയിരുന്നെങ്കിലും ഇതിന്റെ പകർപ്പ് പോലീസിന് മുന്നിൽ ഹാജരാക്കാൻ അവർക്ക് ആയിരുന്നില്ല. പോലീസും ആൾക്കാരുമെത്തി വീട്ടിൽ നിന്ന് ഇറങ്ങേണ്ട ഗതി വരുമെന്ന് തോന്നിയപ്പോൾ ദമ്പതികൾ പെട്രോൾ ഒഴിച്ച് തീവെയ്‌ക്കുകയായിരുന്നു.
താമസിക്കുന്ന സ്ഥലം അയല്വാസിയുടേതാണെന്നു അറിയില്ലെന്നും ഇവയൊക്കെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ മറ്റൊരാളിന്റെ ഭൂമിയിൽ അച്ഛൻ താമസിക്കില്ലായിരുന്നുവെന്നാണ് രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.
സംഭവത്തിനു ശേഷം സർക്കാരുൾപ്പടെ പലരും വീട് വെച്ച് കൊടുക്കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നിരുന്നെങ്കിലും ഒന്നും നടന്നില്ല. സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിട്ടിട്ടും അച്ഛനമ്മമാര്‍ ഉറങ്ങുന്ന മണ്ണ് സഹോദരന്മാര്‍ക്ക് സ്വന്തമായില്ല. സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ പത്തുലക്ഷം രൂപയും ചെലവാക്കാൻ ആകാതെ കെട്ടിക്കിടക്കുന്നു .. രാഹുലിന്റെയും രഞ്ജിത്തിന്റേയും വീട് എന്ന സ്വപ്നം അനിശ്ചിതമായി നീളുമ്പോഴാണ് ചാലക്കുടി ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഫിലോകോലിയ വീട് വെച്ചുകൊടുക്കാനായി മുന്നോട്ട് വന്നത്
https://www.facebook.com/Malayalivartha