'സിനിമയാണ്, അങ്ങനെ കണ്ടാൽ മതി എന്നൊക്കെ എനിക്കും അറിയാം, പക്ഷെ, ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, തേച്ചാലും മായ്ച്ചാലും പോവാത്ത ഇന്നലകൾ, വേദനകൾ കണ്ണിന്റെ മുന്നിലേക്ക് വരും.. നമ്മളാരുമല്ലന്ന തോന്നലുണ്ടാക്കും.. അതോണ്ട് മാത്രം ഇത് ഇവിടെ എഴുതിയിടുന്നു...' ഡോ. ഫാത്തിമ അസ്‌ല കുറിക്കുന്നു

കടുവ എന്ന സിനിമയിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന ഡയലോഗിന് കടുത്ത വിമർശനം ഉയരുകയാണ്. ഇതിനോടകം തന്നെ നിരവധിപ്പേരാണ് സിനിമയിലെ ഡയലോഗിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇപ്പോഴിതാ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് നൊമ്പരത്തോടെ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. ഫാത്തിമ അസ്‌ല.
ഫാത്തിമ അസ്‌ല പങ്കുവച്ച കുറിപ്പ് വായിക്കാം;
ഇന്നലെ തന്നെ കടുവ കണ്ടിരുന്നു.. ഫിറു ടിക്കറ്റ് എടുക്കാൻ ഓടി പോയപ്പോൾ തിയേറ്ററിലേക്ക് ഉള്ള സ്റ്റെപ് നോക്കി കുറേ നേരം ഇരുന്നു.. സ്റ്റെപ്പുകൾ ഉണ്ടാക്കുന്നതിനും റാമ്പ് ഉണ്ടാക്കുന്നതിനും ഒരേ പൈസ ആയിരിക്കോ, ഇച്ചിരി പൈസ കൂടിയാലും റാമ്പ് ഉണ്ടെങ്കിൽ എനിക്കും ആരുടെയും സഹായം ഇല്ലാതെ കയറായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ച്, കണ്ണ് നിറച്ചാണ് സിനിമ കാണാൻ കയറിയത്..
അപ്പൊ ദേ.. ആദ്യം തന്നെ നമ്മള് ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് disabled കുട്ടികൾ ജനിക്കുന്നത് എന്ന് അർഥം വരുന്ന മാസ്സ് ഡയലോഗ്..
ആൾക്കാർ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാവോ ചിന്തിച്ചു വെച്ചിട്ടുണ്ടാവുക എന്നോർത്തപ്പോ പിന്നെയും സങ്കടം തോന്നി.. പണ്ട് ഒരാൾ കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത് എന്ന് പറഞ്ഞത് ഓർമ്മ വന്നു. ഉമ്മച്ചിയോ അപ്പയോ അല്ലെങ്കിൽ അവരെ പോലുള്ള ഏതെങ്കിലും parents ഇത് പോലുള്ള കുത്ത് വാക്കുകൾ കേട്ടിട്ടുണ്ടാവുമോ എന്ന് ഓർത്ത് പേടി തോന്നി..
Disabled friendly ആയ, സഹതാപവും മുറിവേൽപ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണ്.. അല്ലേ..
സിനിമയാണ്, അങ്ങനെ കണ്ടാൽ മതി എന്നൊക്കെ എനിക്കും അറിയാം, പക്ഷെ, ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, തേച്ചാലും മായ്ച്ചാലും പോവാത്ത ഇന്നലകൾ, വേദനകൾ കണ്ണിന്റെ മുന്നിലേക്ക് വരും.. നമ്മളാരുമല്ലന്ന തോന്നലുണ്ടാക്കും.. അതോണ്ട് മാത്രം ഇത് ഇവിടെ എഴുതിയിടുന്നു.
https://www.facebook.com/Malayalivartha
























