പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്കെതിരെ കുറ്റപത്രം

പാരിപ്പള്ളിയില്‍ പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ ക്രിമിനലും മോഷ്ടാവുമായ ആട് ആന്റണിക്കെതിരെ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. സംഭവത്തിനുശേഷം മൂന്നുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ ആട് ആന്റണിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ കുറ്റപത്രം തയ്യാറാക്കല്‍ മാത്രമാണ് അവശേഷിക്കുന്ന ജോലി.
കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കുറ്റപത്രം തയ്യാറാക്കുന്നത്. മണിയന്‍പിള്ള കൊല്ലപ്പെട്ട സംഭവത്തിന് ദൃക്‌സാക്ഷിയായ അഡീ. എസ്.ഐ ജോയിയാണ് കേസിലെ പ്രധാന സാക്ഷി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജോയിയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. മണിയന്‍പിള്ളയെ ആക്രമിച്ച അതേ ആയുധമുപയോഗിച്ചാണ് ജോയിയെയും ആട് ആന്റണി കുത്തിപ്പരിക്കേല്‍പ്പിച്ചത്. നൈറ്റ് പട്രോള്‍ പൊലീസ് സംഘത്തിലുള്‍പ്പെട്ട ജോയിയും മണിയന്‍പിള്ളയും പാരിപ്പള്ളി ഓയൂര്‍ റൂട്ടില്‍ പട്രോളിംഗില്‍ പങ്കെടുക്കുമ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്ത് ഇരുട്ടിന്റെ മറവില്‍ ഒമ്‌നി വാനില്‍ സംശയകരമായ സാഹചര്യത്തില്‍ ആടിനെ കണ്ടത്.
വാഹനം പരിശോധിച്ച പൊലീസ് സംഘം വണ്ടിയില്‍ കമ്പിപ്പാര കണ്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ആടിനെ ചോദ്യം ചെയ്തു. പന്തല്‍പണിക്കാരനാണെന്ന് കള്ളം പറഞ്ഞെങ്കിലും കൈയ്യുറ കൂടി കണ്ടെത്തിയതോടെ ആടിനെ പൊലീസ് ജീപ്പിലേക്ക് കയറ്റി. പിടിക്കപ്പെട്ടെന്നുറപ്പായതോടെയാണ് രക്ഷപ്പെടാനായി ഇയാള്‍ കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും ആക്രമിച്ചത്. സംഭവത്തിനുശേഷം ആട് രക്ഷപ്പെട്ട ഒമ്‌നി വാനില്‍ നിന്ന് ശേഖരിച്ച വിരലടയാളവും രക്തക്കറയുമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ആടിനെ അറസ്റ്റ് ചെയ്തശേഷം ഇയാളുടെതാണെന്ന് സ്ഥിരീകരിച്ച പൊലീസ് ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു. കുറ്റപത്രം ഒഴികെ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പുകളും സാക്ഷിമൊഴികളുമെല്ലാം രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയ്ക്കുള്ള നടപടികളാണ് പൊലീസ് ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha