സാങ്കേതിക സര്‍വകലാശാലാ ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി; എം. ടെക് പരീക്ഷയടക്കം എല്ലാ പരീക്ഷകളും നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി

ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാന സാങ്കേതിക സര്‍വകലാശാല പ്രഖ്യാപിച്ച ഓണ്‍ലൈന്‍ പരീക്ഷ ഉപേക്ഷിച്ചു. ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച നടപടി ഏറെ വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ ഈ മാസം നാലിന് തുടങ്ങാനിരുന്ന ബി. ടെക്, എം. ടെക് പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.
പത്തു സിലബസും പത്ത് തരം ചോദ്യപേപ്പറുമായി നടത്താനിരുന്ന എം. ടെക് പരീക്ഷയടക്കം സാങ്കേതിക സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മുഖ്യമന്ത്രി ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച നടപടിയും റദ്ദാക്കി. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ മാനുവലായി നടത്താനും പരീക്ഷാ തീയതികള്‍ ക്രിസ്മസിനു ശേഷം നിശ്ചയിക്കാനും യോഗം തീരുമാനിച്ചു.
സര്‍വകലാശാല സ്വന്തമായി സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചാല്‍ രണ്ടാം സെമസ്റ്റര്‍ മുതല്‍ ഓണ്‍ലൈനായി പരീക്ഷ നടത്താമെന്നും യോഗത്തില്‍ ധാരണയായി.
സാങ്കേതിക സര്‍വകലാശാലാ വി.സി കുഞ്ചെറിയ പി. ഐസക്, പി.വി.സി എം. അബ്ദുള്‍റഹ്മാന്‍ എന്നിവരെ നിയമസഭയില്‍ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും ബോദ്ധ്യപ്പെടുത്തിയശേഷം പരീക്ഷ നടത്തിയാല്‍ മതിയെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനത്തെ പത്തു ക്ലസ്റ്ററുകളായി വിഭജിച്ച് എം. ടെക് താറുമാറാക്കിയത് ഒരു പ്രമുഖ പത്രം പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha