തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ പിന്നെയും സര്‍ക്കാര്‍... പാറമട മാഫിയയ്ക്ക് വേണ്ടി നിയമം സൃഷ്ടിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി ഹൈക്കോടതി

സര്‍ക്കാരിനിത് കഷ്ടകാല സമയമാണെന്നു തോന്നുന്നു. ഇലക്ഷനടുക്കുമ്പോള്‍ ബാക്കിയുള്ളവരെ പിണക്കാതിരിക്കാന്‍ നിയമം മറികടന്ന് എന്തു ചെയ്താലും കോടതി അപ്പോള്‍ തന്നെ ചാടി വീഴും. സംസ്ഥാനത്ത് അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കു പെര്‍മിറ്റ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി വേണ്ടെന്ന ചട്ടഭേദഗതി ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. കൊച്ചി മെട്രോയുടേയും വിഴിഞ്ഞം പദ്ധതിയുടേയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉയര്‍ത്തിയാണ് പാറമട ഉടമകളുമായി അനുനയപാതയില്‍ എത്തുന്നുവെന്നോണം സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് പോലും പ്രതിഷേധം ഉയയര്‍ന്നു. ഇതാണ് കോടതിയും മുഖവിലയ്ക്ക് എടുക്കുന്നത്. അതുകൊണ്ട് തന്നെ പാറമടകള്‍ക്കായുള്ള ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്നും ക്വാറികള്‍ക്കു പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്നും കോടതി വ്യക്തമാക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാണ്.
ഇതിനൊപ്പം പുതിയ വെല്ലുവിളിയും സര്‍ക്കാരിനെ തേടിയെത്തുന്നു. ഫ്‌ലാറ്റ് ഉടമകള്‍ക്ക് വേണ്ടി ഈയിടെ നടത്തിയ ചട്ട ഭേദഗതിയാണ്. ഇതും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വെളിപ്പെടും. അഗ്‌നിശമനാ സേനിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ തള്ളിക്കളയുന്ന ചട്ട ഭേദഗതിയും ഇതിനോടകം വിവാദമായിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കെ ജേക്കബ് തോമസ് നിയമം കര്‍ശനമാക്കിയത് സര്‍ക്കാരിന് തലവേദനയായിരുന്നു. ഇതിനെ മറികടക്കാന്‍ ജേക്കബ് തോമസിനെ മാറ്റി. തുടര്‍ന്ന് വന്ന അനില്‍കാന്തും നിയമത്തിന് അനുസരിച്ച് നീങ്ങി. ഇതോടെ അനില്‍കാന്തിനും സ്ഥാന ചലനമുണ്ടായി. ഒപ്പം നിയമം മാറ്റി ഫ്‌ലാറ്റ് ഉടമകളുടെ പരാതി തീര്‍ത്തു.
ഇതനുസരിച്ച് ഫയര്‍ഫോഴ്‌സ് അനുമതിയില്ലാതെ ഫ്‌ലാറ്റുകള്‍ പണിയാം. കേന്ദ്ര നിയമത്തിന് എതിരാണ് ഇത്. കേരളത്തിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് കേന്ദ്ര നിയമം ബാധകമല്ലെന്ന ചട്ടമാണ് കേരളത്തിലുള്ളത്. പാറമടയിലെ വിധിയോടെ ഇതും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ബെഞ്ച് സര്‍ക്കാരിനോടും ജില്ലാ കലക്ടര്‍മാരോടും ജിയോളജിസ്റ്റുകളോടും നിര്‍ദേശിച്ചത് ഫ്‌ലാറ്റ് ചട്ടത്തിനെതിരെ നിയമപോരാട്ടത്തിന് പ്രചോദനമാകുമെന്നാണ് സര്‍ക്കാരിന്റെ ഭയം.
ഇത് തന്നെയാണ് ഫ്‌ലാറ്റുകള്‍ക്കായുള്ള ഇളവ് ചോദ്യം ചെയ്താലും കോടതിക്ക് മുന്നല്‍ വരുന്ന പ്രശ്‌നം. 2015ലെ ചട്ടപ്രകാരം കോടതി പുറപ്പെടുവിച്ച മുന്‍ഉത്തരവുകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനു പാരിസ്ഥിതികാനുമതി വേണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവ നിലനില്‍ക്കേയാണു പാരിസ്ഥിതികാനുമതി ഒഴിവാക്കി സര്‍ക്കാര്‍ ചട്ടഭേദഗതി വരുത്തിയതെന്നു കോടതി വിലയിരുത്തി. പാരിസ്ഥിതികാനുമതിക്കു പുറമേ മൈന്‍സ് ആന്‍ഡ് മെറ്റാലിഫറസ് ആക്ട് അനുശാസിക്കുന്ന വ്യവസ്ഥകളും ക്വാറി പെര്‍മിറ്റുകള്‍ അനുവദിക്കുമ്പോള്‍ ഉറപ്പുവരുത്തണം. ക്വാറി പെര്‍മിറ്റിനു വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനും ചട്ടമുണ്ടാക്കാനും സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും പാരിസ്ഥിതികാനുമതി ഒഴിവാക്കിക്കൊണ്ടു ചട്ടം ഭേദഗതി ചെയ്തതു നിയമാനുസൃതമല്ലെന്നു കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കേരളത്തില്‍ അഞ്ചു ഹെക്ടറില്‍ താഴെയുള്ള പാറമടകളുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുമെന്നു സുപ്രീം കോടതി. ഈ പാറമടകള്‍ക്കു നിലവിലുള്ള അനുമതി അടുത്ത ഒരു വര്‍ഷത്തേക്കു പുതുക്കിക്കൊടുക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. ഇങ്ങനെ പുതുക്കി നല്‍കാന്‍ തല്‍സ്ഥിതി തടസ്സമാവില്ല. ഇതു സുപ്രീം കോടതി രേഖപ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.
2012 ഫെബ്രുവരി 27 വരെ പെര്‍മിറ്റോടെ പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ക്കു പെര്‍മിറ്റ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി വേണ്ടെന്ന ചട്ടഭേദഗതി ദീപക്കുമാര്‍ കേസിലെ സുപ്രീം കോടതി വിധിക്കും അതവലംബിച്ചുള്ള മുന്‍ഉത്തരവുകള്‍ക്കും വിരുദ്ധമാണെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിവിധികള്‍ മറികടക്കാനാണു പാരിസ്ഥിതികാനുമതി ഒഴിവാക്കിക്കൊണ്ടു സര്‍ക്കാര്‍ 2015ലെ കേരളാ മൈനര്‍ മിനറല്‍സ് കണ്‍സഷന്‍സ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതെന്നു പരാതിപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ അനുവദിച്ചാണു ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ക്വാറികളുടെ പ്രവര്‍ത്തനത്തിനു പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്നും അതൊഴിവാക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടഭേദഗതി നിയമാനുസൃതമല്ലെന്നും കോടതി വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha