ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടത് പദ്ധതി തയ്യാറാക്കിയ കെല്‍ട്രോണ്‍ ആണ്; പദ്ധതി തയ്യാറാക്കിയത് മോട്ടോര്‍ വാഹനവകുപ്പല്ല; കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്; ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പിച്ചത്; തുറന്നടിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

എഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു.ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്ന പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും പറയേണ്ടത് പദ്ധതി തയ്യാറാക്കിയ കെല്‍ട്രോണ്‍ ആണ്. കെല്‍ട്രോണാണ് പദ്ധതി തയ്യാറാക്കിയത് മോട്ടോര്‍ വാഹനവകുപ്പല്ല.
കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2018-ല്‍ ആണ് പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിച്ചത് . 2021-ല്‍ ആണ് ഞാന്‍ മന്ത്രിയായത്. അതിനു മുന്‍പുതന്നെ ഈ പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നുവെന്നും ആന്റണി രാജു വ്യക്തമാക്കി.പദ്ധതിയില്‍ സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടതും കെല്‍ട്രോണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു . ക്യാമറയുടെ വിലയേക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും മോട്ടോര്‍ വാഹനവകുപ്പിന് അറിയില്ല.
അതുകൊണ്ടാണ് അത് അറിയുന്ന കെല്‍ട്രോണിനെ പദ്ധതി ഏല്‍പിച്ചത്. ഇതുസംബന്ധിച്ച് കെൽട്രോൺ വിശദീകരിക്കുമെന്ന ഉറപ്പും മന്ത്രി നൽകി. ഇരുചക്ര വാഹനങ്ങള്‍ കാരണമുണ്ടാകുന്ന അപകടങ്ങളാണ് കേരളത്തിലെ 58 ശതമാനം അപകടങ്ങളും. ഈ അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ എഐ ക്യാമറയിലൂടെയുള്ള ലക്ഷ്യം. ഇത് സ്ഥാപിച്ചതിനു ശേഷംതന്നെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















