സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസംഗം; സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും കൊലവിളി തുടരുന്നു...സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു....സമൂഹമാധ്യമങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകരും, അനുഭാവികളും പരസ്യമായി പോരടിക്കുന്നു... കോണ്‍ഗ്രസും മറ്റ് മതേതരകക്ഷികളും, സ്വീകരിക്കുന്ന മൗനം ജനാധിപത്യകേരളത്തിന് അപകടമാണ്...

സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും കൊലവിളി നടത്തുകയും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിയമവാഴ്ച ഉറപ്പാക്കേണ്ട ഭരണകൂടവും പോലീസും കയ്യുംകെട്ടി നോക്കിനില്‍ക്കുന്നു. സ്പീക്കറുടെയും പി. ജയരാജന്റെയും സുരക്ഷ കൂട്ടുക മാത്രമാണ് പോലീസ് ചെയ്തത്. അതാണോ വേണ്ടത്. വെള്ളിയാഴ്ച മിക്ക വാര്‍ത്താ ചാനലുകളും നേതാക്കളുടെ വിദ്വേഷ പ്രസംഗവും പോലീസിന്റെ അനാസ്ഥയുമാണ് ചര്‍ച്ച ചെയ്തത്. യുവമോര്‍ച്ചയും ബി.ജെ.പിയും കുഴിച്ച രാഷ്ട്രീയ കുഴിയില്‍ സി.പി.എമ്മും കോണ്‍ഗ്രസും വീണ് കിടക്കുന്നതാണ് എല്ലാ ചാനുകളിലും നടന്ന ചര്‍ച്ചയില്‍ നിന്ന് മനസ്സിലാകുന്നത്. പ്രശ്‌നത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ രണ്ട് പാര്‍ട്ടികളും തയ്യാറായിട്ടില്ല. സി.പി.എമ്മില്‍ എ.എന്‍ ഷംസീര്‍ ഒറ്റപ്പെട്ടെന്ന തോന്നലാണ് നിലവിലുള്ളത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ, മുഖ്യമന്ത്രി പിണറായി വിജയനോ സ്പീക്കര്‍ക്ക് പരസ്യ പിന്തുണ നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസാകട്ടെ വോട്ട് ബാങ്കിനെയും ബി.ജെ.പിയെയും ഭയന്ന് അവിടെയും ഇവിടെയും തൊടാതെ രണ്ട് വള്ളത്തിലും കാല്ചവുട്ടി നില്‍ക്കുകയാണ്. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചകളില്‍ നിന്ന് മാറ്റി ബി.ജെ.പി രാഷ്ട്രീയ നേട്ടം കൈവരിക്കുകയും ചെയ്തു. ഇതാണ് എല്ലാ ചര്‍ച്ചകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നത്.നേതാക്കളുടെ കൊലവിളിക്ക് പുറമേ സമൂഹമാധ്യമങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകരും അനുഭാവികളും പരസ്യമായി പോരടിക്കുകയാണെന്ന് എന്‍.ഐ.എ മുന്‍ എസ്.പി രാജ്‌മോഹന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിന്റെ തുടക്കത്തിലേ ചൂണ്ടിക്കാണിച്ചു. വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും പോലീസ് അതിന് തയ്യാറായിട്ടില്ല. യാതൊരതരത്തിലുമുള്ള മുന്‍കരുതലുകളെടുക്കുന്നില്ല. അവര്‍ ആരുടെയോ നിര്‍ദ്ദേശത്തിന് കാത്തിരിക്കുകയാണ്. നല്ല ഉദ്യോഗസ്ഥര്‍ പോലും മാറിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാക്കിയിട്ട കോമാളികളായി ഒരുപറ്റം പോലീസുകാര്‍ മാറിയെന്നും ആഭ്യന്തരവകുപ്പ് സമ്പൂര്‍ണപരാജയമാണെന്നും അവതാരകന്‍ വിനു വി.ജോണ്‍ ആഞ്ഞടിച്ചു. അണികളെ ആവേശഭരിതരാക്കാന്‍ നേതാക്കള്‍ രാഷ്ട്രീയ ഇന്ധനം നല്‍കുകയാണെന്നും കണ്ണൂരിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണെന്നും അഡ്വ. എം.ആര്‍ അഭിലാഷ് ആരോപിച്ചു.പി.ജയരാജന്‍ കൊലവിളിയാണ് നടത്തിയതെന്നും ഗണേഷ് അങ്ങനെയല്ല പറഞ്ഞതെന്നും യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണന്‍ മനോരമ ന്യൂസിന്റെ കൗണ്ടര്‍പോയിന്റില്‍ ന്യായീകരിച്ചു. അവതാരകന്‍ അയ്യപ്പദാസ് അത് തള്ളിക്കളഞ്ഞു. നേരിട്ടുള്ള അക്രമത്തിന്റെ സൂചനയാണ് ഗണേഷ് നല്‍കിയതെന്നും സ്പീക്കര്‍ ഗണപതിയെ അവഹേളിച്ചതിന് തെളിവില്ലെന്നും വ്യക്തമാക്കി. സ്വന്തം മതം ഉദാത്തമെന്ന് പറയുന്ന ഷംസീര്‍ മറ്റ് മതങ്ങളെ കുറിച്ച് സഹിഷ്ണുതയോടെ പറയണമെന്ന് പ്രഫുല്‍ തിരിച്ചടിച്ചു. കര്‍ണന്‍ കൃത്രിമ ബീജസങ്കലത്തിലൂടെ ജനിച്ചതാണെന്നും ഗണപതിയുടെ മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണെന്നും വിമാനം ആദ്യം ഉണ്ടാക്കിയത് റൈറ്റ് സഹോദരന്മാരല്ലെന്നും ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിക്കുന്നത് എന്ത് ശാസ്ത്രീയ അടിസ്ഥാനത്തിലാണെന്ന് അയ്യപ്പദാസ് ചോദിച്ചു.
രാമായണത്തിലും മഹാഭാരത്തിലും വേദങ്ങളിലും പറഞ്ഞിട്ടുള്ള പല കാര്യങ്ങളും പിന്നീട് ശാസ്ത്രസത്യങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഭൂമി ഉരുണ്ടതാണെന്ന് ആദ്യം പറഞ്ഞത് ഭാരതീയനായ ജ്യോതിശാസ്ത്രഞ്ജന്‍ ആര്യഭടന്‍ ആണെന്നും വ്യക്തമാക്കി. അങ്ങനെ ഇരുവരും തങ്ങളുടെ നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.ഭരണവിരുദ്ധ വികാരം മറയ്ക്കാന്‍ ആര്‍.എസ്.എസ് നടപ്പാക്കുന്ന പല പദ്ധതികള്‍ കേരളത്തിലും നടത്താന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാരും ആ ശൈലി പിന്തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി മാതൃഭൂമി ചാനലിലെ ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചു. പക്ഷെ, ഷംസീറിന്റെ പ്രസംഗം സംബന്ധിച്ച് കൃത്യമായ നിലപാട് എടുത്തില്ല എന്നതും ശ്രദ്ധേയമായി. ചൂടേറിയ ചര്‍ച്ച നടത്തത് 24 ന്യൂസിലായിരുന്നു. അവതാരകന്‍ വേണു ബാലകൃഷ്ണന്‍ മൂന്ന് പാര്‍ട്ടികളുടെയും പ്രതിനിധികളെ ചോദ്യശരങ്ങള്‍ കൊണ്ട് ഉത്തരംമുട്ടിച്ചു. പലതിനും വ്യക്തമായ മറുപടി നല്‍കാന്‍ സി.പി.എമ്മിലെ വി.കെ സനോജിനോ, യുവമോര്‍ച്ചയിലെ ഗണേഷിനോ, കോണ്‍ഗ്രസിനെ ബി.ആര്‍.എം ഷെഫീറിനോ കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞത് പോലെ കാവിഭീകരതയാണോ എന്ന വേണുവിന്റെ ചോദ്യം ഗണേഷിനെ ചൊടിപ്പിച്ചു. കൊലവിളി നടത്തയിട്ടില്ലെന്നും സ്പീക്കര്‍ അക്രമത്തിനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നാണ് പറഞ്ഞതെന്നും ന്യായീകരിച്ചു. പ്രധാനമന്ത്രി ഭരണഘടനാവിരുദ്ധമായി പറഞ്ഞ കാര്യങ്ങള്‍ സ്പീക്കര്‍ പറയുകയല്ലേ ഉണ്ടായതെന്ന് വേണു ചോദിച്ചു. അങ്ങനെയെങ്കില്‍ സ്വര്‍ഗവും നരകവും തീരുമാനിക്കുന്നത് മലക്കുകളാണെന്ന് ഷംസീര്‍ മുമ്പ് പറഞ്ഞ വീഡിയോ ഉണ്ടെന്ന് ഗണേഷ്.
അതോടെ വേണു ഡി.വൈ.എഫ്.ഐ നേതാവ് സനോജിലേക്ക് തിരിഞ്ഞു. ഷംസീര്‍ മതവിശ്വാസിയാണോന്ന് ചോദിച്ചു. അത് ഷംസീറിനോട് ചോദിക്കണമെന്നായിരുന്നു മറുപടി. ഒരു സി.പി.എം നേതാവ് മതവിശ്വാസിയാണോ എന്ന ചോദ്യത്തിന് ഇത്തരത്തിലല്ല പ്രതികരിക്കേണ്ടതെന്ന് വേണു. സി.പി.എം എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത്. അങ്ങനെയല്ലെന്നും ഷംസീര്‍ മുസ്‌ലിം നാമധാരിയും ആ വിഭാഗത്തില്‍ പെട്ടയാളും ആയത് കൊണ്ട് വേട്ടയാടുന്നു എന്നും സനോജ് നിലപാട് വ്യക്തമാക്കി. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി അടക്കമുള്ള പ്രധാനനേതാക്കളുടെ മൗനം ബി.ജെ.പി ഊര്‍ജ്ജമാക്കിയെന്നും സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനോട് സ്‌നേഹവും ഷംസീറിനെതിരെ കൊലവിളിയും ബി.ജെ.പി നടത്തുന്നത് ശരിയല്ലെന്നും വേണു ചൂണ്ടിക്കാട്ടി. മറ്റ് മതങ്ങളെ കുറിച്ച് പറയുമ്പോള്‍ ഷംസീര്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നെന്ന അഴകൊഴമ്പന്‍ നിലപാടാണ് കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം ഷെഫീഖ് സ്വീകരിച്ചത്. ശാസ്ത്രവും വിശ്വാസവും കൂട്ടിക്കുഴയ്ക്കുന്നത് ശരിയാണോ എന്ന ബാലിശമായ ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
സ്പീക്കര്‍ ഭക്തജനസംഘത്തോടല്ല സംസാരിച്ചതെന്ന വേണുവിന്റെ മറുപടിയില്‍ ഷെഫീര്‍ ഇളിഭ്യനായി.ഭരണഘടനാ പദവിയിലിരിക്കുന്ന ഷംസീര്‍ ശാസ്ത്ര അവബോധത്തെ കുറിച്ചാണ് സംസാരിച്ചത്. അതില്‍ മതവിദ്വേഷമില്ലെന്ന് വ്യക്തമാണ്. എന്നാല്‍ ഹിന്ദുമതത്തെ മാത്രം അതിന് തെരഞ്ഞെടുത്തു. എല്ലാ മതങ്ങളിലെയും മിത്തുകളെ കുറിച്ച് സംസാരിച്ചിരുന്നെങ്കില്‍ മറ്റുള്ളവരുടെ ചൂണ്ടക്കൊളുത്തില്‍ വീഴേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല. സ്പീക്കറുടെ ഭാഗത്ത് തെറ്റില്ലെന്ന് അറിഞ്ഞിട്ടും സര്‍ക്കാരും സി.പി.എമ്മും കോണ്‍ഗ്രസും മറ്റ് മതേതരകക്ഷികളും സ്വീകരിക്കുന്ന മൗനം ജനാധിപത്യകേരളത്തിന് അപകടമാണ്.
https://www.facebook.com/Malayalivartha
























