ജനതാദള്‍ യുണൈറ്റഡ് പിളര്‍പ്പിലേക്ക്: യു.ഡി.എഫ്. വിടാനൊരുങ്ങി വീരേന്ദ്രകുമാര്‍; തുടരാനുറച്ച് കെ.പി. മോഹനന്‍

ജനതാദള്‍ യുണൈറ്റഡ് പിളര്‍പ്പിലേക്ക് നീങ്ങുന്നു. ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ വീരേന്ദ്രകുമാറിനൊപ്പം എല്‍ഡിഎഫിലേക്കില്ലന്നുറച്ചാണ് മന്ത്രി കെ പി മോഹനന്റെ നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറും മന്ത്രി കെ.പി. മോഹനനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നു. യു.ഡി.എഫ്. വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റിനുവേണ്ടി പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ബലികൊടുക്കില്ലെന്നു വീരേന്ദ്രകുമാര്‍ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ നിലവില്‍ യു.ഡി.എഫ്. ബന്ധം ഉപേക്ഷിക്കേണ്ട സാഹചര്യം ഇല്ലെന്നും സി.പി.എം. നിലപാടു മാറ്റാത്ത സാഹചര്യത്തില്‍ മുന്നണി വിടുന്നതില്‍ കാര്യമില്ലെന്നുമാണു മന്ത്രി മോഹനന്‍ അഭിപ്രായപ്പെട്ടത്.
ഈ മാസം പതിനെട്ടിനു കോഴിക്കോട്ടു നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ മുന്നോടിയായി ചേര്‍ന്ന ജില്ലാകൗണ്‍സില്‍ യോഗത്തിലാണ് മുന്നണി ബന്ധം സംബന്ധിച്ച നേതാക്കളുടെ അഭിപ്രായഭിന്നത മറനീക്കിയത്. ഇരു നേതാക്കളുടെയും പക്ഷംപിടിച്ചു മുന്നണി വിടണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായം കൗണ്‍സില്‍ അംഗങ്ങളുടെ ചര്‍ച്ചയില്‍ ഉയര്‍ന്നു.
യു.ഡി.എഫ് വിടണമെന്ന് അഭിപ്രായപ്പെട്ടവര്‍ക്കു അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് കൂടുതല്‍ സമയം അനുവദിക്കാത്തതു ബഹളത്തിനിടയാക്കി.സ്ഥാനമല്ല പാര്‍ട്ടിയാണു തനിക്കു വലുതെന്നു യോഗത്തില്‍ വീരേന്ദ്രകുമാര്‍ പറഞ്ഞു. പാര്‍ട്ടി നിലനില്‍ക്കണോ എന്നതാണു പ്രശ്‌നം. യു.ഡി.എഫുമായുള്ള ബന്ധത്തില്‍ പാര്‍ട്ടിക്കു നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ കാലുവാരി തോല്‍പിച്ചു. യു.ഡി.എഫ് ബന്ധത്തില്‍ പാര്‍ട്ടി മെലിഞ്ഞു. എല്ലാ കാര്യങ്ങളും പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ണയമെന്നും വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.
മന്ത്രി കെ.പി. മോഹനന്റെ ചേരിയില്‍ നില്‍ക്കുന്ന ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ പേരെടുത്തു പറയാതെ വീരേന്ദ്രകുമാര്‍ വിമര്‍ശിക്കുകയും ചെയ്തു. ഏറാമല സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നത് മനയത്ത് ചന്ദ്രനാണ്. എം.കെ. പ്രേംനാഥ് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ആയിരിക്കെ നിയമസഭയിലേക്കു മത്സരിച്ചത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ്. ഒരാള്‍ക്കു ഒരു സ്ഥാനം മതിയെന്ന തീരുമാനമുള്ളതുകൊണ്ടായിരുന്നു രാജി. എന്നാല്‍ ഇന്നു ചിലര്‍ രണ്ടില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു. ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ മാതൃക കാണിച്ചില്ലന്നും പാര്‍ട്ടിലെ ഭിന്നത സംബന്ധിച്ചുള്ള പത്രവാര്‍ത്ത വാട്‌സ്ആപ്പിലൂടെ ചിലര്‍ പ്രചരിപ്പിച്ചത് അച്ചടക്കലംഘനമാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തൊഴുത്തില്‍ കുത്തും പാരവയ്പുമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണു യോഗത്തില്‍ പ്രസംഗിച്ച മന്ത്രി കെ.പി. മോഹനന്‍ അഭിപ്രായപ്പെട്ടത്. അത് അവസാനിപ്പിച്ചാല്‍ എല്ലാം തീരുമെന്നും മന്ത്രി പറഞ്ഞു.
യു.ഡി.എഫുമായുള്ള ബന്ധം തുടരണമെന്നാണു കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടത്. വടകരയില്‍ നിന്നുള്ള ഒരു വിഭാഗം യു.ഡി.എഫ് വിടണമെന്ന് അഭിപ്രായപ്പെട്ടു. കുന്ദമംഗലം, ബാലുശ്ശേരി, കുടരഞ്ഞി ഭാഗങ്ങളില്‍നിന്നു സംസാരിച്ചവരും ഇതേ വികാരമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ചില അംഗങ്ങള്‍ നിലവിലുള്ള ബന്ധം തുടരണമെന്നു വാദിച്ചു. യോഗം തീരുംമുമ്പുതന്നെ സ്ഥലംവിട്ട മന്ത്രി കെ.പി.മോഹനന്‍ മാധ്യമങ്ങളോടു സംസാരിക്കാന്‍ തയാറായില്ല.
സംഘടനാപരമായ പ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമായാണ് ജില്ലാ കൗണ്‍സിലുകള്‍ ചേരുന്നതെന്നു വീരേന്ദ്രകുമാര്‍ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha