മകൻ അരുൺകുമാറോ അദ്ദേഹത്തിന്റെ അമ്മയോ നിർദ്ദേശിക്കുന്നത് വരെ വി എസിനെ വെന്റിലേറ്ററിൽ നിന്നും നീക്കരുതെന്ന് സി പി എം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ ആരോഗ്യമന്ത്രി വീണാ ജോർജിന് നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണമാണ് പാർട്ടിസെക്രട്ടറി മന്ത്രിയെ ഇക്കാര്യം അറിയിച്ചത്.കോടിയേരിയുടെ മൃതദേഹത്തോട് പിണറായി നീതികേട് കാണിച്ചു എന്ന ആരോപണം നിലനിൽക്കെ വി എസിനോടും നീതികേട് കാണിച്ചെന്ന പരാതി ഉണ്ടാകരുതെന്ന് പിണറായി അറിയിച്ചതായി പാർട്ടി സെക്രട്ടറി മന്ത്രിയെ ധരിപ്പിച്ചു. ചലനമില്ലാത്ത വി എസിനെ പോലും പിണറായി ഭയപ്പെടുന്ന കാഴ്ചയാണ് നിലവിലുള്ളത്.അതിനിടെ വി എസിനെ പിണറായി അപമാനിച്ചെന്ന രീതിയിൽ പഴയ വി എസ് ഗ്രൂപ്പ് സാമൂഹികമാധ്യമയുദ്ധം ആരംഭിച്ചുകഴിഞ്ഞു.
കോടിയേരിയുടെ കുടുംബത്തിന് പുറമെ വി എസിന്റെ കുടുംബവും സർക്കാരിനെ തിരെ രംഗത്തിറങ്ങുമോ എന്ന ഭയമാണ് പിണറായിക്കുള്ളത്. എങ്കിൽ തിരഞ്ഞടുപ്പ് വർഷത്തിൽ സർക്കാർ വലിയ പ്രതിസന്ധിയിലാവും.വി എസിന്റെ മകനാകട്ടെ അദ്ദേഹം ഇപ്പോഴും മടങ്ങി വരുമെന്ന പ്രതീക്ഷയാണുള്ളത്.അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും നീക്കാൻ സർക്കാർ നിർദ്ദേശം നൽകിയാൽ ആരുൺ തീർച്ചയായും പ്രകോപിതനാവും. അതാണ് സർക്കാർ ഭയക്കുന്നത്.
ഇനി വി എസിന്റെ ഉത്തമശിഷ്യൻ ജി ശക്തിധരന്റെ എഫ് ബി പോസ്റ് വായിക്കാം.
സിപിഎമ്മിൽ സമസ്ത അധികാരവും കയ്യടക്കി വെച്ച് തിരുവായ്ക്ക് എതിർവായ് ഇല്ലെന്ന സ്ഥിതി വരുത്തി വെച്ചിരിക്കുന്ന ഒരു നേതാവിന്റെ ദയാദാക്ഷണ്യത്തിൽ ആണ് അതിന്റെ സ്ഥാപക നേതാവ് മരണവുമായി മല്ലിട്ടു കഴിയുന്നതെന്ന് ജനങ്ങൾ അറിയുന്നുണ്ടോ? സിപിഎം ഏറ്റവും ഒടുവിൽ നടന്ന പാർട്ടി കോൺഗ്രസിലും അദ്ദേഹത്തെ മൂച്ചൂടും തഴഞ്ഞെങ്കിലും പിന്നീട് ഉയർന്ന മുറുമുറിപ്പിനെ തുടർന്നാണ് അദ്ദേഹത്തെ സംസ്ഥാന കമ്മറ്റിയിൽ പ്രതിഷ്ഠിക്കാൻ നിർബന്ധിതമായത്. കേരളത്തിലെ ഏഴകൾക്ക് വേണ്ടി, നിരാലംബർക്ക് വേണ്ടി ഭീകരമർദ്ദനങ്ങൾ അനുഭവിച്ച ഒരു അതികായന്റെ അന്ത്യ നിമിഷങ്ങൾ എങ്ങിനെയാണ് കടന്ന് പൊയ്കകൊണ്ടിരിക്കുന്നതെന്ന് കേരളമേ കണ്ണ് തുറന്ന് കാണൂ. ഇതാണ് കമ്മ്യൂണിസത്തിലെ രാഷ്ട്രീയ പക.
എല്ലാ പാർട്ടികൾക്കും ജന്മസിദ്ധമാണ് ഈ പക.
വി എസ് പൂർണ്ണ ആരോഗ്യത്തോടെ ഇരുന്നപ്പോൾ അദ്ദേഹത്തോടുള്ള അനിഷ്ടം പ്രകടിപ്പിക്കാൻ കൊല്ലാക്കൊല ചെയ്തും നിന്ദിച്ചും പുലഭ്യം വിളിച്ചും സ്ഥാനർതിത്വം നിഷേധിച്ചും അടിക്കടി തരംതാഴ്ത്തിയും ആവുന്നിടത്തോളം ക്രൂശിച്ചു. കൊക്കിൽ ജീവനുള്ളിടത്തോളം കാലo മുതലാ ളിത്തത്തിനും അതിന്റെ വൈതാളികർക്കും മുന്നിൽ മുട്ടുമടക്കില്ലെന്ന് കാണിച്ചു അവസാന നിനിഷവും പൊരുതുകയാണ് വി എസ്.
കഴിഞ്ഞ മാസം 23 ന് ആണ് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ മുഖ്യമന്ത്രി ആശുപത്രിയിൽ എത്തിയത് ഒറ്റതവണയാണ്. എന്തൊരു മഹാമനസ്കത! ഇങ്ങിനെയൊരു മുഖ്യമന്ത്രിയെ ഓർത്ത് കേരളം കരയണോ ലജ്ജിക്കണോ?
ഇതെപോലെയാണ് അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിക്കപ്പെട്ട എകെജിയുടെ മനസിന് ബലം കൊടുക്കാൻ ജനങ്ങൾ ഓരോ ദിവസവും ആശുപത്രിയിലേക്ക് കുതിച്ചത്!
ഒരു വിപ്ലവ പാർട്ടിക്ക് ജന്മം നല്കിയതിൽ ജീവിച്ചിരിക്കുന്ന ഏക നേതാവിന്റെ ആയുസ്സിന്റെ അന്ത്യനിമിഷങ്ങളിലൂടെയാണ് കേരളം കടന്നു പൊയ്കക്കൊ ണ്ടിരിക്കുകയാണെന്ന് മെഡിക്കൽബുള്ളറ്റിനുകൾ പറയുന്നു. അടുത്ത ബുള്ളറ്റിന് രാവിലെ 11 മണിക്ക് ഇറങ്ങുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുകയാണ്. അതിലൂടെയുള്ള ഏതാനും വരി അറിയിപ്പാണ് ജനങ്ങളുടെ ഏക ആശ്രയം.
പാർട്ടി കാരണ ഭൂതന്നെ പേടിച്ചു മൌനത്തിലാണ് പാർട്ടി അണികൾ. . ആ റോഡ് വഴി ലോക്കൽ കമ്മിറ്റി അംഗങ്ങൾ പോലും യാത്ര മുടക്കിയിരിക്കുകയാണ്. കാരണഭൂതന്റെ ശിങ്കിടികൾ ആരുടെയെങ്കിലും കണ്ണിൽപ്പെട്ടാൽ അയാളുടെ കഥകഴിയും. ആയി രക്കണക്കിന് പാർട്ടി ബ്രാഞ്ചുകൾ ഉള്ള ഈ പ്രദേശത്ത് വി എ സിനോട് മമതയുള്ള അയ്യായിരം പേരെ കിട്ടാൻ പാർട്ടിക്ക് എത്ര സമയം വേണം?പാർട്ടി കെട്ടിപ്പടുത്ത ഒരു നേതാവിന്റെ അന്ത്യമണിക്കൂർ കടന്നുപോകുമ്പോൾ ഒപ്പം നില്ക്കാൻ സംസ്ഥാന സെക്രട്ടറിക്ക് കടമയില്ലേ? അതിനീചയായ കേസിലെ പ്രതിയായ പി പി ദിവ്യയെ ജയിലിൽ നിന്ന് ഇറക്കി ആനയിക്കൻ ഭാര്യാ സമേതം എത്തിയ ഈ സെക്രട്ടറിക്ക് വി എസിനോട് ഇങ്ങിനെ കാണിക്കാൻ. എങ്ങിനെ കഴിയുന്നു, ഒരു സംസ്ഥാന സെക്രട്ടറിയത്രേ?
സ്വന്തമായി പത്രങ്ങളും ചാനലുകളും ഉള്ള സിപിഎമ്മിന് ഈ പാർട്ടി സ്ഥാപിച്ച നേതാവിനോട് ഇത്രയും കടപ്പാടേ ഉള്ളോ?അഞ്ചുലക്ഷത്തോളം അംഗങ്ങൾ ഉള്ള പാർട്ടിയിൽ ഒരില അനങ്ങിയ അനുഭവം പോലും കാണാത്തത് എന്തുകൊണ്ടാണ്?
വി എസിന്റെ അന്ത്യയാത്ര ഉണ്ടായാൽ അത് എത്ര പരിമിതമായിരിക്കണം എന്ന് കർക്കശമായി തീട്ടൂരം നല്കിയിരിക്കുന്നത് ആരാണ്? വി എസിനോടുള്ള പക തീർക്കാൻ നേതാക്കൾ ഓരോ അപരാധങ്ങളിൽ കുടുങ്ങിയ നേതാക്കൾ ഈ സമയത്തെ ഉപയോഗിക്കുകയാണ്. വി എസിനോടുള്ള സ്നേഹ വാൽസ്യങ്ങൾ പ്രകടിപ്പിക്കാൻ നേരിട്ട് കാണാൻ അവസരം അനുവദിക്കാനായില്ലെങ്കിലും ആ മണ്ണിലെങ്കിലും ചവിട്ടി നിന്ന് സായൂജ്യമടയാൻ ഏഴകൾക്ക് ഒരവസരം കൊടുക്കണ്ടേ? ഇപ്പോൾ കാട്ടുന്ന അവഗണന മനുഷ്യത്ത ഹീനമല്ലേ? കേരളത്തിലെ തെരുവുകളിൽ വിജൃംഭിച്ചു നിന്ന പേരല്ലേ വി എസ് എന്ന ദ്വയാക്ഷരി?
വി എസ് ന് തൊണ്ട പൊട്ടുമാർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് വളർന്ന തലമുറ എവിടെയാണ് ഒളിച്ചിരിക്കുന്നത്?.അവരെ എന്തുകൊണ്ടാണ് തിരശീലയ്ക്ക് പിന്നിൽ നിർത്തിയിക്കുന്നത്? ഇങ്ങിനെ ഒരവസ്ഥ കേരളം പ്രതീക്ഷിച്ചതാണോ? പിണറായി വിജയന്റെ ഹുങ്കിനെയാണോ കേരളം ഭയക്കുന്നത്?
വി എസ് സംസ്ഥാനകമ്മിറ്റി അംഗമെന്നല്ലേ വെപ്പ്. അതുവല്ലതും ആശുപതി വരാന്ത എങ്കിലും സന്ദർശിക്കുന്ന ആർക്കെങ്കിലും തോന്നുമോ? വി എസിനെ ഇങ്ങിനെ തമസ്ക്കരിക്കാമോ? ഒരു ലോക്കൽ കമ്മിറ്റി അംഗത്തിന്റ്റെ കുടുംബാംഗങ്ങൾ ആരെങ്കിലുമായിരുന്നു ആശുപത്രിയിൽ കിടന്നിരുന്നെങ്കിൽ ഇതായിരുന്നോ പാർട്ടിയിലെ അവസ്ഥ?
വിദഗ്ദഡോക്റ്റർമാർ യഥാസമയം മുന്നറിയിപ്പ് നല്കിയിട്ടും പാർട്ടി അതിൽ ഒരു ഉത്ക്കണ്ടയും കാണിക്കാത്തത് എന്തുകൊണ്ടാണ്. ഈ പാർട്ടിക്കുവേണ്ടി ഒരു പുരുഷായുസ് മുഷുവൻ പോരാടി കേരളത്തെ ഏഴകളുടെ സ്വർഗമായി മാറ്റാൻ ശ്രമിച്ച വിഎസിന് ഇത്ര പരിഗണനയെ അർ ഹിക്കുന്നുള്ളോ നൃശംസാ? ഇതെന്താ കലികാലമോ?
ഇന്നലെ രാവിലെ ശക്തിധരൻ എഴുതിയ പോസ്റ്റ് വൈറലാകാൻ നിമിഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളു. കാരണം വി എസിനെ സ്നേഹിക്കുന്ന അത്രയേറെ ആളുകൾ കേരളത്തിലുണ്ട്. മുദ്രാവാക്യത്തിൽപറയുന്നതു പോലെ അവർക്ക് കണ്ണും കാതും കരളുമാണ് വി എസ്. അവരിൽ ഭൂരിപക്ഷവും പിണറായിയുടെ ശത്രുക്കളാണ്. എന്നാൽ രോഗകിടക്കയിലും വി എസ് തന്നെ വെറുതെ വിടുന്നില്ലെന്ന തോന്നലിലാണ് പിണറായിയുള്ളത്. വി എസ് മാത്രമാണ് ആശുപത്രിയിൽ. ടീം വി എസ് ആശുപത്രിക്ക് പുറത്തിരുന്ന് കരുക്കൾ നീക്കുന്നത് പിണറായിക്ക് അറിയാം. ശക്തിധരന്റെ കുറിപ്പുകൾ വൈറലാക്കുന്നത് ഇവരാണ് . അതിനാൽ സൂക്ഷിച്ച് മാത്രം ചുവടുവയ്ക്കാനാണ് പിണറായിയുടെ തീരുമാനം. ഇല്ലെങ്കിൽ തന്റെ തീരുമാനങ്ങൾ പാളുമെന്ന് പിണറായി മനസിലാക്കുന്നു. അരുൺ കുമാറും ബിനീഷ് കോടിയേരിയുമെല്ലാം തനിക്കെതിരാവുന്ന നാളുകൾ വിദൂരത്തിലല്ലെന്ന് പിണറായി മനസിലാക്കുന്നു. അത്രയേറെ ഭയം പിണറായിക്കുണ്ട്.
മാന്യമായ മരണം വി.എസ്. അർഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ പിണറായിക്ക് തർക്കമൊന്നുമില്ല.അദ്ദേഹത്തെ സ്വസ്ഥമായി മരിക്കാൻ അനുവദിക്കണമെന്ന് പിണറായി കരുതുന്നു. പക്ഷേ മകന്റെ പ്രതീക്ഷ പിണറായിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് വിധി കുടുംബത്തിന് വിട്ടു നൽകാൻ പിണറായി തീരുമാനിച്ചത്. കുടുംബം തീരുമാനിക്കുന്നത് പോലെ സർക്കാർപ്രവർത്തിക്കും.
വാർധക്യത്തിൽ വി.എസിന്റെ മനസ് ആശങ്കാകുലമായിരുന്നു. സി പി എം എന്ന പാർട്ടി ഇല്ലാതാകുന്ന കാഴ്ച വിഎസ് അറിയുന്നുണ്ടാവണം.അതിനെ ഇല്ലാതാക്കിയവരുടെ പതനം കാണാനാവണം വിഎസ് കാത്തിരിക്കുന്നത്. 2016 ൽ വി.എസിനെ മുന്നിൽ നിർത്തിയതാണ് പിണറായി അധികാരത്തിലെത്തിയത്. എന്നാൽ അധികാരം കിട്ടിയതോടെ വി എസിനെ തഴഞ്ഞു.അദ്ദേഹം രോഗ കിടക്കയിലായി.
ഇതുപോലെയുള്ള വി എസുമാർ സി.പി. എമ്മിൽ കുറവാണ്. കൂടുതൽ വി എസുമാർ ഉണ്ടാകാനാണ് സാധാരണ പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ പാർട്ടി ബംഗാളിന് സമാനമാകുമെന്നും അവർ കരുതുന്നു. ഏതുകാലത്തും കർക്കശമായ ചെലവ് വരവ് കണക്കുകൾ സൂക്ഷിക്കുന്ന പാർട്ടിയായിരുന്നു സി.പി.എം. . വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്ററിൽ മടങ്ങിയെത്തിയപാടെ വിഎസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നതിനെ കുറിച്ച് പത്രപ്രവർത്തകനായ ജി. ശക്തിധരൻ എഴുതിയിട്ടുണ്ട്. ശക്തിധരൻ തുടർന്നു: രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയൽറ്റിയായി പുസ്തക പബ്ലിഷറിൽ നിന്ന് കിട്ടിയപ്പോൾ അതേപടി കത്തെഴുതി എകെജി സെന്ററിൽ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്.അതൊക്കെയാണ് കമ്യുണിസ്റ്റ്കാരുടെ ജീവിതം. അതുകൊണ്ടാണ് വിഎസ് ,വിഎസ് ആയത് . വീട്ടിൽ കോടീശ്വരനായ ഒരു അതിഥി വന്നാൽ സ്വന്തം കുടുംബത്തെ എവിടെ നിർത്തണമെന്ന് വിഎസ്സിന് അറിയാമായിരുന്നു. വിഎസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടിൽ എത്തിച്ചിട്ടില്ല''.
വി എസിൻ്റെ വിശ്വസ്തനായിരുന്നു ശക്തിധരൻ.ദേശാഭിമാനി ലേഖകനായിരിക്കെ അദ്ദേഹം വിഎസ് പറയുന്നത് അനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. ഒരു തികഞ്ഞ പാർട്ടികാരനാണ് ശക്തിധരൻ.
ഇതഃപര്യന്തം പാർട്ടിയെ നയിച്ചവരുടെ ത്യാഗങ്ങൾ , ജീവൻ ബലിയർപ്പിച്ചവർ. വർഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടിൽ കഴിഞ്ഞവർ അവരുടെയെല്ലാം അർപ്പണബോധത്തിനുമുന്നിൽ ഈ അശുപോലുള്ള ഞാൻ ഒന്നുമല്ല. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാർ, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തിൽ തുടർഭരണം എന്ന മിഥ്യയുടെ ഇലകൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു നിമിഷം പിന്നിലേക്ക് നോക്കൂ. ഭൂമുഖത്തെ 70 വർഷത്തെ തുടർഭരണം എന്നെന്നേക്കുമായി ഭൂമിയിൽ നിന്ന് മാഞ്ഞുപോയപ്പോൾ ആകെ ശബ്‍ദം ഉണ്ടായത് ഒരു പൂച്ച ലെനിൻഗ്രാഡിലൂടെ കടന്നുപോയത്ര നിശബ്ദമായിട്ടായിരുന്നു.എന്നാൽ അതിലും വലിയശബ്ദം ചിലപ്പോൾ മോസ്കോയിലെ പുരാവസ്തു ശേഖരങ്ങൾ ഗോർബച്ചേവ് ലോകത്തിന് മുന്നിൽ തുറന്നുവെച്ചപ്പോൾ കേട്ടിട്ടുണ്ടാകും. ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. ഇതാണ് ശക്തിയുടെ ന്യായം.
വി.എസ്.അച്ചുതാനന്ദൻ തന്നെ ഇപ്പോഴും നിഴൽ പോലെ പിന്തുടരുന്നതായി പിണറായി വിജയൻ കരുതുന്നു. വി.എസിന് ഓർമ്മയില്ലെങ്കിലും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ ഇന്നും സജീവമാണ്.കെ.എം.ഷാജഹാന് ശേഷമാണ് ശക്തിധരൻ പിണറായിക്കെ
തിരെ രംഗത്തെത്തുന്നത്. ശക്തിധരൻെറ വാക്കുകൾക്ക് കാരിരുമ്പിൻെ ശക്തിയാണ്.ശക്തിധരനെ കേരളം കണ്ണടച്ച് വിശ്വസിക്കുന്നു എന്ന സംശയം പിണറായിക്ക് അറിയാം. ഇത് മറികടക്കുക എളുപ്പമല്ലെന്നും പിണറായി വിശ്വസിക്കുന്നു. .ഇവർക്കെല്ലാം ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. അത് പിണറായിയാണ്.
തന്റെ ശതുക്കൾ ആരാണെന്ന് വി എസിന് അറിയാമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. എന്നാൽ പിണറായിക്ക് തന്റെ ശുതുക്കളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. കൊല്ലം, ആലപ്പുഴ ജില്ലാ സമ്മേളനങ്ങളിൽ വിമത ശബ്ദങ്ങളാണ് ഉയർന്നു കേട്ടത്. സുധാകരനും തോമസ് ഐസക്കുമൊക്കെ കാത്തിരിക്കുന്നത് പിണറായി യുഗത്തിന്റെ അന്ത്യമാണ്.പ്രായത്തിന്റെ പേരിൽ തന്നെ വെട്ടിയവർ അതേ ആനുകൂല്യം പിണറായിക്ക് നൽകുമ്പോൾ സുധാകരൻമാരുടെ കണ്ഠമിടറാതിരിക്കുന്നത് എങ്ങനെയാണ്? അതാണ് പിണറായിയെ കാത്തിരിക്കുന്ന ദുരന്തം. അതുകൊണ്ടു തന്നെ വെന്റിലേറ്ററിന്റെ വയറൂരാൻ പിണറായി തയ്യാറല്ല.