എയ്ഞ്ചലിന്റെ കൊലപാതകത്തിന് പിന്നില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി കറക്കം

ആലപ്പുഴയില്‍ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ഫ്രാന്‍സിസിനെ തെളിവെടുപ്പിനായി പൊലീസ് വീട്ടിലെത്തിച്ചു. തെളിവെടുപ്പിലുടനീളം ശാന്തനായാണ് ഫ്രാന്‍സിസ് പെരുമാറിയത്. എയ്ഞ്ചല്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് രാത്രി പുറത്തേക്ക് പോയിരുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണ് പതിവെന്നും ഇവര്‍ പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് എയ്ഞ്ചല്‍ പുറത്തേക്കു പോയിരുന്നത്. ഇതിനു മുന്‍പും ഫ്രാന്‍സിസ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തില്‍ വിലക്കിയിരുന്നുവെന്നാണ് വിവരം.
നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ഫ്രാന്‍സിസിനോട് സംസാരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാന്‍സിസ് എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ടു മുറുക്കി. ഫ്രാന്‍സിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.
അതിനിടെ, എയ്ഞ്ചലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോര്‍ത്ത് കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള ഷെഡിനു മുകളില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു തോര്‍ത്ത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മ ജെസി മോളെയും അമ്മാവന്‍ അലോഷ്യസിനെയും പ്രതി ചേര്‍ക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണ് കുറ്റം. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നു പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. ഇരുവരും ഇപ്പോള്‍ മണ്ണഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ്.
എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളില്‍ത്തന്നെ ഇരുന്നു. പുലര്‍ച്ചെ ആറിന് എയ്ഞ്ചലിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞു ഇവര്‍ കരഞ്ഞതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളോട് മകള്‍ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. ഇന്നലെ രാത്രി മണ്ണഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ ഓരോരുത്തരെ പ്രത്യേകം ചോദ്യം ചെയ്തു.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനായ എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്‌കൂട്ടറുമായി പുറത്ത് പോകാറുള്ള എയ്ഞ്ചല്‍ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോര്‍ത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാന്‍സിസ് പൊലീസിനു നല്‍കിയ മൊഴി.
https://www.facebook.com/Malayalivartha