രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

കുറച്ചു ദിവസമായിട്ട് ഉയർന്നു കേൾക്കുന്ന ഒരു പേരാണ് ഡി ജി പി റവാഡ ചന്ദ്രശേഖർ . സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖർ സ്ഥാനമേറ്റിരിക്കുന്നത് . കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയിൽ 15 വർഷത്തെ അനുഭവസമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ കേരള പോലീസ് സേനയുടെ തലപ്പത്തേക്കെത്തുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽനിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നുവെന്ന പ്രത്യേകതയും ഈ സ്ഥാനാരോഹണത്തിനുണ്ട്.
സംസ്ഥാനത്തെ നാൽപത്തിയൊന്നാമത്തെ ഡിജിപിയായ റവാഡ ചന്ദ്രശേഖർ വരുമ്പോൾ ഇതുവരെയില്ലാത്ത ചർച്ചകൾ ഇവിടെ നടക്കുകയാണ് . കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് ആണ് റവാഡ ചന്ദ്രശേഖർ ആരോപണ നിഴലിലായത് . മാസങ്ങളോളം അദ്ദേഹത്തിനെതിരെ സിപിഎം ഉപരോധസമരങ്ങൾ നടത്തി. റവാഡ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ കാലന്മാർ എന്നായിരുന്നു പൊതുയോഗങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. കേസിൽ റവാഡയെയും പ്രതിചേർത്ത് കൊലക്കുറ്റം ചുമത്തിയെങ്കിലും പിന്നീട് 2012-ൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിർവഹണത്തിലായിരുന്നെന്നും നിരീക്ഷിച്ചാണ് കോടതി മറ്റു പ്രതികളെ ഉൾപ്പെടെ കുറ്റവിമുക്തരാക്കിയത്.കൂത്തുപ്പറമ്പ് വെടിവെപ്പിന് കാരണക്കാരിൽ ഒരാളായ എം.വി. രാഘവന്റെപാർട്ടിയിലെ ഒരുവിഭാഗവും അദ്ദേഹത്തിന്റെ മകനും ഇടതുപക്ഷത്തിന്റെ ഭാഗമാകുന്ന കാലത്താണ് റവാഡയുടെ നിയമനവും വരുന്നത്. കൂത്തുപറമ്പ് വിഷയത്തിൽ സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടേണ്ടി വന്ന റവാഡ ചന്ദ്രശേഖർ, കാലങ്ങൾക്ക് ശേഷം സിപിഎം സർക്കാരിന്റെ കാലത്തുതന്നെ പോലീസ് മേധാവി സ്ഥാനത്തേക്ക് വരുന്നു എന്നത് കൗതുകകരമായ കാര്യമാണ്.
റവാഡയോട് സിപിഎമ്മിന് അനിഷ്ടമില്ല എന്ന ഒരു പ്രഖ്യാപനം കൂടിയായാണ് നിയമനം വിലയിരുത്തപ്പെടുന്നത്. എന്നാൽ നിയമനം സംബന്ധിച്ച് സിപിഎമ്മിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്.ഇത് തന്നെയാണ് ഇവിടെ ഈ പേര് ഒരു ചർച്ച വിഷയം ആയതും . ഇനിയങ്ങോട്ട് എന്തൊക്കെ ഉണ്ടാകും എന്നുള്ളത് നേരിട്ട് തന്നെ കാണാം . അതിനിടയിൽ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ രാജ്ഭവനിൽ ഗവർണർ ആർ.വി. ആർലേക്കറുമായി ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതിൽ ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. പൊലീസ് മേധാവിയായശേഷമുള്ള
സൗഹൃദസന്ദർശനമായിരുന്നു. അതേസമയം, ശുപാർശയില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ ഗവർണർ കടുത്ത അതൃപ്തിയറിയിച്ചു. രാജ്ഭവൻ ശുപാർശ ചെയ്യുന്ന പൊലീസുകാരെയേ നിയമിക്കാവൂ എന്നും നിർദ്ദേശിച്ചു.കേരള സർവകലാശാലയിലെ ചടങ്ങിൽ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള സംഘർഷവും ചർച്ചാവിഷയമായി.ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച കൂടിക്കാഴ്ച 6.25വരെ നീണ്ടു. ഗവർണർ ഡി.ജി.പിയെ പൂച്ചെണ്ടു നൽകിയും ഷാളണിയിച്ചുമാണ് സ്വീകരിച്ചത്.
ഗവർണർ ആവശ്യപ്പെട്ടത് പ്രകാരം രാജ്ഭവനിൽ നിയമിച്ച 6 പൊലീസുദ്യോഗസ്ഥരെ 24മണിക്കൂറിനകം സ്ഥലംമാറ്റിയിരുന്നു. ആറ് ഒഴിവുകളിലേക്കും രാജ്ഭവൻ നൽകുന്ന പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്തണമെന്നും ഗവർണർ നിർദ്ദേശിച്ചു.രാജ്ഭവൻ നൽകിയ പൊലീസുകാരുടെ പട്ടിക പ്രകാരം രാജ്‌ഭവൻ സുരക്ഷയ്ക്കായി പൊലീസുകാരെ വിന്യസിച്ച തീരുമാനം ഇറങ്ങി ഒരു മണിക്കൂറിനുള്ളിൽ സർക്കാർ ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. ഈ തീരുമാനത്തിൽ ഗവർണർക്ക് കടുത്ത നീരസമുണ്ട്.
പുതിയ പൊലീസ് മേധാവിയെ ഗവർണർ ഈ നീരസം അറിയിച്ചെന്നാണ് വിവരം.അതുകൂടാതെ കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കയാണ്. ഇതുവരെ ശീതസമരമായി നിന്ന സംഭവം ഒരു സസ്‌പെന്‍ഷനോടെ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കയാണ്. വിസിയാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെങ്കിലും പിന്നില്‍ ഗവര്‍ണര്‍ ആര്‍ലേക്കറുടെ പങ്ക് വ്യക്തമാണ്. ഇതോടെ സിപിഎം യുവജന സംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha